ബിഗ് ബോസ് വിന്നറായി സാധാരണക്കാരുടെ പ്രതിനിധി; പിന്നാലെ ആരാധകരുടെ കലാപം, 6 ബസുകളും കാറുകളും തകര്‍ത്തു

നിരവധി കാഴ്ച്ചക്കാരുള്ള ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഇപ്പോഴിതാ തെലുങ്ക് ഷോയെ കുറിച്ചുള്ള ഒരു വിവരമാണ് പുറത്തെത്തുന്നത്. ബിഗ് ബോസ് തെലുങ്ക് സീസണ്‍ 7ല്‍ സാധാരണക്കാരുടെ പ്രതിനിധിയായി എത്തിയ പല്ലവി പ്രശാന്ത് വിജയിയായിരിക്കുകയാണ്. അമര്‍ദീപ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫൈനല്‍ ഷൂട്ട് ചെയ്ത അന്നപൂര്‍ണ്ണ സ്റ്റുഡിയോയ്ക്ക് മുന്നില്‍ നാടകീയ രംഗങ്ങളാണ് നടന്നത്.

വിജയിയായ പല്ലവി പ്രശാന്തിന്റെ അനുയായികള്‍ വന്‍ ആക്രമണമാണ് നടത്തിയത്. ആറോളം ബസുകള്‍ തകര്‍ത്തുവെന്നാണ് വിവരം. ടിവി 9 ന്റെ റിപ്പോര്‍ട്ട് പ്രകാരം പല്ലവി പ്രശാന്തിനും ആരാധകര്‍ക്കുമെതിരെ പൊലീസ് സ്വമേധായ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പല്ലവി പ്രശാന്ത് വിജയിച്ചുവെന്നും അമര്‍ദീപ് രണ്ടാമതായി എന്നും വാര്‍ത്ത പരന്നതോടെ അന്നപൂര്‍ണ്ണ സ്റ്റുഡിയോയുടെ മുന്നിലേക്ക് ആള്‍ക്കൂട്ടം ഇരച്ചെത്തി. പല്ലവി പ്രശാന്ത് വിജയിച്ചു എന്ന പ്രഖ്യാപനത്തിനായി അവിടെ വന്‍ ആള്‍ക്കൂട്ടം തടിച്ചുകൂടി. ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ജനക്കൂട്ടം നിയന്ത്രണം വിട്ടു.

പിന്നാലെ പല്ലവി പ്രശാന്തിന്റെ ഫാന്‍സ് ആ വഴി കടന്നുപോയ വാഹനങ്ങളെ ആക്രമിക്കുകയായിരുന്നു. ആറോളം പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുക്കള്‍ കേടാക്കി. അത് മാത്രമല്ല അവസാന റൗണ്ടില്‍ എത്തിയ അമര്‍ദീപ്, അശ്വനി, ഗീതു എന്നിവരുടെ കാറുകളും ഫാന്‍സിന്റെ കാറുകളും കേടുവരുത്തി. അശ്വനി, ഗീതു എന്നിവര്‍ ഇതിനെതിരെ ജൂബിലി ഹില്‍സ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

തങ്ങള്‍ക്ക് സംഭവിച്ച നഷ്ടം ചൂണ്ടിക്കാട്ടി തെലുങ്കാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എംഡി എക്‌സ് അക്കൗണ്ടിലൂടെ ബിഗ്‌ബോസ് നിര്‍മ്മാതാക്കളെയും അവതാരകന്‍ നാഗാര്‍ജ്ജുനയെയും ടാഗ് ചെയ്ത് പോസ്റ്റ് ഇട്ടിട്ടുണ്ട്. താര ആരാധനയുടെ പേരില്‍ നടത്തുന്ന ഇത്തരം പ്രഹസനങ്ങള്‍ സമൂഹത്തിന് നല്ലതല്ല.

ആളുകളെ സുരക്ഷിതമായും സുരക്ഷിതമായും യാത്ര ചെയ്യുന്ന ആര്‍ടിസി ബസുകളെ ആക്രമിക്കുന്നത് സമൂഹത്തിന് നേരെയുള്ള ആക്രമണമാണ്. ടിഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഇത്തരം സംഭവങ്ങള്‍ കര്‍ശന നടപടി എടുക്കും എക്‌സ് പോസ്റ്റില്‍ തെലുങ്കാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എംഡി പറയുന്നു.

ഐപിസി സെക്ഷന്‍ 147, 148, 290, 353, 427, 149 എന്നിവ പ്രകാരം പ്രശ്‌നം ഉണ്ടാക്കിയതിന് പല്ലവി പ്രശാന്തിനും ആരാധകര്‍ക്കും എതിരെ തെലങ്കാന പോലീസ് കേസെടുത്തിട്ടുണ്ട്. പല്ലവിയുടെയും അമര്‍ദീപിന്റെയും ആരാധകര്‍ വേദിക്ക് പുറത്ത് ഏറ്റുമുട്ടിയെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് രംഗത്തിറങ്ങിയെന്നും ടിവി 9 പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.

Vijayasree Vijayasree :