മലയാളികള്‍ക്ക് ശാലിന നായരെ പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ബിഗ്‌ബോസ് മലയാളം എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് ശാലിനി. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാര്‍ത്ഥിയായ വന്നശേഷമാണ് ശാലിനി നായരെ മലയാളികള്‍ കൂടുതല്‍ അടുത്ത് അറിഞ്ഞ് തുടങ്ങിയത്. ആദ്യ വിവാഹത്തില്‍ ഒരു മകന്‍ ശാലിനിക്കുണ്ട്.
ഇപ്പോഴിതാ മകൻ ആദിത്യന് പത്താം ക്ലാസിൽ ലഭിച്ച ഉന്നത വിജയത്തിൽ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശാലിനി. ഇന്‍സ്റ്റാഗ്രാമില്‍ ശാലിനി പങ്കുവെച്ച കുറിപ്പ് വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്.
കുറിപ്പിന്‍റെ പൂര്‍ണ രൂപം ഇങ്ങനെ,
ക്ഷീണിച്ച കൺപോളകളെ ഉറങ്ങാൻ അനുവദിക്കാതെ കുഞ്ഞുറങ്ങും വരെ ഉറക്കമൊഴിച്ച് സ്നേഹമൂട്ടി വളർത്തിയ മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല എന്റെ അമ്മ മാത്രമാണ്. കഷ്ടി രണ്ട് വയസ്സ് പ്രായം മാത്രം ഉള്ളപ്പോഴാണ് ഉണ്ണിക്കുട്ടനെ അമ്മയെ ഏൽപ്പിച്ച് ഞാൻ കൊച്ചിയിലേക്ക് ഒരു ജോലി അന്വേഷിച്ച് പോവുന്നത്;
ആദ്യമായി കുഞ്ഞിനെ വിട്ട് പിരിഞ്ഞു നിൽക്കുന്ന സങ്കടം ഹോസ്റ്റൽ മുറിയിലെ ചകിരി കുത്തുന്ന കിടക്കയിൽ മുഖമമർത്തി കരഞ്ഞു തീർത്തിട്ടുണ്ട് ഒരുപാട്. കുഞ്ഞിക്കാലുകൾ വച്ച് ഓടിക്കളിക്കുന്ന പ്രായത്തിൽ എന്റെ അഭാവം അവനെ ഒട്ടും ബാധിച്ചിരുന്നേ ഇല്ല.
എന്റെ അമ്മയായിരുന്നു അവന് അമ്മ എന്റെ അച്ഛൻ അച്ഛനും അങ്ങനെയാണത്രെ സ്കൂളിലും കൂട്ടുകാരോടും പറയാറ്, മൂന്ന് വയസ്സാവുന്നത് വരെ എന്നെ ‘അച്ചേച്ചി’ന്ന് വിളിച്ചു. അവന് ഏറ്റവും പ്രിയപ്പെട്ടയാൾ എന്റെ അമ്മയായത് കൊണ്ട് അമ്മമ്മ എന്ന് തിരുത്തി വിഷമിപ്പിച്ചില്ല.
പകരം കഷ്ടപ്പെട്ട് അച്ചേച്ചി വിളി മാറ്റി പതുക്കെ ‘മമ്മ’എന്ന് വിളിപ്പിച്ചു തുടങ്ങി. 4 വയസ്സായപ്പോഴേക്കും ആഴ്ചയിൽ രണ്ട് ദിവസം നിന്ന് തിരിച്ച് ജോലിയിൽ കയറാൻ തിങ്കളാഴ്ച കാലത്ത് ബാഗെടുത്ത് ഓടാൻ നിക്കുന്ന എന്നെ കണ്ണ് നിറച്ച് ഇളിഞ്ഞ ചിരിയോടെ റ്റാറ്റ തന്ന് യാത്രയാക്കാൻ തുടങ്ങി.
കുഞ്ഞു കണ്ണുകൾ കലങ്ങിയ നിമിഷം അമ്മയുടെ നീറ്റൽ ആദ്യമായി ഞാനറിഞ്ഞു. മക്കളെ പിരിഞ്ഞ് ജീവിതത്തെ പൊരുതി ജയിക്കാൻ പെടാപാട്പെട്ട് വേർപാടിന്റെ വേദന കടിച്ചമർത്തി തിരിഞ്ഞു നോക്കാൻ വയ്യാതെ വേവുന്ന നെഞ്ചുമായി എന്നെ പോലെ തിരിച്ച് ജോലി സ്ഥലത്തേക്കോടുന്ന എല്ലാ അമ്മമാരേയും അച്ഛൻമാരേയും ഈ കുറിപ്പ് ഹൃദയത്തിൽ സ്പർശിച്ചേക്കാം.
നെഞ്ചുലച്ചു കളഞ്ഞ മുറിവുണങ്ങുന്ന ഒരു ദിവസം നിങ്ങൾക്കും വരും ദാ ഇതുപോലെ. പത്താം ക്ലാസ്സ് പരീക്ഷയിലെ വിജയത്തിന് നാടിന്റെ ആദരം ഏറ്റു വാങ്ങുന്ന ഉണ്ണിക്കുട്ടന്റെ ഫോട്ടോ. സഹജീവികളോട് സ്നേഹമുള്ള മകനായി വളരണം എന്നുമാണ് ശാലിനി കുറിച്ചത്.
കുറച്ച് മാസങ്ങള്‍ക്ക് മുന്പായിരുന്നു ശാലിനി വീണ്ടും വിവാഹിതയായത്. വളരെ ലളിതമായ രീതിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ശാലിനിയുടെ രണ്ടാം വിവാഹം. യാതൊരു ആഡംബരങ്ങളുമില്ലായിരുന്നു.
സിംപിള്‍ കേരള സാരി ചുറ്റി കഴുത്തില്‍ ചെറിയൊരു മാലയും അണിഞ്ഞ് മുല്ലപ്പൂവും ചൂടി തനി നാടന്‍ സുന്ദരിയായാണ് ശാലിനി വധുവായി എത്തിയത്. വരന്‍ ദിലീപും ശാലിനിയെ പോലെ തന്നെ സിംപിള്‍ ലുക്കിലാണ് എത്തിയത്.