കഴുത്തില്‍ പുലി നഖം; ബിഗ് ബോസ് മത്സരാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍

ബിഗ് ബോസ് മത്സരാര്‍ത്ഥി വര്‍ത്തൂര്‍ സന്തോഷിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പുലിനഖമുള്ള ലോക്കറ്റുള്ള ചെയിന്‍ ധരിച്ചതിനെ തുടര്‍ന്ന് കന്നഡ ബിഗ് ബോസ് സീസണ്‍ 10ലെ മത്സരാര്‍ഥിയായ വര്‍ത്തൂര്‍ സന്തോഷ് ആണ് അറസ്റ്റിലായത്. പുലിനഖങ്ങള്‍ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ബിഗ്‌ബോസ് ഷോയ്ക്കിടെ മത്സരാര്‍ഥിയുടെ കഴുത്തില്‍ പുലി നഖമുള്ള ചെയിന്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് താരത്തിനെതിരെ കേസ് എടുത്തത്. ഇന്നലെ വൈകീട്ടാണ് സന്തോഷിന്റെ വീട്ടിലെത്തി വനം വകുപ്പ് പരിശോധന നടത്തിയത്.

പരിശോധനയില്‍ ധരിച്ചിരിക്കുന്നത് യഥാര്‍ഥ പുലിനഖങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. വര്‍ത്തൂര്‍ സന്തോഷ് പുലിനഖം ധരിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

തുടര്‍ന്ന് സന്തോഷിനോട് മാല ആവശ്യപ്പെടുകയും പരിശോധിച്ചപ്പോള്‍ അത് പുലിനഖമാണെന്ന് കണ്ടെത്തിയതായും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.

Vijayasree Vijayasree :