ഇന്ന് അന്തിമ വിധി ബിഗ് ബോസ് കിരീടം ആർക്ക് ? ആകാംക്ഷയോടെ പ്രേക്ഷകർ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 5 ന്റെ ഗ്രാന്റ് ഫിനാലേയ്ക്ക് വൈകീട്ട് 7 ഓടെ തുടക്കമാകും. ആര് കപ്പുയർത്തുമെന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിലവിൽ അഞ്ച് പേരാണ് ഷോയിൽ അവശേഷിക്കുന്നത്.അഖിൽ മാരാർ, ശോഭ വിശ്വനാഥ്, ജുനൈസ് വിപി, റെനീഷ, ഷിജു എന്നിവരാണ് അവർ.

2023 മാർച്ച് 26നാണ് ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ആരംഭിക്കുന്നത്. വ്യത്യസ്ത മേഖലകളിൽ ഉള്ള മത്സരാർത്ഥികൾക്ക് ഒപ്പം ഷോയിലെ ആദ്യത്തെ കോമണർ മത്സരാർത്ഥിയെയും കൂട്ടി പതിനെട്ട് മത്സരാർത്ഥികളാണ് ആദ്യഘട്ടത്തിൽ വീട്ടിൽ എത്തിയത്.

റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാ​ഗർ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ​ഗോപിക ​ഗോപി എന്നിവരാണ് ആ മത്സരാർത്ഥികൾ. ഒപ്പം, വൈൽഡ് കാർഡ് ആയി ഒമർ ലുലു, ഹനാൻ, അനു ജോസഫ് എന്നിവരും എത്തി. ഇതിൽ നിന്നും പലഘട്ടങ്ങളിലായി എവിക്ഷനിലൂടെയും ആരോ​ഗ്യ പ്രശ്നങ്ങൾ കാരണവും ഓരോരുത്തരായി കൊഴിഞ്ഞുപോയി. ഏറ്റവും ഒടുവിൽ ആറ് പേരാണ് ഷോയിൽ അവസാനിച്ചത്.

സെറീന, റെനീഷ, ജൂനൈസ്, ശോഭ, ഷിജു, അഖിൽ മാരാർ എന്നിവരാണ് അവർ. ഇന്നലെ സെറീന കൂടി പുറത്തായതോടെ റെനീഷ, ജൂനൈസ്, ശോഭ, ഷിജു, അഖിൽ മാരാർ എന്നിവരാണ് ബി​ഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത്. അതായത്, ഇവർ അഞ്ച് പേരാണ് ടോപ് ഫൈവിലെ മത്സരാർത്ഥികൾ. ഇനി ഇതിൽ നിന്നും പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന ആ വിജയി ആരെന്നറിയാൻ ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കണം. വിജയിക്ക് 50 ലക്ഷം ആണ് സമ്മാനമായി ലഭിക്കുന്നത്.

“പോയ പതിനാല് ആഴ്ചകളിലായി ബി​ഗ് ബോസ് മലയാളം സീസണിലെ ഓരോ സ്പന്ദനവും ശ്രദ്ധിച്ച് മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചും അവരുടെ വിധി നിർണയിച്ചും നിങ്ങൾ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഹൃദയം നിറഞ്ഞ നന്ദി. വാരാന്ത്യങ്ങളിൽ കുടുംബാം​ഗങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടും വികാര നിർഭര മുഹൂർത്തങ്ങൾക്ക് സാക്ഷിയായും ഒരു നിയോ​ഗം പോലെ ഞാനും. ഇനി ഇന്ന് അന്തിമ വിധി. എന്നത്തെയും പോലെ ആ അവിസ്മരണീയ മുഹൂർത്തത്തിന് നമുക്കൊരുമിച്ച് സാക്ഷ്യം വഹിക്കാം”.

ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നായിരുന്നു ഇത്തവണത്തെ ബി​ഗ് ബോസ് ടാ​ഗ് ലൈൻ. അത്തരത്തിലുള്ള മത്സരാർത്ഥികൾ ആയിരുന്നു ഏറെ കുറെയും. മുന്‍ സീസണുകളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകള്‍ ഈ സീസണിന് ഉണ്ടായിരുന്നു. ബി​ഗ് ബോസ് മലയാളം ചിരിത്രത്തിലെ ആദ്യ കോമണർ എത്തിയ സീസണ്‍ ഇതാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം ഫാമിലി വീക്കും ആദ്യമായി ബി​ഗ് ബോസിൽ സംഘടിപ്പിച്ചിരുന്നു. മൊത്തത്തിൽ കളര്‍ ഫുള്ളായൊരു സീസൺ ആണ് കഴിഞ്ഞുപോകുന്നത്. ഇന്ന് വിജയിയെ പ്രഖ്യാപിക്കുന്നതോടെ അടുത്ത സീസണിനായി കാത്തിരിക്കാന്‍ ഒരുങ്ങുകയാണ് പ്രേക്ഷകര്‍.

AJILI ANNAJOHN :