‘ആ സംഭവത്തിന് ശേഷം സഖാവിനെ വിളിച്ചിരുന്നു’; മുഖ്യമന്ത്രി പറഞ്ഞത്!

ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ച വേദി കൂടിയായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശ. നടന്‍ അലന്‍സിയറിന്റെ വിവാദ പരാമര്‍ശവും ഭീമന്‍ രഘുവിന്റെ എഴുന്നേറ്റ് നില്‍പ്പുമായിരുന്നു ഇതിന് കാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ സദസ്സില്‍ എഴുന്നേറ്റ് നിന്ന ഭീമന്‍ രഘുവിന്റെ വീഡിയോകള്‍ ഏറെ വൈറല്‍ ആയിരുന്നു.

പിന്നാലെ വിമര്‍ശനങ്ങളും ട്രോളുകളും പൊട്ടിപ്പുറപ്പെട്ടു. ഇപ്പോഴിതാ ഈ സംഭവത്തിന് ശേഷം മുഖ്യമന്ത്രി തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഭീമന്‍ രഘു.

‘ആ സംഭവത്തിന് ശേഷം സഖാവിനെ വിളിച്ചിരുന്നു. ഒന്നും പറഞ്ഞില്ല. എവിടെ ഉണ്ടെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഷൂട്ടിങ്ങിന്റെ തിരക്കിലാണെന്ന്. ആ.. കൊള്ളാരുന്ന് കേട്ടോ. അത്രയെ പറഞ്ഞുള്ളൂ’, എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് ഭീമന്‍ രഘു പറയുന്നു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സെപ്റ്റംബര്‍ പതിനാലിന് ആയിരുന്നു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ പരിപാടികള്‍ നടന്നത്. 15 മിനിറ്റോളം മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ഇത്രയും സമയം ഭീമന്‍ രഘു സദസിന് മുന്നില്‍ എഴുന്നേറ്റ് നില്‍ക്കുക ആയിരുന്നു. ഒരു ഭാവവ്യത്യാസവും ഇല്ലാതെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ടുനിന്ന ഭീമന്‍ രഘുവിന്റെ ഫോട്ടോകളും വീഡിയോളും വ്യാപകമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പിന്നാലെ വന്‍ തോതില്‍ ട്രോളുകളും ഉയര്‍ന്നു.

താന്‍ ബഹുമാനം സൂചകമായാണ് എഴുന്നേറ്റ് നിന്നത് എന്നായിരുന്നു മാധ്യപ്രവര്‍ത്തകരോട് അന്ന് ഭീമന്‍ രഘു പറഞ്ഞത്. അച്ഛന്റെ സ്ഥാനമാണ് താന്‍ മുഖ്യമന്ത്രിക്ക് നല്‍കുന്നതെന്നും അദ്ദേഹം സംസാരിക്കുന്ന ഏത് വേദിയിലും താന്‍ എഴുന്നേറ്റ് നില്‍ക്കുമെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു.

Vijayasree Vijayasree :