ഇളയരാജയുടെ മകള്‍ ഭവതാരിണിയ്ക്ക് അമ്മയ്ക്കും മുത്തശ്ശിയ്ക്കും നടുവില്‍ അന്ത്യവിശ്രമം; കണ്ണീരോടെ വിട നല്‍കി കുടുംബം

പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയുടെ മകള്‍ ഭവതാരിണിയ്ക്ക്(47) കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ലോവര്‍ ക്യാംപിലെ ഫാംഹൗസില്‍ അന്ത്യവിശ്രമം. വതാരിണിയെ അമ്മ ജീവയുടെയും മുത്തശ്ശി ചിന്നത്തായുടെയും കല്ലറകള്‍ക്കു നടുവിലായിരുന്നു സംസ്‌കരിച്ചത്. സമുദായാചാരപ്രകാരം നടന്ന ചടങ്ങുകളില്‍ ഇളയരാജ, മക്കളായ കാര്‍ത്തിക് രാജ, യുവാന്‍ ശങ്കര്‍ രാജ എന്നിവരും ബന്ധുക്കളും സിനിമ രംഗത്തെ പ്രമുഖരും എത്തിയിരുന്നു.

ചെന്നൈയില്‍ നിന്ന് ഭൗതികശരീരം ഇന്നലെ ഉച്ചയോടെ ലോവര്‍ ക്യാംപിലുള്ള ഇളയരാജയുടെ ഫാം ഹൗസില്‍ എത്തിച്ചു. സംവിധായകന്‍ ഭാരതിരാജ വിതുമ്പലോടെ യാത്രാമൊഴി ചൊല്ലി. ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്റെ മക്കളായ പ്രേംജി, വെങ്കട്ട് പ്രഭു, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഭവതാരിണി അര്‍ബുദ ബാധിതയായി ശ്രീലങ്കയില്‍ ആയുര്‍വേദ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇളയരാജ തേനി ജില്ലയിലെ ഉത്തമപാളയത്തിനടുത്തുള്ള പണ്ണെപുരം സ്വദേശിയാണ്. തന്റെ ബാല്യകാലം ചെലവഴിച്ച ഗൂഡല്ലൂര്‍ മേഖലയിലെ ലോവര്‍ ക്യാംപില്‍ വാങ്ങിയ സ്ഥലത്താണ് അമ്മ ചിന്നത്തായിയെ സംസ്‌കരിച്ചത്.

പിന്നീട് 2011ല്‍ ഭാര്യ ജീവയുടെ സംസ്‌കാരവും ഇതേ സ്ഥലത്തായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം വൈഗയിലേക്ക് ഒഴുകുന്ന കനാലിന്റെ സമീപത്താണ് ഈ സ്ഥലം. എല്ലാ വര്‍ഷവും ദീപാവലി നാളില്‍ ഇളയരാജ ഇവിടെ എത്താറുണ്ട്. തന്റെ അന്ത്യവിശ്രമം അമ്മയുടെ കല്ലറയ്ക്ക് അടുത്തായിരിക്കണമെന്ന് ഭവതാരിണി ആഗ്രഹിച്ചിരുന്നു. ഇതു പ്രകാരമാണ് സംസ്‌കാരം ഇവിടെ നടത്തിയത്.

Vijayasree Vijayasree :