ഭാവതാരിണിയോടുള്ള ആദരസൂചകം; എഐയുടെ സഹായത്തോടെ ഭാവതാരിണി വീണ്ടും പാടും; ഗോട്ടിന്റെ പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ!

വിജയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. ചിത്രത്തിന്റേ ഓരോ അപ്‌ഡേറ്റുകള്‍ക്കും മികച്ച പ്രതിക്രണങ്ങളാണ് ലഭിക്കുന്നത്. വിജയ്, വെങ്കട് പ്രഭു കൂട്ടുക്കെട്ടില്‍ പുറത്തെത്തുന്ന ചത്രം സെപ്റ്റംബര്‍ അഞ്ചിന് റിലീസിന് എത്തുമെന്നാണ് വിവരം.

എന്നാല്‍ ഇപ്പോഴിതാ സിനിമയിലെ ഒരു പാട്ട് അന്തരിച്ച ഗായിക ഭാവതാരിണിയുടെ ശബ്ദത്തിലെത്തും എന്നാണ് പുറത്ത് വരുന്ന വിവരം. സിനിമ ട്രാക്കേഴ്‌സാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

തെന്നിന്ത്യന്‍ പിന്നണി ഗായികയും ഇളയരാജയുടെ മകളുമായ ഭാവതാരിണി ജനുവരി അഞ്ചിന് ആണ് ഈ ലോകത്തോട് വിടപറയുന്നത്. കരളിലെ അര്‍ബുദത്തെ തുടര്‍ന്നാണ് ഗായിക മരണപ്പെട്ടത്. ഭാവതാരിണിയോടുള്ള ആദരസൂചകമായാണ് പാട്ടെത്തുന്നത്.

ഗായികയുടെ ശൂബ്ദം എഐ സാങ്കേതിക മികവ് ഉപയോഗിച്ചായിരിക്കും രൂപപ്പെടുത്തുക. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. അതേസമയം, ഒരു സയന്‍സ് ഫിക്ഷന്‍ ഡ്രാമയാണ് ദി ഗോട്ട് എത്തുന്നത്. സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്.

വിജയുടെ രാഷ്ട്രീയപ്രവേശനം ഏറെ വാര്‍ത്ത നേടിയിരുന്നു. ഈ സാഹചര്യത്തില്‍ ഇത് വിജയ്‌യുടെ കരിയറിലെ അവസത്തെ ചിത്രമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

വിജയ് ഡബിള്‍ റോളിലാണ് ചിത്രത്തിലെത്തുന്നത്. മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.

Vijayasree Vijayasree :