ഭരതന്‍- ലളിത പുരസ്കാരങ്ങൾ ബ്ലെസിയ്ക്കും ഉർവശിക്കും; ഓർമ ദിനത്തിൽ പുരസ്കാരം സമ്മാനിക്കും

അതുല്യ ചലച്ചിത്രകാരൻ ഭരതന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ഭരതൻ പുരസ്കാരം സംവിധായകൻ ബ്ലെസിക്ക്. ഒരു പവന്‍റെ കല്യാൺ സുവർണ മുദ്രയും ശിൽ‌പവുമാണ് അവാർഡ്. ഭരതൻ സ്മൃതി വേദി ഈ വർഷം ഏർപ്പെടുത്തിയിട്ടുള്ള കെപിഎസി ലളിത പുരസ്കാരം നടി ഉർവശിയ്ക്ക് നൽകും. 25,000 രൂപയും ശിൽപവുമാണ് അവാർഡ്.

പുരസ്‌കാര ദാന ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററെ 25,000 രൂപയും പൊന്നാടയുമടങ്ങുന്ന ഗുരുദക്ഷിണ നൽകി ആദരിക്കും. സംവിധായകൻ ജയരാജ്, ഷോഗൺ രാജു, എം.പി. സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

ജൂലൈ 30ന് ഭരതന്‍റെ ഓർമ ദിനത്തിൽ വൈകീട്ട് അഞ്ചിന് തൃശൂർ റീജണൽ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ഹരിഹരൻ പുരസ്കാരദാനം നിർവഹിക്കും. ചടങ്ങിന് ശേഷം സംഗീത നിശയുമുണ്ടാകുമെന്നാണ് വിവരം.

അതേസമയം, ആടുജീവതം ആണ് ബ്ലെസിയുടേതായി പുറത്തെത്തിയ ചിത്രം. ബെന്യാമിന്‍റെ പ്രശസ്ത നോവലായ ആടുജീവിതത്തിന്‍റെ സിനിമാവിഷ്കാരം ആയിരുന്നു ആടുജീവിതം. മലയാള സിനിമയുടെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഹിറ്റ് ആണ് നിലവില്‍ ഈ ചിത്രം.

2008-ല്‍ ആരംഭിച്ച ‘ആടുജീവിതം’ വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14-നാണ് പൂര്‍ത്തിയായത്.

ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരികമാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളായിരുന്നു.

അതേസമയം, ഉള്ളൊഴുക്ക് എന്ന ചിത്രമാണ് ഉര്‍വശിയുടേതായി പുറത്തെത്തിയിരിക്കുന്ന ചിത്രം. ഉര്‍വശിയ്ക്കൊപ്പം പാര്‍വതി തിരുവോത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി ‘കറി& സയനൈഡ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയാണ് ചിത്രത്തിന്‍റെ സംവിധാനം.

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബവും അതിനിടയ്ക്ക് സംഭവിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളുമാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്.

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തിലും തിരക്കഥാ രചനയിലും, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വീഡിയോഗ്രഫിയിലും പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് ക്രിസ്റ്റോ ടോമി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം.

Vijayasree Vijayasree :