നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച താരമാണ് ഭാനു പ്രിയ. 1992ൽ റിലീസായ മോഹൻലാൽ നായകനായ രാജശിൽപ്പിയാണ് ഭാനു പ്രിയയുടെ ആദ്യ സിനിമ. തുടർന്ന് 1996ൽ അഴകിയ രാവണൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും താരം എത്തി. അധികം സിനിമകളിൽ നടിയെ പിന്നീട് മലയാളത്തിൽ കണ്ടില്ലെങ്കിലും ചെയ്ത സിനിമകൾ അഭിനേത്രിയെന്ന നിലയിൽ ഭാനുപ്രിയയെ പ്രേക്ഷക മനസ്സിൽ അടയാളപ്പെടുത്തി.
കഴിഞ്ഞ ദിവസമായിരുന്നു ഒരുകാലത്ത് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം സിനിമകളിൽ സജീവമായിരുന്ന നടിയുടെ അൻപത്തിയെട്ടാം ജന്മദിനം. ഇതോടെ സോഷ്യൽ മീഡിയയിലടക്കം പലരും ഭാനുപ്രിയയെ കുറിച്ച് സംസാരിച്ചിരുന്നു. ആ നടി ഇപ്പോൾ എവിടെയാണ്, എന്ത് ചെയ്യുകയാണ് എന്നെല്ലാം ആരാധകർ ചോദിച്ചിരുന്നു.
വിവാഹത്തോടെയാണ് നടി അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തത്. എൻആർഐ ബിസിനസ്മാൻ ആയ ആദർശ് കൗശൽ ആയിരുന്നു ഭാനുപ്രിയയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ ആദർശ് കൗശലിനെ ഉപേക്ഷിക്കാൻ ഭാനുപ്രിയ തയ്യാറായില്ല.
ആദർശിനെ വിവാഹം കഴിച്ച് നടി അമേരിക്കയിലേക്ക് താമസം മാറി. 1998 ലായിരുന്നു വിവാഹം. ഇരുവർക്കും അഭിനയ എന്ന മകളും ജനിച്ചു. എന്നാൽ ഏഴ് വർഷത്തിന് ശേഷം ഭാനുപ്രിയ ഈ വിവാഹ ബന്ധം വേണ്ടെന്ന് വെച്ചു. 2005 ൽ വിവാഹ മോചിതയായ ഭാനുപ്രിയ മകളോടൊപ്പം ചെന്നൈയിലേക്ക് തിരിച്ച് വന്നു. അഭിനയത്തിൽ വീണ്ടും ശ്രദ്ധ നൽകി. 2018 ലാണ് ഹൃദയാഘാതം മൂലം ആദർശ് കൗശൽ മരിക്കുന്നത്.
ആദർശിന്റെ മരണത്തിന് മുൻപേ തന്നെ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ഭാനുപ്രിയ വെളിപ്പെടുത്തിയിട്ടുണ്ട്. പഠിച്ചതെല്ലാം മറന്ന് പോകുന്ന തരം മറവിയാണ്. അത് കാരണം നൃത്തത്തോടുള്ള താത്പര്യവും കുറഞ്ഞു എന്ന് ഭാനുപ്രിയ വെളിപ്പെടുത്തിയത് ആരാധകർക്ക് വിശ്വസിക്കാനായില്ല. ഡയലോഗുകൾ മറക്കുന്നത് കാരണം അഭിനയത്തിൽ നിന്നും മാറി നിന്നു.
മറവി രോഗം കാരണം ഭാനുപ്രിയ ഒരുപാട് വേദനിച്ചിട്ടുണ്ടെന്ന് മുൻപൊരു നടൻ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, തമിഴിൽ അഭിനയിക്കുമ്പോൾ ഒരു സിനിമയുടെ സെറ്റിൽ വെച്ച് നടിയ്ക്ക് മോശമായിട്ടുള്ള അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചെയ്യാർ ബാലുവും വെളിപ്പെടുത്തിയിരുന്നു. ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം നടക്കുന്നത്. കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന സിനിമയിൽ ഭാനുപ്രിയ പ്രധാനപ്പെട്ടൊരു റോളാണ് അവതരിപ്പിക്കുന്നത്.
എന്നാൽ ഡയലോഗ് മനപ്പാഠം ചെയ്‌തെങ്കിലും ക്യാമറയ്ക്ക് മുന്നിൽ എത്തിയപ്പോൾ നടിയത് മറന്നു. നിരന്തരം ഡയലോഗ് മറന്നതോടെ ആ സീനിന് വേണ്ടി റീ ടേക്ക് പോയി കൊണ്ടേയിരുന്നു. ഒന്നുകിൽ ഡയലോഗ് മാറ്റൂ, അല്ലെങ്കിൽ ഇവരെ മാറ്റൂ എന്ന് പറഞ്ഞ് സിനിമയിൽ അഭിനയിക്കുന്ന യുവ നായകൻ ബഹളമുണ്ടാക്കി. അത് ഭാനുപ്രിയയെ വല്ലാതെ വിഷമത്തിലാക്കിയിരുന്നുവെന്നാണ് വിവരം.
മങ്കഭാനു എന്നാണ് ഭാനുപ്രിയയുടെ യഥാർത്ഥ പേര്. ആന്ധ്രയിലാണ് ജനിച്ചതെങ്കിലും നടിയുടെ കുടുംബം ചെന്നൈയിലേക്ക് താമസം മാറിയിരുന്നു. നടി ശാന്തിപ്രിയ ആണ് ഭാനുപ്രിയയുടെ സഹോദരി. ഗോപികൃഷ്ണ എന്ന സഹോദരനും ഉണ്ട്. 1983 ൽ മെല്ലെ പേസുങ്കൾ എന്ന എന്ന തമിഴ് ചിത്രത്തിലൂടെ ആണ് ഭാനുപ്രിയ അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് തിരക്കേറിയ നായിക ആയി മാറിയ ഭാനുപ്രിയ ഹിന്ദി സിനിമകളിലേയ്ക്കും ചേക്കേറി.
ശിവകാർത്തികേയൻ നായകനായ അയലാൻ എന്ന ചിത്രത്തിലാണ് ഭാനുപ്രിയ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. 2024 ൽ പുറത്തിറങ്ങിയ സിനിമയിൽ നായകന്റെ അമ്മ വേഷമായിരുന്നു. ഇപ്പോൾ ചെന്നൈയിലെ വീട്ടിലാണ് ഭാനുപ്രിയ. മകൾ ലണ്ടനിൽ പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഭാനുപ്രിയ ഇപ്പോൾ തന്റെ മറവി രോഗത്തിനുള്ള ചികിത്സകളും നടത്തി വരുന്നു എന്നാണ് റിപ്പോർട്ടുകൾ.