ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ ടെലിവിഷൻ പരിപാടികളിലൂടെ രംഗത്തെത്തുന്നുണ്ട്. അവതാരകയായി ആണ് ഭാമ സ്‌ക്രീനിന് മുന്നിലേയ്ക്ക് എത്തുന്നത്. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു.
ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നതിന് ശേഷമാണ് ഭാമ വിവാഹിതയാവുന്നത്. തുടർന്ന് വർഷങ്ങൾക്ക് ശേഷം സിംഗിൾ മദർ ആണെന്ന കാര്യം ഭാമ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. ഇപ്പോൾ മകൾ ഗൗരിയുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
മകളുടെ വിശേഷങ്ങൾ നിരന്തരം പങ്കിടാറുണ്ടെങ്കിലും കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് മുഖം റിള്ള ചിത്രങ്ങൾ അധികം ഭാമ പങ്കിടാറില്ല. ഇപ്പോഴിതാ മകൾ നാല് വയസ് പിന്നിടുമ്പോൾ തന്റെ ഗർഭകാല ഓർമകൾ പൊടിതട്ടിയെടുത്തിരിക്കുകയാണ് ഭാമ. നാല് വർഷത്തെ അമ്മ ജീവിതം എന്ന ക്യാപ്ഷനോടെയായിരുന്നു ഭാമ ചിത്രങ്ങൾ പങ്കുവെച്ചത്.
നീല ഗൗണിൽ നിറവയറിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ബലൂണുകളും പൂക്കളുമൊക്കെയായി ബേബി ഷവർ ഗംഭീരമായി ആഘോഷിച്ചിരുന്നു ഭാമ. ജീവിതം വളരെ രസകരമാണ്… അവസാനം നിങ്ങളുടെ ഏറ്റവും വലിയ ചില വേദനകൾ നിങ്ങളുടെ ഏറ്റവും വലിയ ശക്തിയായി മാറുന്നു, ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്ന് എന്നിങ്ങനെയാണ് ഭാമയുടെ പോസ്റ്റിന് ആരാധകർ കുറിച്ചത്.
ദുബായിൽ ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു അരുൺ്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ തന്നെ സെറ്റിൽ ചെയ്യാനാണ് ആഗ്രഹമെന്നും അരുണും കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ വിവാഹത്തിന് മുമ്പ് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അത്യാഡംബര പൂർവമാണ് ഭാമയുടെ വിവാഹം നടന്നത്. സിനിമാ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായുള്ള വിവാഹസൽക്കാരം കൊച്ചിയിലും നടന്നിരുന്നു. വിവാഹശേഷം വൈകാതെ ഇരുവർക്കും ഒരു മകൾ പിറന്നു. ഗൗരി എന്നാണ് മകൾക്ക് ഭാമയും അരുണും നൽകിയ പേര്. കുഞ്ഞ് പിറന്ന് ഒരു വർഷം കഴിഞ്ഞ് ഒന്നാം പിറന്നാൾ ദിനത്തിലാണ് മകളുടെ മുഖം റിവീൽ ചെയ്തുള്ള ചിത്രങ്ങൾ ഇരുവരും പങ്കിട്ടത്. പിന്നീട് പതിയെ ഭാമ ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങളും നീക്കം ചെയ്തു. അതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന ഗോസിപ്പുകളും ചർച്ചകളും വന്ന് തുടങ്ങി.
ഭർത്താവിന്റെ ചിത്രങ്ങൾ നീക്കം ചെയ്തുവെന്ന് മാത്രമല്ല അടുത്തിടെ പങ്കുവെച്ച ഒരു സോഷ്യൽമീഡിയ പോസ്റ്റിൽ താൻ സിംഗിൾ മദറാണെന്ന് ഭാമ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയാണെങ്കിലും നിയമപരമായി ബന്ധം വേർപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി എന്നുമാണ് ഭാമ മുമ്പ് പങ്കുവെച്ച ഒരു പോസ്റ്റിൽ എഴുതിയിരുന്നത്. അമ്മയായപ്പോൾ ക്ഷമ പഠിച്ചു നേരത്തെ ക്ഷമ ഉണ്ടായിരുന്നില്ല. ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ നടന്നില്ലെങ്കിൽ ടെൻഷനാവും. ദേഷ്യം വരും. പക്ഷെ ഇപ്പോൾ മാറി. അതുകൊണ്ട് കാര്യമില്ലെന്ന് മനസിലായെന്നും ഭാമ പറഞ്ഞിരുന്നു.
അമ്മയാകുന്നത് അത്ര എളുപ്പമല്ലെന്ന് മനസ്സിലായി. വാസുകി ബൈ ഭാമ എന്ന ലേബലിൽ ഞാൻ കാഞ്ചീപുരം സാരികളുടെ ഒരു ഓൺലൈൻ സ്‌റ്റോർ ആരംഭിച്ചു. ഞാൻ വർക്ക് ചെയ്തിരുന്ന ആളായതുകൊണ്ട് എനിക്ക് വീണ്ടും വർക്ക് ചെയ്യണം എന്റെ മാനസികമായ സന്തോഷത്തിന് വർക്കും കൂടെ വേണം എന്ന് തോന്നി. അങ്ങനെ വിചാരിച്ചപ്പോഴാണ് പട്ടുസാരികളുടെ കളക്ഷൻ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചതെന്നും നടി പറഞ്ഞിരുന്നു.