മാലാ പാർവതിയോട് പുച്ഛം തോന്നുന്നു, ഇതാണോ ഇത്രയുംകാലം സ്ത്രീകൾക്കുവേണ്ടി ചെയ്തുകൊണ്ടിരുന്ന ശാക്തീകരണ പ്രവർത്തനം?; വിമർശിച്ച് ഭാ​ഗ്യലക്ഷ്മി

നടി മാലാപാർവതിയ്ക്കെതിരെ രം​ഗത്തെത്തി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി. മാലാ പാർവതിയോട് പുച്ഛം തോന്നുന്നു. എന്നോടൊപ്പം കിടക്കാൻ വരുമോ എന്ന് ചോദിച്ചാൽ പോടാ എന്ന് പറഞ്ഞ് തമാശരൂപേണ തോളിൽത്തട്ടി മുൻപോട്ടുപോവുക എന്ന് പറയുന്നതിനെ എന്ത് വാക്കുചേർത്ത് വിളിയ്ക്കണം എന്നറിയില്ല.

അങ്ങനെ പറഞ്ഞാൽ ഒറ്റ പ്രാവശ്യമേ അയാളങ്ങനെ പറയൂ. രണ്ടാമതൊരു തവണ അങ്ങനെ പറയാനുള്ള ധൈര്യം നമ്മൾ കൊടുക്കാൻ പാടില്ല. ഇതാണോ മാലാ പാർവതി ഇത്രയുംകാലം സ്ത്രീകൾക്കുവേണ്ടി ചെയ്തുകൊണ്ടിരുന്ന ശാക്തീകരണ പ്രവർത്തനം? എനിക്ക് അദ്ഭുതം തോന്നുന്നു. വല്ലാതെ വിഷമം തോന്നുന്നു. ഇങ്ങനെ മറ്റാര് പറഞ്ഞാലും നമുക്ക് ബുദ്ധിമുട്ടോ വിഷമമോ തോന്നില്ല. പക്ഷേ മാലാ പാർവതിയിൽനിന്ന് അത്തരത്തിലുള്ള പ്രസ്താവനകൾ വരുന്നത് വളരെ ദയനീയമാണ് എന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ സ്ത്രീകൾ നേരിടുന്ന മോശം പെരുമാറ്റങ്ങളെ നിസാരവത്കരിച്ചു കൊണ്ടാണ് മാലാ പാർവതി സംസാരിച്ചത്. പലരും കളിതമാശ പോലും മനസിലാകാത്തവരാണ് എന്നാണ് മാലാ പാർവതി പറഞ്ഞത്. സിനിമയില് നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്.

ഇന്നാളാരോ പറയുന്നതുകേട്ടു, ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാൽ ഭയങ്കര സ്‌ട്രെസ്സായിപ്പോയി, എല്ലാമങ്ങ് തകർന്നുപോയി. അങ്ങനെയൊക്കെ എന്താ.. പോടാ എന്ന് പറഞ്ഞാൽ പോരേ. പോടാ എന്ന് പറഞ്ഞാൽ കഴിയുന്ന കാര്യമല്ലേ. അതൊക്കെ മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയാണെങ്കിൽ സ്ത്രീകൾക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നിലനിൽക്കാനേ പറ്റില്ല.

നമ്മൾ റോഡിൽ ഇറങ്ങുമ്പോൾ ലോറി വരും, ബസ്സ് വരും. അപ്പൊ ലോറി വന്നതിന്റെ പേരിൽ റോഡ് ക്രോസ് ചെയ്തില്ലാ, നമ്മൾ ഇറങ്ങി നടന്നില്ലാ എന്ന് പറഞ്ഞാൽ ആർക്കാ നഷ്ടം വരിക? സ്ത്രീകൾ ജോലി ചെയ്യുമ്പൊ സ്ത്രീകളുടെ ഒരു പ്രത്യേകത വെച്ച് ആൾക്കാർ വന്ന് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാൻ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ്.

ലൈംഗികാതിക്രമങ്ങളോട് വഴക്കല്ലാതെ, കളിതമാശയായി പ്രതികരിക്കാം. എങ്ങനെയാണോ റോഡ് ക്രോസ് ചെയ്യുമ്പോൾ വലിയ വാഹനങ്ങൾ വരുമ്പോൾ അതൊന്നും തട്ടാതെ അപ്പുറമെത്തുന്നത് പോലെ ഇതിനെല്ലാമിടയിലൂടെ പോകാൻ പറ്റും. അതിനെ വലിയൊരു വിഷയമാക്കി കഴിഞ്ഞാൽ ഞാനെങ്ങനെ ജോലി ചെയ്യും, എന്നെ എല്ലാവരും അറ്റാക്ക് ചെയ്യുകയാണ് എന്ന മൂഡിലേക്ക് പോകുമെന്നും മാലാ പാർവതി പറഞ്ഞു.

Vijayasree Vijayasree :