എല്ലാവരും പറയും മകളെ പോലെയാണ്, സഹോദരിയെ പോലെയാണ് എന്നൊക്കെ; എന്നിട്ട് അവള്‍ക്ക് വേണ്ടി എന്ത് ചെയ്തു; ഇന്ദ്രന്‍സിനെതിരെ ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ഇന്ദ്രന്‍സ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സിനിമയിലെ വനിത സംഘടനയായ ഡബ്ല്യു സി സി ഇല്ലായിരുന്നെങ്കില്‍ ആക്രമിക്കപ്പെട്ട നടിയെ കൂടുതല്‍ ആളുകള്‍ പിന്തുണച്ചേനെ എന്നാണ് ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

പിന്നാലെ തന്നെ അദ്ദേഹം ഖേദപ്രകടനവുമായി രംഗത്തെത്തിയിരുന്നു. ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ടെന്നും ഇന്ദ്രന്‍സ് ഖേദപ്രകടനത്തില്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. മകളെ പോലെ എന്ന് പറയുന്നവര്‍, അവരെ ചെന്ന് കാണാനോ, അവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസിലാക്കാനോ ഇതൊന്നും ചോദിക്കാതെ ഒരാള്‍ എങ്ങനെയാണ് മകളെ പോലെയെന്ന് പറയുന്നത്.

മകളെ പോലെയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത്. എതിരെ നില്‍ക്കുന്ന വ്യക്തിക്ക്, ഇയാളാണ് കുറ്റാരോപിതനായി നില്‍ക്കുന്നതെങ്കില്‍ അതിന്റെ വിധി വരട്ടെ, വിധി വരുന്നത് വരെ നമ്മള്‍ അതിനെ കുറിച്ച് സംസാരിക്കാതിരിക്കുക, എന്നുള്ള സാമാന്യ മര്യാദ, ബോധം ഇവര്‍ക്ക് എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നാണ് ആലോചിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇവരൊക്കെ ഇവരുടെ നിലനില്‍പിന് വേണ്ടിയാണോ, ഇങ്ങനെ പക്ഷം പിടിച്ച് സംസാരിക്കുക, കൂടാതെ ഇവരൊക്കെ ഇതിനെ കുറിച്ച് യാതൊരു അറിവും ഇല്ലാതെയാണ് സംസാരിക്കുന്നത്. ഇന്ദ്രന്‍സിനെ പോലെയുള്ള ഒരാള്‍, ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. ഇങ്ങനെ ആലോചിക്കാതെ ഒരു ഉത്തരം പറയുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഡബ്ല്യു സി സി ഇല്ലായിരുന്നെങ്കില്‍ നടിയെ കൂടുതല്‍ ആളുകള്‍ പിന്തുണച്ചേനെ എന്ന് പറയുന്നു, ഈ നടനോടൊപ്പമേ സഞ്ചരിക്കൂ എന്ന് പറയുന്ന വലിയ വിഭാഗം ആളുകള്‍ സിനിമയിലുണ്ട്. ആ ആണുങ്ങളാണോ ഇവിടുത്തെ അവസാന വാക്ക്. അവര്‍ ഡബ്ല്യു സി സിയെ അംഗീകരിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ എല്ലാവരും ഡബ്ല്യു സി സിക്ക് എതിരാണ്.

കാര്യം വ്യക്തമായി മനസിലാക്കാതെ, പഠിക്കാതെ നമ്മളൊക്കെ ഇങ്ങനെ നിരന്തരം വന്നിരുന്ന്. എവിടെയൊക്കെയാണ് പാകപ്പിഴകളുണ്ടായിരിക്കുന്നത്. ഇതില്‍ സ്വാധീനം ഉണ്ടായിട്ടുള്ളത്. ഇങ്ങനെ അന്വേഷിച്ചാല്‍ ഇത് വിടാതെ പിടിച്ചാണ് ഈ കേസ് മുന്നോട്ടുകൊണ്ടു പോകുന്നത്. നമ്മള്‍ ആരും വിഡ്ഢികളൊന്നുമല്ല. ഇങ്ങനെ ഒരു പക്ഷം പിടിച്ച് സംസാരിക്കുന്നവര്‍ അക്കാര്യം മനസിലാക്കണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

എല്ലാവരും പറയും എന്റെ മകളെ പോലെയാണെന്ന്, എന്റെ അനിയത്തിയെ പോലെയാണെന്ന് എന്റെ സഹപ്രവര്‍ത്തകയാണ്. എന്നിട്ട് എന്ത് ചെയ്തു ഇവര്‍. അവര്‍ക്ക് വേണ്ടി ഇവര്‍ എന്ത് ചെയ്തു. അവളെ ഒന്നുപോയി കാണാനോ സംസാരിക്കാനോ അവളെ ഒന്ന് ആശ്വസിപ്പിക്കാനോ. ഒന്നം ഇല്ല,. പക്ഷേ, ചോദ്യം ചോദിക്കുമ്പോള്‍ എല്ലാവരും പെട്ടെന്ന് ഇത് പറയും എന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനാക്കുക. ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ എനിക്ക് അത് ഞെട്ടലുണ്ടാക്കുന്നതാണ്.’ ‘അവള്‍ വളരെ നല്ല പെണ്‍കുട്ടിയാണ്. എനിക്ക് മകളെ പോലെയാണ്. നടിയ്ക്ക് സംഭവിച്ചത് കേട്ട് എനിക്ക് വളരെ വിഷമം തോന്നി,’ എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഈ സംഭവത്തോടെ മലയാള സിനിമാ മേഖലയില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ട്. പരസ്പരം വിശ്വാസമില്ലാത്ത അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഹോം സിനിമ ഇറങ്ങിയപ്പാഴാണ് ദിലീപുമായി അവസാനമായി സംസാരിച്ചത്. പക്ഷേ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെയും സംസാരിച്ചിട്ടില്ല’ എന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

കൂടാതെ ഡബ്ലുസിസിയെ കുറിച്ചും താരം പറഞ്ഞു. ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസിനെ പിന്തുണച്ച് കൂടുതല്‍ ആളുകള്‍ എത്തുമായിരുന്നു. സംഘടന രൂപപ്പെട്ടില്ലെങ്കിലും നിയമ പോരാട്ടം നടക്കുമായിരുന്നു. പ്രശ്‌നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. സിനിമ മേഖല സമൂഹത്തിന്റെ ഒരു ഭാഗമാണ്. സമൂഹത്തിലുള്ള എല്ലാം പ്രശ്‌നങ്ങളും സിനിമാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. പ്രശ്‌നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നുമാണ് ഇന്ദ്രന്‍സ് പറഞ്ഞത്.

Vijayasree Vijayasree :