“ഇനി ശബരിമലയിലേയ്ക്ക് പോകുന്നത് അവരാണ്…..” വിധിയില്‍ വ്യത്യസ്ത പ്രതികരണവുമായി ഭാഗ്യലക്ഷ്മി

“ഇനി ശബരിമലയിലേയ്ക്ക് പോകുന്നത് അവരാണ്…..” വിധിയില്‍ വ്യത്യസ്ത പ്രതികരണവുമായി ഭാഗ്യലക്ഷ്മി

കഴിഞ്ഞ ദിവസം ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നിരുന്നു. അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ചരിത്രവിധി പ്രഖ്യാപിച്ചത്.

വിധി വ്ന്നതിന് പിന്നാലെ രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി. കമല്‍ ഹാസന്‍, നവ്യാ നായര്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി വിഷയത്തില്‍ മെട്രോമാറ്റിനിയോട് പ്രതികരിച്ചിരിക്കുകയാണ്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേയ്ക്ക്-

“വിധി സ്വാഗതാര്‍ഹമാണ്… ഇങ്ങനെയൊരു വിധി വന്നതില്‍ സന്തോഷമുണ്ട്. വരുന്നവരൊക്കെ 41 ദിവസത്തെ വൃതമെടുത്തിട്ടാണ് വരുന്നതെന്ന് എങ്ങനെയാണ് അവര്‍ തീരുമാനിക്കന്നത്…. വരുന്നവരൊക്കെ 41 ദിവസത്തെ വൃതം എടുത്തിട്ടാണ് വരുന്നതെന്നതിന് എന്താണ് ഉറപ്പ്. 41 ദിവസത്തെ വൃതം എടുത്തിട്ടുണ്ടെന്നുള്ളതിന് എന്തെങ്കിലും പരിശോധനയുണ്ടോ? ശബരിമലയുടെ ഐതിഹ്യമെന്താണ്…? ശബരിമലയുടെ പവിത്രതയെന്താണെന്ന് മലയാളികള്‍ക്ക് മാത്രമെ അറിയുള്ളു… അന്യ സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്ക് അതിന്റെ പവിത്രതയും അതിന്റെ മഹത്വവും ഒന്നുമറിയില്ല. അതുകൊണ്ട് നമ്മള്‍ മലയാളികള്‍ മാത്രമാണ് ഇങ്ങനെയുള്ള ചില ആചാരങ്ങള്‍ മുറുകെ പിടിച്ച് ജീവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നമ്മളൊക്കെ ആചരിക്കുന്നത് പോലെ വളരെ കൃത്യമായി ആചാരാനിഷ്ഠാനങ്ങളോടു കൂടി വൃതമൊക്കെ എടുത്തിട്ടാണ് അവരൊക്കെ വരുന്നതെന്ന് നമ്മുക്ക് ഉറപ്പ് പറയാനാകില്ല.

എല്ലാ കാര്യങ്ങളും മാറി മാറി വന്നുകൊണ്ടിരിക്കുകയാണ്. കാലത്തിനനുസരിച്ച് എല്ലാം മാറണമല്ലോ… പണ്ട് ശബരിമലയില്‍ വര്‍ഷത്തില്‍ 41 ദിവസം മാത്രമല്ലേ നടതുറന്നിരുന്നുത്.. അതൊരു ആചാരമായിരുന്നില്ലേ.. ആ ആചാരം എങ്ങനെയാണ് മാറിയത്…? ആരാ മാറ്റിയത്…? ഇതേ ദേവസ്വത്തിലുള്ള ആളുകളല്‍ തന്നെയല്ലേ അത് മാറ്റിയത്. 41 ദിവസം നട തുറന്നിരുന്ന ആചാരം എങ്ങനെയാണ് മാറിയത്.. അതുകഴിഞ്ഞ് മലയാളം മാസം ഒന്നാം തീയതി മാത്രം നട തുറക്കുന്നൊരു ആചാരം വന്നു. കാലക്രമേണ അതും മാറി ഇപ്പോള്‍ എല്ലാ മാസവും ഒന്നു മുതല്‍ പത്താം തീയതി വരെ നടതുറന്നു തുടങ്ങി. അപ്പോള്‍ അതെല്ലാം മാറ്റാം. എന്തുകൊണ്ട് സ്ത്രീകളുടെ വിഷയത്തില്‍ മാത്രം ഈ മാറ്റം അംഗീകരിക്കുന്നില്ല.. ആ മാറ്റവും സംഭവിക്കണമല്ലോ.. എന്തുതന്നെ വന്നാലും ഈ വിധി വന്നത് കൊണ്ട് കേരളത്തിലെ സ്ത്രീകളൊന്നും ശബരിമലയിലേയ്ക്ക് ഇടിച്ചു കയറാനൊന്നും പോകുന്നില്ല.. ശബരിമലയില്‍ ഇനി പോകാന്‍ പോകുന്നത് അന്യസംസ്ഥാന സ്ത്രീകളായിരിക്കും.

കാരണം കേരളത്തിലെ സ്ത്രീകളുടെ മനസ്സില്‍ അത്രമാത്രം അടിയുറച്ച ഒരു അന്തവിശ്വാസം കയറ്റിവെച്ചിട്ടുണ്ട്. അത് മാറ്റാന്‍ വലിയ പാടാണ്. അത് മാറില്ല.. നമ്മള്‍ ഹിന്ദു സംസ്‌കാരം എന്ന് പറയുന്നത് വളരെ വിശാല മനസ്ത്ഥിതിയോട് കൂടി ഉണ്ടാക്കിയിരിക്കുന്ന ഒരു സംസ്‌കാരമാണ്. ഒരുപാട് സ്വാതന്ത്ര്യമുള്ള ഒരുപാട് മനസ്സിലാക്കലുകളുള്ള ഒരു സംസ്‌കാരമാണ്. അപ്പോളിത് നമ്മളായിട്ട് തന്നെ ചെയ്യേണ്ട ഒരു കാര്യമായിരുന്നു. ഇത് കോടതിയിലല്ല പോകേണ്ടിയിരുന്നത്. കുറേകൂടി ദേവസ്വം തന്നെ ഇതിലൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്രയും അധികം വിമര്‍ശനങ്ങളും ഇത്രയും അധികം കലാപങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ നമ്മള്‍ തന്നെ എടുക്കേണ്ടൊരു തീരുമാനമായിരുന്നു. നമ്മളത് ചെയ്തിരുന്നെങ്കില്‍ മറ്റു പലരുടെയും മുന്നില്‍ നമ്മള്‍ കുറേക്കൂടി ബഹുമാനിക്കപ്പെടുമായിരുന്നു.

മറ്റൊരു മതത്തിലുമില്ല സ്ത്രീയ്ക്ക് ഇത്രയേറെ സ്വാതന്ത്ര്യം. ഒരു മതത്തിലുള്ള എല്ലാ വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ട്. സ്ത്രീയ്ക്ക് മാത്രമല്ല എല്ലാവര്‍ക്കും.. വേണമെങ്കില്‍ പ്രാര്‍ത്ഥിച്ചാല്‍ മതി. വേണമെങ്കില്‍ അമ്പലത്തില്‍ പോയാല്‍ മതി. നിര്‍ബന്ധമൊന്നുമില്ല. ആരും ഒന്നും വഴക്കു പറയാന്‍ പോകുന്നില്ല. വൃതം വേണമെങ്കില്‍ വൃതമെടുത്താല്‍ മതി. ഇത്രയും സ്വാതന്ത്ര്യമുള്ള മതത്തില്‍ ഒരു സംസ്‌കാരത്തില്‍ എന്തിനാണ് ആരോ എഴുതിവെച്ച ഒരു പുരാണത്തിലും ഇതൊന്നും പറയുന്നില്ല.. സ്ത്രീ അവിടെ വരാന്‍ പാടില്ലെന്ന് എന്നൊന്നും പറയുന്നില്ല. പുരാണങ്ങളിലെപ്പോഴും സ്ത്രീയെ ദേവിയായിട്ടാണ് കാണുന്നത്. അത് കോടതിയിലും പറഞ്ഞിരുന്നല്ലോ.. സ്ത്രീയെ ദേവിയായി കാണുന്നൊരു സംസ്‌കാരമാണ് ഹിന്ദു സംസ്‌കാരം. അതുകൊണ്ട് സ്ത്രീയ്ക്ക് മാത്രം അവിടെ പ്രവേശനം അനുവദിക്കുന്നില്ലെന്ന് പറഞ്ഞാല്‍ അത് പണ്ടത്തെ കാലത്ത് ആരോ എഴുതിവെച്ചതാണ്.. അതൊക്കെ മാറ്റേണ്ട സമയം വൈകി പോയി.

ചിലര്‍ ശിവരാത്രികളില്‍ ഉറക്കമിളിച്ചിരുന്ന് ശിവനെ പ്രാര്‍ത്ഥിക്കുന്നവരുണ്ട്.. ഇതൊന്നുമില്ലാതെ ശിവരാത്രി നോക്കുന്നവരുണ്ട്.. ഞാനൊക്കെ ശിവരാത്രിയുടെ പിന്നാലെ ഓടിയിട്ടുണ്ട് ഒരുകാലത്ത്. അത്തരം കാര്യങ്ങള്‍ ഞാന്‍ ആസ്വദിക്കുന്ന ഒരാളുമാണ്. പക്ഷേ ഞാനൊരിക്കലും വൃതമെടുക്കാറില്ല. ഞാനങ്ങനെ പട്ടിണി കിടന്നിട്ട് ദൈവത്തെ പ്രാര്‍ത്ഥിക്കാറില്ല. എന്നെ സംബന്ധിച്ച് എന്റെ ദൈവം എന്റെ സുഹൃത്താണെന്ന് വിശ്വസിക്കുന്ന ആളാണ്. ഞാനെന്തു പറഞ്ഞാലും കേള്‍ക്കുന്ന എന്നെ മനസ്സിലാക്കുന്ന.. എന്നെ തെറ്റിദ്ധരിക്കില്ല… എന്നെ ശിക്ഷിക്കില്ല.. കാരണം ദൈവം സ്‌നേഹമല്ലേ.. ദൈവം സുഹൃത്തല്ലേ… ദൈവ കോപം എന്നു പറഞ്ഞാല്‍ ദൈവം മനുഷ്യന് മാതിരി കോപിക്കുകയാണെങ്കില്‍ പിന്നെ ദൈവം എന്ന് പറഞ്ഞിട്ട് കാര്യമില്ല… ക്ഷമിക്കുന്നവനെ നമ്മള്‍ ദൈവത്തിന് തുല്യം കാണണം.. സ്‌നേഹിക്കുന്നവരെയും ക്ഷമിക്കുന്നവരെയും എല്ലാം നമ്മള്‍ ദൈവമായി കാണണം. സ്ത്രീ അവിടെ ചെന്നെന്ന് കരുതി അയ്യപ്പന്റെ വൃതമൊന്നും ഇല്ലാതാവില്ല. അത്ര ചെറിയവനല്ല അയ്യപ്പന്‍. വലിയവാണ് അയ്യപ്പന്‍. ഈശ്വരനാണ്.. അതിനങ്ങനെ ചെറുതായി കാണരുത്.. അതാണ് എന്റെ അഭിപ്രായം.


ഞാന്‍ ഇതുവരെയും അങ്ങോട്ട് പോകണമെന്ന് ആഗ്രഹിച്ചിട്ടേയില്ല. പോകണമെന്ന് തോന്നിയാല്‍ പോകും. എനിക്ക് വിശ്വാസമില്ലാത്തത് കൊണ്ടല്ല.. ഞാന്‍ വിശ്വസിക്കുന്ന അയ്യപ്പനെ അവിടെ വരെ പോയി കാണേണ്ട കാര്യമില്ല.. എനിക്ക് വീട്ടിലിരുന്ന് കാണാവുന്നതെയുള്ളു..അതുകൊണ്ടാണ് ഞാന്‍ ശബരിമലയില്‍ പോകാത്തത്.. കാരണം അതുതന്നെയാണ് ശബരിമലയില്‍ പറഞ്ഞിരിക്കുന്നത്… തത്വമസി!”

Bhagyalakshmi about Sabarimala Supreme Court verdict

Farsana Jaleel :