മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.
അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങൾ…, മേക്കോവറുകൾ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
ഇക്കാലയളവിനിടെ സാമ്പത്തികപരമായി മഞ്ജു വാര്യർക്കുണ്ടായ വളർച്ചയും എടുത്ത് പറയേണ്ടതാണ്. വിലപിടിപ്പുള്ള നായികമാരിൽ ഒരാളായ മഞ്ജു വാര്യർ പടി പടിയായാണ് സാമ്പത്തികമായി വളർന്നത്. 140 കോടിക്ക് മുകളിൽ ആസ്തി മഞ്ജു വാര്യർക്ക് ഇന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാറുകളോടാണ് മഞ്ജു വാര്യർക്ക് താത്പര്യം. മിനികൂപ്പർ എസ്ഇ ഇലക്ട്രിക് ഹാച്ച്ബാക്ക് വാങ്ങിയ ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റി മഞ്ജു വാര്യർ ആണ്.
റേഞ്ച് റോവർ, ബെൻസ് എന്നീ കാറുകളും മഞ്ജു വാര്യരുടെ കലക്ഷനിലുണ്ട്. ഇതിന് പുറമെ ലക്ഷ്വറി ബെെക്കായ ബിഎംഡബ്ല്യു ആർ 1250 ജിഎസും 21 ലക്ഷം രൂപ മുടക്കി താരം സ്വന്തമാക്കി. ഒരു ഘട്ടത്തിൽ സാമ്പത്തികമായി ഒന്നും കെെയ്യിലില്ലാതിരുന്ന ആളാണ് മഞ്ജു വാര്യർ. നൃത്ത വേദികളിലൂടെ പണം സ്വരൂപിച്ച ഒരു സമയം മഞ്ജുവിനുണ്ടായിരുന്നുവെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ട സമയത്ത് മഞ്ജു വാര്യരുടെ കെെയ്യിൽ പണമൊന്നും ഇല്ലായിരുന്നെന്നാണ് ഭാഗ്യലക്ഷ്മി സൂചിപ്പിച്ചത്. മഞ്ജു തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞിരുന്നത്. കരിക്കകം ക്ഷേത്രത്തിലുള്ളവർ എന്നെ വിളിച്ചു. ഉത്സവ കാലത്ത് ഡാൻസിന് മഞ്ജു വാര്യരെ സംഘടിപ്പിച്ച് തരാമോ എന്ന് ചോദിച്ചു. ഗീതു മോഹൻദാസിനോട് സംസാരിച്ചപ്പോൾ മഞ്ജുവിന്റെ നമ്പർ തന്നു. ഞാൻ മഞ്ജുവിനെ വിളിച്ചു. ഡാൻസ് കളിക്കുമോ എന്ന് ചോദിച്ചു.
കളിക്കും ചേച്ചി, ഡാൻസ് ചെയ്തേ പറ്റൂ. സാമ്പത്തികമായി ഞാൻ വളരെ പ്രശ്നത്തിലാണ്. കാരണം എന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. കെെയ്യിൽ പെെസ ഇല്ല, പെെസ വേണം എന്ന് പറഞ്ഞു. അങ്ങനെ ആ ക്ഷേത്രത്തിൽ നല്ല തുകയ്ക്ക് മഞ്ജു വാര്യർ ഡാൻസ് ചെയ്തെന്നും ഭാഗ്യലക്ഷ്മി അന്ന് ചൂണ്ടിക്കാട്ടി. അക്കാലത്ത് ദിലീപും മഞ്ജു വാര്യരും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. വിവാഹ ജീവിതം തകർന്നതോടെ ഭർത്താവ് ദിലീപിൽ നിന്നും ജീവനാംശമായ ഒന്നും വാങ്ങാതെയാണ് മഞ്ജു വാര്യർ പുതിയൊരു ജീവിതം കെട്ടിപ്പടുത്തത്.
ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.
ഹൗ ഓൾഡ് ആർ യുവിന് ശേഷം എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് നടി രണ്ടാമത് അഭിനയിച്ചത്. ശേഷം നടി പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ വൈറലായിരുന്നു. മഞ്ജുവിന്റെ വ്യക്തി ജീവിതവുമായി സിനിമയ്ക്ക് ബന്ധമില്ലേ എന്ന് ചോദിച്ചവരുണ്ട്. എനിക്കൊന്നും പറയാൻ നിവൃത്തിയില്ലാത്ത അവസ്ഥ. വളരെ ബാലിശമായി ആൾക്കാർ സങ്കൽപ്പിച്ച് ഇങ്ങനെയായിരിക്കും അങ്ങനെയായിരിക്കും, അത് ഉദ്ദേശിച്ചാണ് ഇത് എന്ന് പറയും.
അങ്ങനെയെങ്കിൽ ഒരു കഥയും എനിക്ക് എടുക്കാൻ പറ്റില്ല. ജീവിതമാകുമ്പോൾ പ്രശ്നങ്ങളും അതിനെ അതിജീവിക്കലും ഉണ്ടാകും. അതില്ലെങ്കിൽ കഥയില്ലല്ലോ. എല്ലാം കണക്ട് ചെയ്ത് കൊണ്ട് പോകരുത്. സിനിമയിൽ കഥാപാത്രങ്ങളാണ് സംസാരിക്കുന്നത്. അഭിനയിക്കാതിരിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നിയോ എന്ന് എല്ലാവരും ചോദിക്കാറുണ്ട്.
ഒന്നുമില്ല, ഞാൻ അങ്ങേയറ്റം സന്തോഷം അനുഭവിച്ച് തന്നെയായിരുന്നു ഇരുന്നത്. അല്ലാതെ ബുദ്ധിമുട്ടി, അഭിനയിക്കാൻ വയ്യല്ലോ എന്നൊന്നും ചിന്തിച്ചിട്ടില്ലെന്നും മഞ്ജു വാര്യർ അന്ന് വ്യക്തമാക്കി. മഞ്ജു വാര്യർ സിനിമാ രംഗത്ത് നിന്നും വിട്ട് നിന്ന കാലത്തെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാടും അന്ന് സംസാരിച്ചു. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ മഞ്ജുവിന്റേത് വലിയ ഇടവേളയായിരുന്നു. പക്ഷെ എനിക്കതൊരു ഗ്യാപ്പായി തോന്നിയിട്ടില്ല.
ഒന്ന് മഞ്ജുവൊന്നും നഷ്ടപ്പെടുത്തിയിട്ടില്ല. മഞ്ജു ദുഖകരമായ കാലഘട്ടത്തിലൂടെ കടന്ന് പോയെന്ന് ആളുകൾ തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. മഞ്ജു സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയം നിർത്തിയത്. ഞാനഭിനയിക്കുന്നില്ലെന്ന് മഞ്ജു തീരുമാനിക്കുകയായിരുന്നു. ഒരു നിലയ്ക്ക് അന്ന് മഞ്ജു സന്തോഷിച്ചിട്ടേയുണ്ടാകൂ.
കാരണം ഡാൻസ് പ്രാക്ടിസിനൊക്കെ മഞ്ജുവിന് മടിയായിരുന്നെന്ന് അമ്മ പറയുമായിരുന്നെന്നും സത്യൻ അന്തിക്കാട് തമാശയോടെ പറഞ്ഞു. മഞ്ജുവിന്റെ ജീവിതത്തിലേത് വേദനാജനകമായ അധ്യായമായിരുന്നു. അതും എന്നും എപ്പോഴും സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും സത്യൻ അന്തിക്കാട് അന്ന് വ്യക്തമാക്കിയിരുന്നു.
സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയശേഷമാണ് നടി ഫിറ്റ്നസിന് പ്രാധാന്യം കൊടുത്ത് തുടങ്ങിയത്. ഇന്ന് മലയാള സിനിമയിൽ മാറുന്ന ട്രെന്റിന് അനുസരിച്ച് വസ്ത്രധാരണം നടത്തുന്ന അഭിനേത്രിയാണ് മഞ്ജു. നാൽപ്പത്തിയാറിലും മഞ്ജുവിന് ഇരുപതുകളുടെ ചെറുപ്പവും ഫിറ്റ്നസുമാണെന്നുമാണ് ആരാധകർ പറയാറുള്ളത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
അടുത്തിടെ, ഇവരുടെ വിവാഹ മോചനത്തിന് ശേഷം ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് സംസാരിച്ചതിന്റെയും ദിലീപിനെക്കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു പറഞ്ഞ മറുപടിയും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരുന്നു. ദിലീപ് നൽകിയ അഭിമുഖത്തിൽ മഞ്ജുവിനൊപ്പം അഭിനയിക്കാൻ ഇനിയൊരു അവസരം വന്നാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ‘ ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണെങ്കിൽ അഭിനയിക്കുന്നതിൽ എന്താണ് പ്രശ്നം.
ഞാനും മഞ്ജുവും തമ്മിൽ അതിനുള്ള ശത്രുത ഒന്നുമില്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ. അപ്പോൾ ആലോചിക്കാം, എന്നാണ് ദിലീപ് പറഞ്ഞത്. ദിലീപിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മഞ്ജു വാര്യർ മറുപടി പറയുന്ന വീഡിയോയും വീണ്ടും വൈറലാവുന്നുണ്ട്. ‘ കഴിഞ്ഞ ഒരു അഭിമുഖത്തിൽ ദിലീപേട്ടൻ പറഞ്ഞു ചേച്ചിയുടെ കൂടെ അഭിനയിക്കാൻ… ‘ എന്ന് ചോദിച്ച് തുടങ്ങുമ്പോഴേക്കും വേണ്ട, സാരമില്ല അതേക്കുറിച്ച് സംസാരിക്കേണ്ട, ‘ എന്നാണ് മഞ്ജു പറയുന്നത്.
വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്.
അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.
അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ.
മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യറുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ നിരവധി അവകാശവാദങ്ങളുന്നയിച്ചിരുന്നു സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജു വാര്യറുടെ ജീവൻ അപകടത്തിലാണെന്നും നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി എന്നെല്ലാം ചോദിച്ചുകൊണ്ടാണ് സംവിധായകന്റെ പോസ്റ്റുകൾ.
ഏതാനും ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകൾ സനൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ നടി പോലീസിൽ പരാതിയും നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടിയാണ് നടി പരാതി നൽകിയത്. കൊച്ചി എളമക്കര പൊലീസാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. യുഎസിൽ നിന്നാണ് സനൽകുമാർ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്തു നിന്നും സനലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.