ഒരു പണിയും ഇല്ലാത്ത ചിലർ കൊതിയും നുണയും പറയുന്ന പോലൊരു പോസ്റ്റ്. തനി തറ.. ശ്രീകുമാറിനെ രൂക്ഷമായി വിമർശിച്ച് ഭാഗ്യലക്ഷ്മി!

മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പരാതിനൽകിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്.സംഭവത്തെത്തുടർന്ന് പലരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.മാത്രമല്ല മഞ്ജുവിന്റെ പരാതിയിൽ ഡി ജി പി അന്വേഷണം ആരംഭിക്കാനിരിക്കുകയുമാണ് .ഇപ്പോളിതാ സംഭവത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി എഴുതിയ ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പോസ്റ്റിൽ ഭാഗ്യലക്ഷ്മി ശ്രീകുമാറിനെ പ്രത്യക്ഷമായും പരോക്ഷമായും വിമർശിക്കുന്നു.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പിങ്ങനെയാണ്

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാരിയർ പൊലീസിൽ പരാതി നൽകി എന്ന വാർത്ത വന്നതിന് പിന്നാലെ ശ്രീകുമാർ മേനോന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടു..തനി പരദൂഷണം..അദ്ദേഹമാണത്രെ മഞ്ജു വാരിയർക്ക് രണ്ടാമത് ഒരു ജീവിതം ഉണ്ടാക്കി കൊടുത്തത്.. അതിന്റെ നന്ദി മഞ്ജു അയാളോട് കാണിച്ചില്ല എന്ന്..

മഞ്ജു ഇറങ്ങി വരുമ്പോൾ കൈയിൽ 1500 രൂപയേ ഉണ്ടായിരുന്നുളളു, മഞ്ജുവിന്റെ അച്ഛൻ അങ്ങനെ പറഞ്ഞു, അമ്മ ഇങ്ങനെ പറഞ്ഞു ഇങ്ങനെ നീണ്ടുപോകുന്നു.

ഒരു പണിയും ഇല്ലാത്ത ചിലർ കൊതിയും നുണയും പറയുന്ന പോലൊരു പോസ്റ്റ്. തനി തറ..

വലിയ വലിയ പരസ്യങ്ങൾ ചെയ്ത,അമിതാഭ് ബച്ചനെപ്പോലെ വലിയ വലിയ ആളുകളുമായി ഇടപഴകിയിട്ടും അതിന്റെ പക്വതയില്ലാതെ, സംസ്കാരമില്ലാതെ, മുൻകാല സുഹൃത്തിനെ പറ്റി സോഷ്യൽമീഡിയയിൽ എഴുതിയ നിങ്ങളുടെ അന്തസ്സില്ലായ്മ പലപ്പോഴായി ബോധ്യപ്പെട്ടതുകൊണ്ടു തന്നെയാവാം അവർ നിങ്ങളുടെ സൗഹൃദം ഉപേക്ഷിച്ച് പോയത് എന്ന് ഏത് ബുദ്ധിയുളളവനും അത് വായിച്ചാൽ മനസിലാവും.

നിങ്ങൾ അല്ലെങ്കിൽ മറ്റൊരാൾ മഞ്ജുവിനെ അഭിനയിപ്പിക്കും..അങ്ങനെയെങ്കിൽ മഞ്ജു വാരിയർ എന്ന നടിയെ നായികയാക്കിയത് ലോഹിതദാസും സുന്ദർദാസും ആയിരുന്നല്ലോ അവരും അവകാശപ്പെടണ്ടേ ഞങ്ങളാണ് മഞ്ജുവിന് ജീവിതം കൊടുത്തത് എന്ന്.

ജീവിതം കൊടുക്കാൻ നിങ്ങളാരാ ബ്രഹ്മാവോ? ശ്രീമാൻ ശ്രീകുമാർ മേനോൻ നിങ്ങൾക്കെതിരെ ഒരു സ്ത്രീ പരാതി കൊടുത്തതിന്റെ കാരണമെന്താണെന്ന് ഇപ്പോൾ മനസ്സിലായി, എത്രമാത്രം മാനസികമായി പീഡിപ്പിച്ചിരിക്കാം നിങ്ങൾ അവരെ? ഇങ്ങനെയൊക്കെ എഴുതുന്ന നിങ്ങളെ എങ്ങനെ സഹിക്കും?

“ഞാനല്ലേ നിന്നെ അങ്ങനെയാക്കിയത് ഇങ്ങനെ ആക്കിയത്” എന്ന് നിരന്തരം പറയുന്ന ഒരു സുഹൃത്തിനെ?..കൂടെ കൊണ്ട് നടക്കുന്നത് എന്തൊരു ദുരന്തമാണ്…ഏതോ വഴിയേ പോകുന്ന ഒരാളെ പിടിച്ചല്ല നിങ്ങൾ പരസ്യത്തിൽ അഭിനയിപ്പിച്ചത്..

കേരളം ഇഷ്ടപ്പെടുന്ന ഒരു നടിയാണ് മഞ്ജു വാരിയർ, ഉന്നതിയിൽ നിൽക്കുമ്പോഴാണ് അവർ സിനിമ വിട്ടത്.. പതിനാല് വർഷങ്ങൾക്കു ശേഷവും അവരുടെ തിരിച്ചു വരവ് ജനം കാത്തിരുന്ന സമയത്താണ് നിങ്ങൾ അവരെ പരസ്യത്തിൽ അഭിനയിപ്പിച്ചത്..അതിലൂടെ നിങ്ങളല്ലേ അവരുടെ പ്രശസ്തി മുതലെടുത്തത്?. ഒടിയൻ സിനിമ സമയത്തും അവർക്കെതിരെ നിങ്ങൾ പലതും പറഞ്ഞു.. അതിനർഥം പ്രശസ്തയായ ഒരു സ്ത്രീയെ അപമാനിക്കുന്നതിലൂടെ കിട്ടുന്ന പ്രശസ്തിയല്ലേ നിങ്ങൾ ലക്ഷ്യമിടുന്നത്?..

എന്നാൽ മഞ്ജു ഒരിക്കൽ പോലും നിങ്ങളെ കുറിച്ചോ അവരെ അപമാനിച്ചവരെ കുറിച്ചോ,ദ്രോഹിച്ചവരെ കുറിച്ചോ പരിഹസിച്ചവരെ കുറിച്ചോ സോഷ്യൽ മീഡിയയിലോ അഭിമുഖങ്ങളിലോ ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ?പറയില്ല അതാണ് ബുദ്ധി, സംസ്കാരം. അന്തസ്സ്..

ശ്രീകുമാർ മേനോൻ, നിങ്ങൾ എന്താണ് കരുതിയത്.. ഒരു സ്ത്രീ, അവളെ സഹായിക്കുന്നവന്റെ അടിമയായി ജീവിതകാലം മുഴുവൻ ജീവിക്കണമെന്നോ? എന്തൊക്കെയോ പ്രതീക്ഷിച്ചു കൊണ്ടല്ലേ നിങ്ങൾ അവരെ സഹായിച്ചത്? അത് നടക്കാതെ പോയതിന്റെ വൈരാഗ്യമല്ലേ നിങ്ങൾ അവരെ അപമാനിച്ച് തീർക്കുന്നത്? ഇക്കണക്കിന് നിങ്ങളുടെ സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്താണ്?എല്ലാവരും നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രതീക്ഷിക്കൊത്ത് നടന്നില്ലെങ്കിൽ അവരെ ഇങ്ങനെ അപമാനിക്കും അല്ലേ?

നിങ്ങളുടെ പോസ്റ്റിൽ പറഞ്ഞത് മുഴുവൻ ശുദ്ധ നുണയാണെന്നും അസംബന്ധമാണെന്നും അത് വായിക്കുന്ന ഏതൊരു വിവരമുള്ള മലയാളിക്കും മനസിലാവും…താൻ സഹായിക്കുന്നവന്റെ വളർച്ച കണ്ടിട്ട് സഹിക്കാൻ പറ്റാത്തവന്റെ കൊതിക്കെറുവ് പോലെ തോന്നി അത് വായിച്ചിട്ട് .

എന്തിന്റെ പേരിലായാലും ഒരു സുഹൃത്ത്, ജീവിത പങ്കാളി അത് ആണായാലും പെണ്ണായാലും ആ ബന്ധം ഉപേക്ഷിച്ച് പോയാൽ അതിനെ അംഗീകരിക്കണം..അതാണ് അന്തസ്സ്..

നിങ്ങൾ എന്തിനാണ് ഇങ്ങനെ അവരുടെ പിന്നാലെ സഞ്ചരിക്കുന്നത്? നിങ്ങൾ സിനിമ ചെയ്യാനല്ലേ ഈ രംഗത്തേക്ക് വന്നത്? പോയി സിനിമ ചെയ്യൂ ,കഴിവ് തെളിയിക്കൂ..അല്ലാതെ സൗഹൃദം ഉപേക്ഷിച്ച് പോയ പെണ്ണിന്റെ പിന്നാലെ നടന്ന് അവളെ അപമാനിച്ച് ഭീഷണിപ്പെടുത്തി സമയം പാഴാക്കൽ ഒരു കലാകാരന് ചേർന്ന പണിയല്ല..

bhagya lekshmi’s facebook post against sreekumar menon

Sruthi S :