മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇപ്പോഴത്തെ ചർച്ചാവിഷയമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ ഇറങ്ങിപ്പോയിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. അവതാരകയുടെ ഭാഗത്ത് നിന്നുണ്ടായ പരാമർശമാണ് ഭാഗ്യലക്ഷ്മിയെ പ്രകോപിപ്പിച്ചത്. ചർച്ച അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോഴാണ് ഭാഗ്യലക്ഷ്മിയുടെ ഇറങ്ങിപ്പോക്ക്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ;
കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ ആകെ വിഷമത്തിലാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള ദിവസങ്ങളിൽ സിനിമ രംഗത്തെ സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുന്നതാണ് ഞാൻ കാണുന്നത്. എന്താണ് സ്ക്രോളിങ് എഴുതിക്കാണിക്കുന്നത്. ‘കൂടെ കിടന്നില്ലെങ്കിൽ അവസരങ്ങൾ ലഭിക്കില്ല’ എന്ന്.
അപ്പോൾ ഇത്രയും കാലം മുഴുവൻ ഇവിടെ അധ്വാനിക്കുകയും തങ്ങളുടെ കഴിവുകൾ തെളിയിക്കുകയും ചെയ്ത ആർട്ടിസ്റ്റുകളെ ചെളിവാരി എറിയുകയല്ലേ ചെയ്ത് കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ സ്ത്രീകളെ സഹായിക്കുന്നതിന് പകരം സിനിമയിലെ സ്ത്രീകളെ അപമാനിക്കുന്ന ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
സ്ത്രീ സുരക്ഷയെക്കുറിച്ച് പഠിക്കാൻ വേണ്ടി തയ്യാറാക്കിയ ഹേമ കമ്മിറ്റിക്ക് മുമ്പാകെ പോയി സംസാരിച്ചത് ആകെ 62 സ്ത്രീകളാണ്. ഡബ്ല്യു സിസി കൊടുത്ത നമ്പർ വെച്ചാണ് കമ്മിറ്റി അവരെയൊക്കെ വിളിച്ചിരിക്കുന്നത്. കമ്മിറ്റി സംഘടനയെ വിളിച്ച് നമ്പർ തേടുകയായിരുന്നു. കാരണം ഇവിടെ നടിമാർക്ക് മാത്രം അല്ലല്ലോ പരാതികൾ.
മേക്കപ്പ് രംഗത്ത് തുടങ്ങി ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിക്കുന്നവർക്ക് വരെ പറയാൻ ഒരുപാടുണ്ട്. എന്നിട്ടും ആകെ 62 പേരെയാണ് വിളിച്ചത്. മൊഴി കൊടുത്ത 62 പേരിൽ സമീപകാല 15 വർഷത്തെ സ്ത്രീകൾ ആരും ഇല്ല. എല്ലാവരും അതിന് മുമ്പുള്ളവർ, അതായത് 25-30 വയസ്സിന് മുകളിലുള്ളവരാണ്.
എന്റെ പേര് നിർദേശിച്ചത് ഡബ്ല്യു സി സിയാണ്. തുടർന്ന് ജസ്റ്റിസ് ഹേമ തന്നെയാണ് എന്നെ വിളിക്കുന്നത്. തുടർന്ന് ഞാൻ പോയി സംസാരിച്ചു. ഒരു മുപ്പത്തിയഞ്ച് വർഷം മുൻപത്തെ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. സമാനമായ രീതിയിൽ മറ്റ് പലരും വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യമാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഈ റിപ്പോർട്ട് പൂർണ്ണമല്ലെന്ന ഒരു അഭിപ്രായം എനിക്കുണ്ട്.
നടിക്കെതിരെ ദാരുണമായ ഒരു സംഭവം ഉണ്ടായപ്പോൾ ഞങ്ങൾ എല്ലാവരും അവളോടൊപ്പം നിൽക്കുകയും, ഈ കേരളം മുഴുവൻ അവളോടൊപ്പം നിൽക്കുകയും ചെയ്തതും എല്ലാവർക്കും അറിയാം എന്ന് ഭാഗ്യലക്ഷ്മി പറയുമ്പോൾ കേരളം മുഴുവൻ അവളോടൊപ്പം നിന്നു. നിങ്ങളല്ല, മലയാള സിനിമ ഇൻഡസ്ട്രിയല്ല. കേരളം മുഴുവൻ നിന്നു. മാധ്യമങ്ങൾ നിന്നു. പൊതുജനം നിന്നു. പിടി തോമസ് വഴി ഈ കേസ് പുറത്തേക്ക് വന്നു’ എന്നായിരുന്നു അവതാരക ഇടയ്ക്ക് കയറി പറഞ്ഞത്.
ഇതിൽ ക്ഷിഭിതയായ ഭാഗ്യലക്ഷ്മി, ഞാനല്ലേ, ഞാനല്ലെന്ന് എങ്ങനെയാണ് പറയുക. ചുമ്മാ എന്തും പറയരുത് നിങ്ങൾ. നിങ്ങൾക്ക് ആർഗ്യുമെന്റിനുള്ള ആളല്ല ഞാൻ വെരി സോറി. നിങ്ങളോട് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല. ഈ ചർച്ചയെ നിങ്ങൾ ഉദ്ധേശിക്കുന്ന തരത്തിൽ കൊണ്ടുപോകാൻ താൽപര്യമില്ല. സിനിമയ്ക്ക് അകത്ത് പത്ത് പേർ വില്ലന്മാർ ഉണ്ടാകും. പക്ഷെ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന, നല്ല സ്വഭാവമുള്ള എത്രയോ പുരുഷന്മാരുണ്ട്. അവരെ കാടടച്ച് വെടിവെക്കരുതെന്നേ ഞാൻ പറയുന്നുള്ളൂവെന്ന് പറഞ്ഞ് ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു.