ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും നടിയെന്ന നിലയിലും മലയാളികൾക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. തന്റെ അഭിപ്രായങ്ങൾ എവിടെയും തുറന്ന് പറയാറുള്ള ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ മലയാള ചലച്ചിത്ര മേഖലയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു സി സിയെ സംബന്ധിച്ച വിമർശനങ്ങൾ പലപ്പോഴും ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ നടന്ന ‘സ്ത്രീയും സിനിമയും’ എന്ന വിഷയത്തിലുള്ള ചർച്ചക്കിടെ പരസ്യമായി വാക്പോരിലേർപ്പെട്ടിരിക്കുകയാണ് ഭാഗ്യലക്ഷ്മിയും നടി പാർവതിയും. പാർവതി ചർച്ചയിൽ പാനൽ അംഗമായി പങ്കെടുത്തപ്പോൾ കാണികൾക്കിടയിൽ നിന്ന് ഭാഗ്യലക്ഷ്മി ചോദ്യം ഉന്നയിക്കുകയായിരുന്നു.
സിനിമ മേഖലയിൽ സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങളോടൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ടും പരാമർശിച്ചുകൊണ്ടായിരുന്നു പാർവതിയുടെ സംസാരം. ഡബ്ല്യു സി സി സിനിമയിലെ സ്ത്രീകൾക്കായി ഒരു ഇടം തുറന്ന് വെക്കുന്നു. എന്തെങ്കിലും തുറന്ന് പറയാനുള്ള ഒരു ഇടം ഇവിടെയുണ്ട്. ആർക്കും അവിടെ വന്ന് പറയാനുള്ളത് പറയാം. വിമർശിക്കാനുള്ളവർക്കും ഡബ്ല്യു സി സിയിലേക്ക് വരാമെന്നും പാർവതി പറഞ്ഞു.
പാർവതിയുടെ ഈ വാക്കുകൾക്ക് ഭാഗ്യലക്ഷ്മി മറുപടി നൽകുകയായിരുന്നു. ഈ ഓർഗനൈസേഷൻ കുറച്ചുകൂടി ആളുകൾക്ക് സംരക്ഷണം കൊടുക്കുന്ന രീതിയിൽ ആകണമെന്ന് ഡബ്ല്യു സി സിയെ ഉദ്ദേശിച്ചുകൊണ്ട് അവർ പറഞ്ഞു. ആളുകളുമായി ഇരുന്ന് സംസാരിക്കാനും അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനുമുള്ള ഒരു ഇടം നൽകാനുള്ള ശ്രമം ഡബ്ല്യു സി സി നടത്തിയാൽ നല്ലതാണ്.
അതോടെ കുറെ കൂടി ആളുകൾ നിങ്ങളിലേക്ക് വരാൻ ശ്രമിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഞങ്ങൾ എങ്ങനെയാണ് ഡബ്ല്യു സി സിയുടെ അടുത്തേക്ക് പോകേണ്ടതെന്ന് അവർ എന്നോട് ചോദിക്കുന്നു. ഇതൊന്നും ഡബ്ബിങ് ആർട്ടിസ്റ്റുകൾ അല്ല. അവർക്ക് പരാതിയില്ലെന്ന് തന്നെ കൂട്ടിക്കോളു. ചോദിക്കുന്നത് ടെക്നീഷ്യൻസ് അടക്കമുള്ള സ്ത്രീകളാണ്.
ഈ വിഷയം കൂടെ ഒന്ന് നിങ്ങൾ പരിഗണിക്കണമെന്നാണ് ഇത്രയും ആളുകളുടെ മുമ്പിൽ വെച്ച് എനിക്ക് പറയാനുള്ളത്. ഈ പരിപാടി വെറുതെ ഇവിടെ ഇരുന്ന് കേട്ടുപോകാം എന്ന് കരുതിയതാണ്. എന്നാൽ എന്റെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു നിർദേശം കൂടി വേണമെന്ന് തോന്നിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇതിന് മറുപടിയായി നിങ്ങൾക്ക് എന്തുകൊണ്ട് കളക്ടീവിൽയിൽ ചേർന്നുകൂടാ എന്നായിരുന്നു പാർവതിയുടെ ചോദ്യം. ‘ചേച്ചി നിങ്ങൾക്ക് എന്നെ നന്നായി അറിയാം. നിങ്ങൾക്ക് എന്റെ നമ്പർ കിട്ടാനും ഒരു പ്രയാസവും ഉണ്ടാകില്ല. നിങ്ങൾക്ക് എന്തുകൊണ്ട് കലക്ടീവിൽ ജോയിൻ ചെയ്തുകൂടാ’ പാർവതി ചോദിച്ചു. എന്നാൽ ഡബ്ല്യു സി സി തുടങ്ങിയ കാലത്ത് തന്നെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് സംഘടനയിൽ തന്നെ ഉള്ള ഒരാൾ പറഞ്ഞെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാൻ പോകുന്നത് സംബന്ധിച്ച് എന്നോട് ചർച്ച ചെയ്യാമെന്നും രാവിലെ ഒരുമിച്ച് പോകാമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ പിന്നെ ഞാൻ വാർത്തയിൽ കാണുന്നത് നിങ്ങളെല്ലാം മുഖ്യമന്ത്രിയെ കണ്ടുവെന്നാണ്. അപ്പോൾ ഞാൻ നിങ്ങളുമായി ബന്ധപ്പെട്ട് എന്നെ എന്തുകൊണ്ട് വിളിച്ചില്ലെന്ന് ചോദിച്ചു. മന്ത്രിയെ കാണാൻ പോകാൻ എന്തുകൊണ്ട് വിളിച്ചില്ല എന്നായിരുന്നില്ല ഞാൻ ചോദിച്ചത്. അതിന് മുമ്പ് പറഞ്ഞ ചർച്ചയുടെ കാര്യമാണ് ഞാൻ ചോദിച്ചത്.
നിങ്ങളെ കൂട്ടണ്ട എന്ന് ഞങ്ങളിൽ ചിലർ താല്പര്യപ്പെട്ടു എന്ന് എന്നോട് പറഞ്ഞത് നിങ്ങളുടെ ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ്. സംഘടനയ്ക്ക് അകത്ത് ഉള്ളവർക്ക് തന്നെ അങ്ങനെ ഒരു അഭിപ്രായം ഉണ്ടെങ്കിൽ എന്നെ കൂട്ടണ്ട എന്ന് ഞാൻ കരുതി. അതുകൊണ്ടാണ് ഡബ്ല്യു സി സിയിൽ ചേർന്ന് പ്രവർത്തിക്കാത്തതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.