കഴിഞ്ഞ ദിവസമായിരുന്നു നടി ഹണി റോസ് നൽകിയ ലൈം ഗികാധിക്ഷേപ പരാതിയിന്മേൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. ഈ നടപടി കുറേക്കൂടി നേരത്തെ വേണ്ടതായിരുന്നുവെന്ന് പറയുകയാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇത് കുറേക്കൂടി മുൻപേ വേണ്ടതായിരുന്നു. ഇയാൾ എത്രയോ വർഷങ്ങളായി മുൻപിലിരുന്ന് സംസാരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ നിരന്തരം സംസാരിച്ച് കൊണ്ടേയിരിക്കുന്നു. ഹണി റോസിനെ സ്‌റ്റേജിൽ നിർത്തിക്കൊണ്ടാണ് ഇയാൾ ആ വാക്ക് ഉപയോഗിച്ചത്. അന്ന് ഹണി അത് ചിരിച്ച് തമാശയായിട്ടെടുത്ത് കളഞ്ഞു.
ഇയാൾ കരുതിയത് എന്ത് പറഞ്ഞാലും സ്ത്രീകൾ പ്രതികരിക്കില്ല, അല്ലെങ്കിൽ സ്ത്രീകൾ അത് ആസ്വദിക്കുന്നുണ്ട് എന്നാണ്. അതാണ് അയാളെ ഇത്രയേറെ വളർത്തിയത്. ഈ വളർത്തലിന്റെ പിന്നിലാണ് ഈ കമന്റ് ഇടുന്നവർ ഉൾപ്പെടെ വരുന്നത്. നമ്മൾ മിണ്ടാതെ ഇരിക്കുന്തോറും അവർ അതൊരു അവസരമായി എടുത്ത് വീണ്ടും വീണ്ടും ഇതാവർത്തിച്ച് കൊണ്ടേയിരിക്കുന്നു. മൂന്ന് ദിവസം മുൻപ് താനൊരു വീഡിയോ കണ്ടപ്പോൾ അതിലും ഒരു പെണ്ണിന്റെ മുന്നിലിരുന്ന് ഹണി റോസിനെ കുറിച്ച് വളരെ മോശമായി പറയുന്നു.
അതായത് ഞാൻ നടി എന്നല്ലേ പറഞ്ഞത്, എന്നിട്ട് വേറൊരു വാക്ക് പറയുന്നു, അത് ഞാൻ പറഞ്ഞില്ലല്ലോ എന്ന്. അപ്പോഴേ തനിക്ക് തോന്നി എന്തുകൊണ്ട് ഇവർ ഇയാളുടെ പേര് പറഞ്ഞ് ഇയാൾക്കെതിരെ കേസ് കൊടുക്കുന്നില്ല എന്ന്. ഇൻസ്റ്റഗ്രാമിൽ താനൊരു പോസ്റ്റ് ഇട്ടു. ഹണീ നിങ്ങൾക്ക് പേടിയാണോ, എന്ത് കൊണ്ടാണ് അയാളുടെ പേര് ഉറക്കെ പറഞ്ഞ് അയാൾക്കെതിരെ പരാതി കൊടുക്കാത്തത് എന്ന് താൻ ചോദിച്ചിരുന്നു.
ഇപ്പോൾ വളരെ വൈകിയാണെങ്കിലും വളരെ സന്തോഷമുണ്ട്. ഇത് ഓരോരുത്തർക്കും ഒരു പാഠമാകണം. കമന്റ് ഇടുന്നവർക്കും സ്ത്രീകളെ ഇങ്ങനെ മോശം വാക്കുകൾ കൊണ്ട് അപമാനിക്കുന്ന, വെറും ഒരു സാധനം മാത്രമാണ് പെണ്ണ് എന്നുളള പണമുളളവന്റെ ഹുങ്ക് ആണ് ഈ കാണിക്കുന്നത്. വൈകിയാണെങ്കിലും ഇങ്ങനെ ഒരു തീരുമാനം ഹണി എടുത്തതിൽ സന്തോഷമുണ്ട് എന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
വയനാട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി 11.30ഓടെ ബോബിയുടെ വൈദ്യ പരിശോധന പൂർത്തിയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബോബിയെ തിരികെ സെൻട്രൽ സ്റ്റേഷനിലേക്ക് തന്നെ എത്തിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് ജീപ്പിൽ ഇന്നലെ രാത്രി ഏഴോടെയാണ് കൊച്ചിയിലെത്തിച്ചത്.
അതേസമയം, അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിൻറെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂർ ഉപയോഗിച്ചിരുന്ന ഐ ഫോൺ ആണ് പിടിച്ചെടുത്തത്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വൈകിട്ട് അഞ്ചരയോട് എത്തിയാണ് നടി പരാതി നൽകിയത്. ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി നൽകിയ വിവരം നടി സോഷ്യൽ മീഡിയയിലും പങ്കുവെച്ചിരുന്നു.
ബോബി ചെമ്മണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അ ശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും.
താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നാണ് ഹണി റോസ് കുറിച്ചത്. നേരത്തെ, നാലു മാസം മുൻപു നടന്ന ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണൂർ നടത്തിയ വിവാദ പരാമർശങ്ങളെക്കുറിച്ച് വ്യവസായിയുടെ പേര് പരാമർശിക്കാതെ തന്നെ ഹണി റോസ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു.