കിടിലൻ ട്വിസ്റ്റുകൾ കൊണ്ട് നമ്മെ അമ്പരപ്പിച്ച മലയാളം സിനിമകൾ….

കിടിലൻ ട്വിസ്റ്റുകൾ കൊണ്ട് നമ്മെ അമ്പരപ്പിച്ച മലയാളം സിനിമകൾ…

ചില ചിത്രങ്ങൾ അത് വരെ കണ്ടിരുന്ന നമ്മളെ ആകമാനം ഞെട്ടിത്തരിപ്പിച്ചു കൊണ്ട് അവസാനിക്കും, ഒരു പക്ഷെ ആ തരിപ്പ് കുറെ നേരത്തോളം നമ്മളെ വേട്ടയാടും. ചിലപ്പോ ചിന്തിപ്പിക്കും. അങ്ങനെ നമ്മളിലെ പ്രേക്ഷകനെ ഒരുപാട് ഞെട്ടിപ്പിച്ച ട്വിസ്റ്റുകളുമായെത്തിയ ചില മലയാള സിനിമകൾ പരിചയപെടുത്തുകയാണിവിടെ.

മുംബൈ പോലീസ്

2013 ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത ഈ ചിത്രം അതിന്റെ കിളിപാറിക്കുന്ന ക്ലൈമാക്സ് കൊണ്ട് ഏറെ പ്രശസ്‌തമാണ്‌. വിജയ ചിത്രങ്ങളുടെ തേരിലേറി പറക്കുന്ന സമയത്ത് ഒരു താരം ഏറ്റെടുക്കാൻ ഏറ്റവും മടിക്കുന്ന ഒരു റോൾ. ആന്റണി മോസ്സസ് എന്ന കഥാപാത്രമായി പൃഥ്വിരാജ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു ചിത്രം. മുംബൈ പോലീസ് ആ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയും ചെയ്‌തു.

പ്രിത്വിരാജിനൊപ്പം ജയസൂര്യ, റഹ്മാൻ, അപർണ നായർ, റിയാസ് ഖാൻ എന്നിവർ പ്രധാനകഥാപാത്രമായെത്തിയ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത് ബോബി-സഞ്ജയ് എന്നിവർ ചേർന്നായിരുന്നു.

ദൃശ്യം

2013ൽ തന്നെ പുറത്തിറങ്ങിയ ഈ ചിത്രവും അതിലെ ക്ലൈമാക്സ് കൊണ്ട് ഏറെ പ്രശസ്തമാണ്. മോഹൻലാൽ നായകനായെത്തി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രം കളക്ഷൻ റെക്കോർഡുകളെല്ലാം തിരുത്തി 100 ലധികം ദിവസം തീയ്യറ്ററുകളിൽ നിറഞ്ഞോടുകയും ചെയ്‌തു.

ദി ടൈഗർ

മുസാഫിർ – ഈ പേര് ടൈഗർ എന്ന സിനിമ കണ്ട ആരും തന്നെ മറക്കാൻ ഇടയില്ല. അത്രയ്ക്കുണ്ട് ക്ലൈമാക്സിൽ ആ പേരിന്റെ പഞ്ച്. അന്ന് വരെ ഇത്തരമൊരു രീതി കണ്ടിട്ടില്ലാത്ത മലയാളികൾക്ക് പുത്തൻ അനുഭവമായിരുന്നു ബി. ഉണ്ണികൃഷ്ണൻ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്‌ത ഈ സുരേഷ് ഗോപി ചിത്രം.

മുന്നറിയിപ്പ്

രാഘവനും അയാളുടെ ആ ചിരിയും – സിനിമ കണ്ടിറങ്ങിയ എല്ലാവരെയും കുറച്ചു നേരം കൂടി പിന്തുടരുന്ന ആ ക്ലൈമാക്സ്. 2014ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ‘മുന്നറിയിപ്പ്’ നമ്മുക്കെല്ലാവർക്കും സമ്മാനിച്ചത് ആ നിഗൂഢമായ ചിരിക്ക് പിന്നിലെ തെളിയാത്ത കുറെ രഹസ്യങ്ങളാണ്. ഉണ്ണി ആർ ഒരുക്കിയ തിരക്കഥ മനോഹരമായി വേണു ദൃശ്യവത്കരിച്ചപ്പോൾ മലയാളത്തിന് ലഭിച്ചത് എന്നെന്നും ഓർക്കാൻ ഒരു കിടിലം സൈക്കോ ത്രില്ലറാണ്.

ഡിറ്റക്റ്റീവ്

സുരേഷ് ഗോപിയെ നായകനാക്കി ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവ്വഹിച്ച് 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഡിറ്റക്റ്റീവ്’. മോഹൻകുമാർ, ശ്യാം പ്രസാദ് എന്നിങ്ങനെ ഡബിൾ റോളിലായിരുന്നു ചിത്രത്തിൽ സുരേഷ് ഗോപിയെത്തിയത്. സിന്ധു മേനോൻ അവതരിപ്പിച്ച രശ്മി എന്ന കഥാപാത്രത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

രശ്മി എന്ന കഥാപാത്രത്തെ കൊലപ്പെടുത്തിയതെങ്ങനെ എന്ന അന്വേഷണം എത്തി ചേരുന്നത് ഇന്നേ വരെ മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത ഒരു കിടിലൻ ക്ലൈമാക്സിലേക്കായിരുന്നു.

മെമ്മറീസ്

ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജ് നായകനായെത്തി 2013 ൽ പുറത്തിറങ്ങിയ മലയാളം ക്രൈം ത്രില്ലർ സിനിമയാണ് ‘മെമ്മറീസ്’. ജീവിതസാഹചര്യങ്ങൾ മൂലം കടുത്ത മദ്യപാനിയായി മാറുന്ന സാം അലക്സ് എന്ന പോലീസുകാരനായാണ് പൃഥ്വിരാജ് അഭിനയിച്ചത്. കേസന്വേഷണത്തിൽ മിടുക്കനാണെങ്കിലും തന്റെ കുടുംബം നഷ്ടപെട്ട ശേഷം അതിനോട് ഒന്നും താല്പര്യമില്ലാതെയിരിക്കുന്ന സാം മേലുദ്യോഗസ്ഥന്റെ നിർബന്ധം മൂലം ഒരു സീരിയൽ കില്ലറെ അന്വേഷിച്ചിറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ദി ട്രൂത്ത്

ക്രൈം ത്രില്ലറുകളുടെ രാജാവ് എസ്.എൻ സ്വാമി രചിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്‌ത്‌ 1998 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ദി ട്രൂത്ത്’. കേരള മുഖ്യമന്ത്രിയുടെ മരണത്തിന് കാരണമായ ഒരു ബോംബ് സ്ഫോടനത്തിന്റെ അന്വേഷണത്തിനായി നിയോഗിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ഹെഡ് ആയ ഭരത് പട്ടേരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിലെ ‘ലേഡി കില്ലറും’ അവസാനം കൊലയാളി ആരെന്ന് കണ്ടെത്തുന്നതുമൊക്കെ കണ്ടവരുടെ കിളി പാറിച്ച രംഗങ്ങളായിരുന്നു.

അപരൻ

ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു പത്മരാജൻ സംവിധാനം ചെയ്‌ത അപരൻ. വിശ്വനാഥൻ, ഉത്തമൻ എന്നെ രണ്ടു കഥാപാത്രങ്ങളായി മികച്ച അഭിനയമാണ് ചിത്രത്തിൽ ജയറാം കാഴ്ചവെച്ചത്.

ഉത്തമൻ എന്ന ക്രിമിനലാണെന്ന് തെറ്റിദ്ധരിച്ച് വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്യുന്നതും പിന്നീട് ഒരു മരണം ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ചിത്തത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ക്ലൈമാക്സിൽ ജയറാമിന്റെ ആ ചിരി ഉണ്ടാക്കിയ സംശയങ്ങൾ ഇന്നും മാറാതെ നിലനിൽക്കുന്നു.


Best climax in malayalam films

Abhishek G S :