പഴങ്ങളുടെ തൊലിയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുത ഗുണങ്ങൾ

പഴങ്ങളുടെ തൊലിയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുത ഗുണങ്ങൾ

പഴങ്ങൾ പോലെ തന്നെ ഗുണമുള്ളവയാണ് ഈ ഫലങ്ങളെ പൊതിഞ്ഞിരിക്കുന്ന തൊലികളും. ഈ തൊലികളില്‍ ധാരാള ധാരാളമുണ്ട്. ചില പഴവര്‍ഗങ്ങളില്‍ നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് തൊലിയിലാണ്. തൊലിയില്‍ കൂടുതല്‍ മിനറലുകളും പോഷകങ്ങളും ഉണ്ടായിരിക്കും. നമ്മുടെ ആമാശയത്തിലെ വിഷാംശങ്ങളെ ഈ നാരുവര്‍ഗങ്ങള്‍ ശമിപ്പിക്കുന്നു.

ഓറഞ്ച്
ഓറഞ്ചിന്റെ തൊലി കഴിക്കാന്‍ പറ്റിയതല്ല. കയ്പുരസമാണതിന്. എന്നാല്‍ ഗ്രേറ്റ് ചെയ്തു സലാഡില്‍ ചേര്‍ക്കാം. കേക്കിലും പുഡ്ഡിംഗിലും ചേര്‍ക്കാം. ഇവയുടെ തൊലി ചെറുതായി അരിഞ്ഞ് ഉണക്കി വച്ചാല്‍ കേക്കില്‍ ചേര്‍ക്കാം.

ഓറഞ്ച് തൊലിയില്‍ അടങ്ങിയിരിക്കുന്ന ജീവകം ‘സി ‘യുടെ പകുതി മാത്രമേ അകക്കാമ്പില്‍ ഉണ്ടാകൂ. കൂടാതെ ഓറഞ്ച് തൊലിയില്‍ മഗ്നീഷ്യം, പൊട്ടാസ്യം, ജീവകം ബി6, റൈബോ ഫ്‌ളാവിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

മാതള നാരങ്ങ
മാതളനാരങ്ങയുടെ തൊലിയ്ക്കുമുണ്ട് ഗുണങ്ങള്‍. ആയുര്‍വേദത്തില്‍ ഇതൊരു ഔഷധമായും ഉപയോഗിച്ചുവരുന്നു. വയറുകടി ഉള്ളവര്‍ക്ക് മാതളനാരങ്ങ തൊലിയിട്ടു തിളപ്പിച്ച മോരു കൊടുത്താല്‍ രോഗം കുറഞ്ഞു കിട്ടും. ഇത് ആമാശയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വളരെ ഉത്തമമാണ്. സൗന്ദര്യോപാധിയായും ഈ തൊലി ഉപകരിക്കുന്നു.

മാതളനാരങ്ങ തൊലി ഉണക്കി പൊടിച്ച് വയ്ക്കുക. ഇതില്‍ അല്‍പം തൈരും ചേര്‍ത്തിളക്കിയാല്‍ നല്ല മോയിസ്ചറൈസര്‍ തയാറായി. ചര്‍മ്മത്തിനു ഈര്‍പ്പവും മൃദുത്വവും പകരാന്‍ ഈ മോയിസ്ചറൈസര്‍ സഹായിക്കും.

മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ ചെറിയ ഒരു കരുതലാണ് മാതളനാരങ്ങാകുരു – പാല്‍ പ്രയോഗം. മാതളനാരങ്ങ കുരു പൊടിച്ചതില്‍ പാല്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് നല്ലൊരു ഫേസ് മാസ്‌ക് ആണ്. ഈ പേസ്റ്റ് മുഖത്തും നെറ്റിയിലും കഴുത്തിലും തേച്ചു പിടിപ്പിച്ച് അല്‍പനേരം വിശ്രമിക്കുക. ഇനി തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയുക.

കൈതച്ചക്കയും ഏത്തക്കയും
കൈതച്ചക്കയുടെ പുറം തൊലിയില്‍ ബ്രൊമെലെയ്ന്‍ എന്ന എന്‍സൈം ധാരാളം അടങ്ങിയിരിക്കുന്നു. ഇതു നീര് കുറയ്ക്കുന്നു. രാസപ്രയോഗം കൂടാതെ വീട്ടില്‍ നട്ടുവളര്‍ത്തുന്ന കൈതച്ചക്ക തൊലിയോട് കൂടി ജ്യൂസടിച്ച് കുടിക്കുന്നത് നല്ലതാണ്. ഏത്തയ്ക്കായയുടെയും കുമ്പളങ്ങയുടെയും തൊലിക്ക് വിശേഷഗുണമുണ്ട്.

ഏത്തയ്ക്കയുടെ തൊലിയുടെ പുറം അല്‍പമൊന്ന് ചീകിയ ശേഷം പൊടിയായി അരിഞ്ഞു കഴുകി വാരി തോരന്‍ വയ്ക്കാം. ചെറുപയര്‍ കൂടി ചേര്‍ത്ത് സ്വാദ് വര്‍ധിപ്പിക്കാം. കുമ്പളങ്ങയുടെ തൊലി കനം കുറച്ചരിഞ്ഞ് മെഴുക്കുപുരട്ടി തയാറാക്കാം.

കഴുത്തിനു ചുറ്റും മുഖത്തുമൊക്കെയായി ചെറിയ കുരുക്കള്‍ മാറാന്‍ പഴത്തൊലി സഹായിക്കും. ചെറു സമചതുര കഷ്ണങ്ങളായി മുറിച്ച പഴത്തൊലി കൊണ്ട് ബേക്കിംഗ് സോഡായില്‍ ഒപ്പി അതുകൊണ്ട് ദിവസവും 2 നേരം എന്ന ക്രമത്തില്‍ വൃത്താകൃതിയില്‍ ഈ ഭാഗത്ത് മസാജ് ചെയ്യുക.

3 ആഴ്ചയോളം ഇത് തുടരുക. പഴത്തിന്റെ തൊലിയില്‍ നാരു വര്‍ഗവും പൊട്ടാസ്യവും ഉണ്ട്. പഴത്തൊലി ഉണക്കിപൊടിച്ച് ചായയില്‍ ചേര്‍ക്കാം. പഴതൊലിയിലും ലുട്ടെയ്ന്‍ ഉണ്ട്. കണ്ണിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു പഴത്തൊലി ഉണക്കിപ്പൊടിച്ചതു കഴിക്കുന്നത് നല്ലതാണ്.
അഴുക്കുപുരണ്ട തുകല്‍ ബാഗ്, ഷൂസ് എന്നിവ വൃത്തിയാക്കാന്‍ പഴത്തൊലി കൊണ്ട് അമര്‍ത്തിതുടച്ചാല്‍ മതി. തൊലിയുടെ ഉള്‍വശം കൊണ്ടാവണം തുടയ്‌ക്കേണ്ടത്.

Anamika :