ഒരുപാട് തവണ നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ട് കളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു; വിഷ്ണു പ്രസാദിന് അന്ത്യാഞ്ജലിയുമായി നടി ബീന ആന്റണി

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ. ഇപ്പോഴിതാ നടന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് നടി ബീന ആന്റണി.

”ഈ ചെറിയ പ്രായത്തിൽ ജീവിതം കൈവിട്ട് കളഞ്ഞ പ്രിയ സഹോദരൻ. സീരിയലിൽ എന്റെ അനുജനായി അഭിനയിച്ച അന്ന് മുതലുള്ള സൗഹൃദം. ഒരുപാട് തവണ നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ട് കളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു. പ്രിയ സഹോദരന് വിട. നിത്യശാന്തി ലഭിക്കട്ടെ” എന്നാണ് ബീന ആന്റണി പറഞ്ഞത്.

അതേസമയം, കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ സംബന്ധമായ അസുഖം ഗുരുതരമായതിനെ തുടർന്ന് ജീവന് പോലും ഭീഷണിയായ അവസ്ഥയിലൂടെയായിരുന്നു നടൻ കടന്ന് പോയി കൊണ്ടിരുന്നത്. കരൾ മാറ്റി വെക്കലല്ലാതെ മറ്റൊരു മാർഗവും ഇല്ലായിരുന്നു. അങ്ങനെ കരൾ കൊടുക്കാൻ സന്നദ്ധയാണെന്ന് നടന്റെ മകളും പറഞ്ഞിരുന്നു.

എന്നാൽ ഈ ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങൾ വേണ്ടി വരുമായിരുന്നു. അത് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. എന്നാൽ ശസ്ത്രക്രിയ നടക്കുന്നതിന് മുമ്പ് തന്നെ മരണം വിഷ്ണു പ്രസാദിനെ തേടിയെത്തുകയായിരുന്നു. നടനും സുഹൃത്തുമായ കിഷോർ സത്യയാണ് മരണ വിവരം അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കിഷോർ സത്യ വിഷ്ണു പ്രസാദിന്റെ മരണ വിവരം അറിയിക്കുന്നത്.

Vijayasree Vijayasree :