ബാറോസ് കോപ്പിയടിച്ചതാണെന്ന വാദം തെറ്റ്; റിലീസ് തടയണമെന്നുള്ള ​ഹർജി തള്ളി കോടതി

ബറോസ് എന്ന സിനിമയിലൂടെ സംവിധായകനായി തുടക്കം കുറിക്കുകയാണ് നടൻ മോഹൻലാൽ. വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തടയണമെന്ന ആവശ്യപ്പെട്ട ഹർജി തള്ളിയിരിക്കുകയാണ് എറണാകുളം ജില്ലാ കോടതി.

2008ൽ പുറത്തിറങ്ങിയ ‘മായ’ എന്ന തന്റെ നോവലിൽ നിന്നും കോപ്പിയടിച്ച കഥയാണ് ബറോസിന്റെത് എന്ന് ആരോപിച്ച് ജർമ്മൻ മലയാളിയായ ജോർജ് തുണ്ടിപ്പറമ്പിൽ നേരത്തെ ഹർജി നൽകിയിരുന്നു. ഈ ഹർജിയാണ് കോടതി തള്ളിയത്. ജോർജ് തുണ്ടിപറമ്പിൽ രചിച്ച മായ എന്ന നോവലിൽ കാപ്പിരി മുത്തപ്പനും ഒരു പെൺകുട്ടിയും തമ്മിലുള്ള ശാരീരികബന്ധങ്ങളടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.

ഇത്തരത്തിലൊരു ഇറോട്ടിക് നോവലിനെ കുട്ടികളുടെ നോവലായ ബറോസുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നാണ് ബറോസ് ടീം കോടതിയിൽ വാദിച്ചത്. എന്നാൽ പെൺകുട്ടിയുടെ കഥാപാത്രത്തിന് മാത്രമേ ഭൂതത്തെ കാണാൻ കഴിയുള്ളു, ഭൂതത്തിന്റെ പ്രതിബിംബം കണ്ണാടിയിൽ കാണാൻ കഴിയില്ല എന്നിവ തന്റെ നോവലിൽ നിന്നും കോപ്പിയടിച്ചതാണെന്നും മായയുടെ കഥാകൃത്ത് വാദിച്ചിരുന്നു.

എന്നാൽ 1984ൽ ഇറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തനിൽ പോലും ഇക്കാര്യങ്ങളുണ്ടെന്നായിരുന്നു ജിജോ പുന്നൂസിന്റെ മറുപടി. 2018ൽ പുറത്തിറങ്ങിയ ജിജോ പുന്നൂസിന്റെ ‘ബറോസ് ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രെഷർ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസ് ഒരുക്കുന്നത്. ബറോസ് ഡിസംബർ 25ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്.

മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്. ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്.

ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസിന് പുറമെ തുടരും, ഹൃദയപൂർവം, വൃഷഭ, എമ്പുരാൻ തുടങ്ങിയ സിനിമളാണ് 2025 ൽ എത്തുക.

Vijayasree Vijayasree :