ഇവിടെ ഈ മണ്ണിൽ ഇങ്ങനെ ഒരു കലാകാരൻ ജീവിച്ചിരുന്നു: ഭരതനെ കുറിച്ച് ഓർമ്മക്കുറിപ്പ്

സംവിധായകൻ ഭരതൻ വിടപറഞ്ഞിട്ട് 22 വർഷമായിരിക്കുകയാണ് വൈശാലി പോലുളള ഭരതന്‍ സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ്. ഇപ്പോഴിതാ ഭരതനെ കുറിച്ചുളള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കലിന്റെ ഓര്‍മ്മക്കുറിപ്പ് ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.

ജൂലൈ 30, ഭരതൻ സാർ യാത്രയായിട്ടു 22 വർഷമാകുന്നു. ഭരതൻ സാറിനെ ഞാൻ ആദ്യം കാണുന്നത് 1980- ൽ മഞ്ഞിലാസിൽ വെച്ചാണ്. ഞാൻ അന്നവിടെ ഓഫീസ് ബോയ്. പറങ്കിമല സിനിമയുടെ ചർച്ചകളുടെ സമയത്ത്. ഞാൻ സെവൻ ആർട്സ് മോഹനേട്ടന്റെ സഹായിയായപ്പോൾ സിനിമാ കാര്യങ്ങൾക്കും, ശ്രീക്കുട്ടി, സിദ്ധാർത്ഥൻ എന്നിവരുടെ പിറന്നാളുകൾക്കും പല തവണ പോയിട്ടുണ്ട് k k നഗറിലെ ഭരതൻ സാറിന്റെ വീട്ടിൽ. നല്ല ആതിഥേയയാണ് ലളിതച്ചേച്ചി. ലളിതപാചകത്തിന്റെ സ്വാദ് ഒരുപാട് തവണ അനുഭവിച്ചിട്ടുമുണ്ട്. ഭരതൻ സാറിന്റെ മരണശേഷം ശ്രീക്കുട്ടിയുടെ വിവാഹം ഗുരുവായൂരിൽ വെച്ചു നടന്നപ്പോൾ ലളിതച്ചേച്ചിക്കൊരു സഹായമായി നിൽക്കാൻ കഴിഞ്ഞത് സന്തോഷതോടൊപ്പം സങ്കടവും തരുന്ന ഓർമ്മയാണ്. കല്യാണത്തിന് 5 ദിവസം മുമ്പായിരുന്നു എന്റെ അച്ഛന്റെ മരണം.ഒരു തികഞ്ഞ കലാകാരന്റെ സ്പർശമുള്ള വീടായിരുന്നു ഭരതൻ സാറിന്റെ മദ്രാസിലെ വീട്. വീടിനഭിമുഖമായി കയറിച്ചെല്ലുമ്പോൾ നമ്മുടെ ഇടതുവശത്തായി വീടിനോടു ചേർന്ന് ഒരു പർണശാല കാണാം. അവിടെ ഇരുന്നാണ് സാറിന്റെ വരയും എഴുത്തും എല്ലാം. എടുക്കാൻ പോകുന്ന സിനിമകളിലെ പല കഥാപാത്രങ്ങളും സ്കെച്ച് ആയി രൂപം പ്രാപിച്ചത് ആ പർണശാലയിലാണ്. നീളൻമുടി ഇടത്കൈ കൊണ്ടൊന്നു മാടിയൊതുക്കി, തലയൊന്ന് വെട്ടിച്ചു, വിരലുകൾക്കിടയിൽ എരിയുന്ന സിഗററ്റുമായി ഭരതൻ സാർ കടന്നുവരുന്നത് കണ്മിഴിച്ചു നോക്കി നിന്നു പോകും നമ്മൾ. ശശി മേനോൻ എന്നൊരു ചെറുപ്പക്കാരനെ ഭരതൻ സാറിന്റെ സഹായിയായി ആ പർണശാലയിൽ കണ്ടിട്ടുണ്ട്. സാറിന്റെ 4 സിനിമകളിൽ വർക്ക്‌ ചെയ്തിട്ടുണ്ട് ഞാൻ മോഹനേട്ടന്റെ കൂടെ. വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം, പാഥേയം, ചമയം തുടങ്ങിയവ. വൈശാലി സമയത്താണ് ഭരതൻ സാറിന്റെ അസോസിയേറ്റ് ജയേട്ടനെ (സംവിധായകൻ ജയരാജ്‌ ) പരിചയപ്പെടുന്നത്. ഓരോ ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോഴും സാറിന്റെ എങ്കക്കാട്ടുള്ള വീട്ടിൽ പോയിട്ടാണ് ഞങ്ങൾ കുറേപേർ സ്വന്തം വീട്ടിലേക്കു പോകുക. ഷൂട്ടിംഗ് അവസാനിക്കുമ്പോൾ സാർ വാങ്ങിത്തരുന്ന ചെടികളും വൃക്ഷത്തൈകളും വള്ളിപ്പടർപ്പുകളും വീട്ടിലെ ഉദ്യാനത്തിൽ എത്തിക്കണം. ഭരതൻ സാറിന്റെ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചു വളരുന്ന മരങ്ങളും, ചെടികളും,കിളികളും, പൂക്കളും , പൂമ്പാറ്റകളും നിറഞ്ഞൊരു പൂന്തോട്ടമുണ്ടവിടെ. കോളാമ്പി ചെടികളും മാവും പ്ലാവും നമ്മൾ കണ്ടതും കാണാത്തതും, കേട്ടതും കേൾക്കാത്തതുമായ ചെടികളും മരങ്ങളും നിറഞ്ഞ തോട്ടം. അവിടെയാണ് ഭരതൻ സാറിന്റെ പ്രശസ്തമായ മണ്ഡപവും. ഇവിടെയിരുന്ന്‌ ഭരതൻ സാർ പുതിയ ഈണങ്ങൾ രൂപപ്പെടുത്തി, പുതിയ കഥകളുണ്ടാക്കി, പുതിയ തിരക്കഥക്കു ജന്മം കൊടുത്തു. ഭരതൻ സാർ ആരായിരുന്നു അല്ലെങ്കിൽ ആരായിരുന്നില്ല. സംവിധായകൻ, തിരക്കഥാകൃത്ത്, കലാസംവിധായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, എഡിറ്റർ, ചിത്രകാരൻ, ശില്‍പി, നിർമ്മാതാവ്, പോസ്റ്റർ ഡിസൈനർ, ആരോമലുണ്ണി പോലുള്ള ചില ഉദയ ചിത്രങ്ങളുടെ ടൈറ്റിലിൽ പോലും ഭരതൻ സാറിന്റെ കരവിരുതുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഭരതൻ സാറിന് വഴങ്ങാത്തതൊന്നും സിനിമയിൽ ഉണ്ടായിരുന്നില്ല . താരം വാൽക്കണ്ണാടി നോക്കി, താരും തളിരും മിഴിപൂട്ടി, ഈ വരികൾ മൂളാത്ത മലയാളികൾ ഉണ്ടാവില്ല, പക്ഷെ, താരും തളിരും പാട്ടിന്റെ രചനയും, താരം വാൽക്കണ്ണാടി നോക്കി എന്ന പാട്ടിന്റെ സംഗീതവും ഭരതൻ സാർ ആണെന്നറിയുന്നവർ വിരളവും. ഗന്ധർവക്ഷേത്രത്തിന്റെയും, പൊന്നാപുരംകോട്ടയുടെയും കലാസംവിധായകനിൽ അന്നേ ഒരു സംവിധായകൻ ഉറങ്ങി കിടന്നിട്ടുണ്ടാവണം. പദ്മരാജൻ എന്ന തിരക്കഥാകൃത്തിന്റെയും ഭരതൻ എന്ന സംവിധായകന്റെയും ജനനം ഒരുമിച്ചായിരുന്നു. പ്രയാണം എന്ന സിനിമയിലൂടെ. അതുവരെയുള്ള മലയാള സിനിമാ സങ്കല്‍പങ്ങളെ മൊത്തത്തിൽ പൊളിച്ചെഴുതി പ്രയാണം. മധ്യവർത്തി എന്നൊരു ശാഖയ്ക്ക് തുടക്കമിട്ട സിനിമ. സെക്സിനു പുതിയ നിർവചനങ്ങൾ നൽകിയ രതിനിർവേദവും ഈ കൂട്ടുകെട്ടിൽ പിറന്നതാണ്. എം. ടി യുടെ താഴ്‌വാരം ഇത്ര തീഷ്ണമായി ദൃശ്യവത്ക രിക്കാൻ ഭരതൻ സാറിനല്ലാതെ മറ്റാർക്കുമാവില്ല. ഒരു പെയിന്റിംഗ് പോലെ മനോഹരമായി വൈശാലി അഭ്രപാളികളിലാക്കാൻ ചിത്രകാരനും ശില്‍പിയുമായ ഭരതൻ സാറിന്റെ ആ സവിശേഷ ഭരതൻ ടച്ച് ഇല്ലാതെ സാധ്യവുമല്ല. രതിയുടെ നനുത്ത തൂവൽസ്പർശങ്ങൾ പല ഭരതൻ സാർ ചിത്രങ്ങളിലും കാണാം. പ്രയാണം, അണിയറ, ഗുരുവായൂർ കേശവൻ, രതിനിർവേദം, തകര, ആരവം, ചാമരം, പാളങ്ങൾ, മർമ്മരം, ഓർമ്മക്കായി, കാറ്റത്തെ കിളിക്കൂട്, ഒരു സായാഹ്നത്തിന്റെ സ്വപ്നം, ഇത്തിരിപ്പൂവേ ചുവന്നപൂവേ, ചിലമ്പ്, കേളി, താഴ് വാരം, കാതോട് കാതോരം, പ്രണാമം, സന്ധ്യമയങ്ങും നേരം , ഈണം, നിദ്ര, ലോറി, ചാട്ട, പറങ്കിമല, വൈശാലി, അമരം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വെങ്കലം, ചമയം, ഒഴിവുകാലം, എന്റെ ഉപാസന, മാളുട്ടി, പാഥേയം, ദേവരാഗം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, ചുരം, സാവിത്രി, തേവർ മകൻ, മജീരധ്വനി, ആവാരംപൂ തുടങ്ങി 40 ഓളം സിനിമകൾ ഭരതൻ ടച്ചിൽ പുറത്തിറങ്ങിയവയാണ്. വൈശാലിയിലെ രാജാവായി ആദ്യം കരാർ ചെയ്തിരുന്ന നടന് വരാൻ പറ്റാതാവുകയും ലോമപാദൻ എന്ന അതിശക്തമായ കഥാപാത്രം ബാബു ആന്റണി എന്ന താരതമേന്യ പുതുമുഖമായ ഒരാൾക്ക് നൽകാൻ ഭരതൻ സാർ അന്ന് കാണിച്ച ചങ്കൂറ്റവും, ധൈര്യവും നമിക്കപ്പെടേണ്ടത് തന്നെയാണ് . മോണിറ്റർ ഇല്ലാത്ത ആ കാലത്ത് ക്യാമറക്കു മുന്നിൽ അഭിനയിക്കുന്ന താരങ്ങളുടെ മുഖത്തു വിടരുന്ന ഭാവങ്ങൾ വിരലുകൾ ചുരുട്ടിപിടിച്ചു ഫ്രെയിം ഉണ്ടാക്കി അതിനുള്ളിലൂടെ അഭിനയം വീക്ഷിക്കുന്ന ഭരതൻ സാറിന്റെ മുഖത്തും മിന്നി മറയുന്നതു കാണാം. “തേവർ മകൻ” പോലൊരു ചലച്ചിത്രകാവ്യം തമിഴ് പ്രേക്ഷകർ ഒരു പക്ഷെ പിന്നീട് കണ്ടിട്ടുണ്ടാവില്ല. ഈയിടെ തമിഴ് സൂപ്പർ താരം രജനികാന്ത് ഒരു ഫംഗ്ഷനിൽ പ്രസംഗിക്കുന്നതിന്റെ വീഡിയോ കണ്ടു. കമലഹാസന്റെ സിനിമകളിൽ അദ്ദേഹം വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നാലഞ്ചു സിനിമകളിൽ ഒന്ന് തേവർ മകൻ ആണെന്ന്. മേഘങ്ങൾ തണൽ വിരിച്ച പകലുകളിലും.. ചെഞ്ചായം വാരിപ്പൂശിയ സന്ധ്യകളിലും.. നിലാവൊഴുകുന്ന നിശീഥിനികളിലും.. ഭാവനയുടെ ചിറകുകളിൽ ഏറി ഭരതൻ സാർ പറന്നു നടന്ന പൂന്തോട്ടം, സമകാലികരായ ഒരുപറ്റം കലാകാരന്മാരോടൊപ്പം പാട്ടു പാടിയും, താളമടിച്ചും, പുതിയ കഥകളും തിരക്കഥകളും ഈണങ്ങളും പിറന്നു വീണ ആ പൂന്തോട്ടവും മണ്ഡപവും പഴങ്കഥയായി മാറിക്കഴിഞ്ഞു. പുതിയ അവകാശികൾക്ക്‌ സ്ഥലം സ്മാരകമാക്കി നില നിർത്താനാവില്ലല്ലോ.. മദ്രാസ് k k നഗർ ലക്ഷ്മണ സ്വാമി ശാലൈ യിലെ 973 -ാം നമ്പർ വീടും പർണ്ണശാലയും മധുരമുള്ള ഓർമ്മയാണിന്ന്. അവിടെ വലിയൊരു ഫ്ലാറ്റ് ഉയർന്നു നിൽക്കുന്നു. ആ സ്ഥലം വാങ്ങി ഫ്ലാറ്റ് നിർമ്മിച്ചവർ കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്നവരായിരുന്നു. ഇഷ്ടപ്പെടുന്നവരായിരുന്നു. ഇവിടെ ഈ മണ്ണിൽ ഇങ്ങനെ ഒരു കലാകാരൻ ജീവിച്ചിരുന്നു, താമസിച്ചിരുന്നു എന്ന് വരുംതലമുറയ്ക്ക് മനസ്സിലാക്കാൻ അവർ ആ ഫ്ലാറ്റിന് പേരിട്ടു “ഭരതൻ ടവേഴ്‌സ്”. എല്ലാത്തിനും മൂകസാക്ഷിയായി ഭരതൻ സാർ നട്ടുനനച്ചു ഓമനിച്ചു വളർത്തിയ ആൽമരം ഭരതൻ ടവേഴ്സിന്റെ മതിലിനോട് ചേർന്ന് ഇപ്പോഴും നിൽപ്പുണ്ട്. എഴുത്തും വായനയുമില്ലാതെ ഭരതൻ സാറില്ല, വരകളും വർണങ്ങളുമില്ലാതെ ഭരതൻ സാറില്ല, കളിമണ്ണും ശില്‍പങ്ങളുമില്ലാതെ ഭരതൻ സാറില്ല. ക്യാൻവാസും ബ്രഷുമില്ലാതെ ഭരതൻ സാറില്ല, ചായങ്ങളും ചമയങ്ങളുമില്ലാതെ ഭരതൻ സാറില്ല, നിറങ്ങളും നിറക്കൂട്ടുകളുമില്ലാതെ ഭരതൻ സാറില്ല, കഥകളും തിരക്കഥകളുമില്ലാതെ ഭരതൻ സാറില്ല അതുകൊണ്ടു തന്നെ വടക്കാഞ്ചേരിയിലെയും ഏങ്കകാട്ടിലെയും നാട്ടിടവഴികളിൽ ഇപ്പോൾ ആരും ഭരതൻ സാറിനെ കാണാറുമില്ല . പക്ഷെ ഉത്രാളിക്കാവ് പൂരം തീർച്ചയായും ഭരതൻ സാർ കാണുന്നുണ്ടാവും. ഉത്രാളിക്കാവ് പാടവരമ്പത്തു നിന്ന് വാദ്യഘോഷങ്ങളുടെ താളത്തിനൊപ്പിച്ചു തലയാട്ടുന്നുണ്ടാവും താളം പിടിക്കുന്നുണ്ടാവും. എങ്കകാട് വിഭാഗത്തിന് പണ്ട് താൻ വരച്ചു നൽകിയ പന്തൽ ഡിസൈനിനേക്കാൾ മികച്ചതാണോ ഇപ്പോഴത്തേത് എന്ന് നോക്കുന്നുണ്ടാകും. അതാ ആ ആനപ്പുറത്തിരിക്കുന്നവർക്കു കാണാം ലുങ്കിയുടുത്തു അയഞ്ഞ ഷർട്ടുമിട്ടു 555 സിഗരറ്റിന്റെ സുഗന്ധവുമായി പൂരത്തിരക്കുകൾക്കിടയിലൂടെ നടന്നു മറയുന്ന ഭരതൻ സാറിനെ…

Noora T Noora T :