നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെതിരെ നിരവധി തെളിവുകളടക്കം പുറത്ത് വിട്ട് രംഗത്തെത്തിയിരുന്ന വ്യക്തിയായിരുന്നു ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ. ദിലീപിനെതിരെ കടുത്ത ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. ഈ വെളിപ്പെടുത്തലുകളാണ് കേസിൽ തുടരന്വേഷണത്തിന് വഴി തുറന്നത്.
ദീർഘനാളായി വൃക്കാ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസമായിരുന്നു മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് അതിജീവിതയുടെ സഹോദരൻ. ബാലചന്ദ്രകുമാറിന്റെ അവസാന ആഗ്രഹം നടിയെ ആക്രമിച്ച കേസിലെ കോടതിവിധി കേൾക്കുക എന്നതായിരുന്നു എന്നും അതിജീവിതയുടെ സഹോദരൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു;
നീതിയുടെ ഭാഗത്ത് നിൽക്കുന്നത് കൊണ്ട് ജീവിതത്തിൽ വരാൻ പോകുന്ന നഷ്ടങ്ങളെ വകവെയ്ക്കാതെ ധീരമായി മുന്നോട്ട് വന്ന ബാലചന്ദ്രകുമാറിന്റെ ആഗ്രഹം കോടതിവിധി കേൾക്കുക എന്നുള്ളതായിരുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട്. പക്ഷെ നിങ്ങളെ കുറിച്ച് പറയാൻ വാക്കുകൾ പോലും ഈ നിമിഷത്തിൽ അപ്രാപ്യമായി പോകുന്നു പ്രിയ സുഹൃത്തേ…എന്നും മനസ്സിലുണ്ടാകും എന്നുമാണ് അതിജീവിതയുടെ സഹോദരൻ പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം അന്തിമ വാദം തുടങ്ങിയ വേളയിലാണ് കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിയോഗം. അന്തിമ വാദത്തിന്റെ നടപടിക്രമങ്ങൾ ഒരുമാസം കൊണ്ട് പൂർത്തിയാക്കിയേക്കാനാണ് സാധ്യത. അന്തിമവാദം പൂർത്തിയായാൽ കേസ് വിധി പറയാൻ മാറ്റും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായും തുടർച്ചയായി ബാലചന്ദ്രകുമാർ കോടതിയിൽ ഹാജരായിരുന്നു. വിചാരണാ ഘട്ടത്തിൽ എല്ലാ ദിവസവം രാവിലെ നാല് മണിക്ക് വന്ന് ഡയാലിസിസ് ചെയ്യും. ഒൻപത് മണിക്ക് പുറത്തിറങ്ങും. പത്ത് മണിക്ക് കോടിയിൽ കയറി രാത്രി എട്ടരവരെ നീളുന്ന വിചാരണയ്ക്ക് ഹാജറായിരുന്നു ഇദ്ദേഹമെന്നാണ് കുടുംബം പറയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിൽ വഴിത്തിരിവായത് ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ്. ഈ വെളിപ്പെടുത്തലുകൾക്ക് ശേഷം ദിലീപിനെതിരെ വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുകയുണ്ടായി. നേരത്തെ ബലാത്സംഗ കേസിലെ ഗൂഡാലോചന കുറ്റമായിരുന്നു ദിലീപിനെ ചുമത്തിയിരുന്നത്.
ദിലീപിന്റേത് അടക്കമുള്ള നിരവധി ഓഡിയോ തെളിവുകളും ബാലചന്ദ്രകുമാർ പുറത്തുവിട്ടു. ഒരുകാലത്ത് ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ബാലചന്ദ്രകുമാർ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്ന സുപ്രധാനമായ വെളിപ്പെടുത്തലും അദ്ദേഹം നടത്തി. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഒരു വിഐപി വഴി ദിലീപിന്റെ കൈവശം എത്തിച്ചേർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു അന്ത്യം. നേരത്തെ വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടെങ്കിലും അതിന് വൻ പണച്ചിലവ് വരുന്ന സാഹചര്യമായിരുന്നു. ഇതോടെ ചികിത്സയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യ ഷീബ സുഹൃത്തുക്കളുടെ സഹായം തേടിയിരുന്നു.
കുറച്ചുകാലം മുമ്പ് കിഡ്നിയിലെ കല്ലിന് ചികിത്സ നടത്തിയതിന് ശേഷമാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ തലച്ചോറിലെ അണുബാധയും വൃക്കരോഗവും ഒക്കെയായി വലിയ പ്രതിസന്ധിയിലായി. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ള ബാലചന്ദ്രകുമാർ രോഗ കാലത്തും കോടതിയിൽ ഹാജറാകുകയും സാക്ഷി മൊഴി നൽകുകയും ചെയ്തിരുന്നു.