‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’; 25000 രൂപ ലോട്ടറിയടിച്ച സന്തോഷം പങ്കുവെച്ച് ബാല

പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ വിവാഹവും വിവാഹ മോചനവുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. അമൃതയുമായുള്ള വിവാഹമോചനവും പിന്നീടുണ്ടായ വാദപ്രതിവാദങ്ങളുമെല്ലാം തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

നേരത്തെ, തന്നെ വിവാഹം കഴിക്കും മുമ്പ് കന്നഡക്കാരിയായ ചന്ദന സദാശിവ റെഡ്ഡി എന്ന പെൺകുട്ടിയെ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് അമൃത വെളിപ്പെടുത്തിയിരുന്നു. ബാലയുമായുള്ള വിവാഹം നിശ്ചയിച്ചശേഷമായിരുന്നു ഇത്. കുടുംബാംഗങ്ങൾ അടക്കം പലരും ബാലയുമായുള്ള വിവാഹത്തിൽ നിന്നും അമൃതയെ പിൻതിരിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ബാലയോടുള്ള പ്രണയം കാരണം അമൃത വിവാഹം എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നുവെന്നും അമൃത തന്നെയാണ് പറഞ്ഞിരുന്നത്.

ഇപ്പോൾ കോകിലയ്ക്കൊപ്പമുള്ള ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോകുകയാണ് നടൻ. താൻ കോടികൾ ആസ്തിയുള്ള താരമാണെന്ന് പലപ്പോഴായി നടൻ പറഞ്ഞിട്ടുണ്ട്. സിനിമ പ്രതിഫലവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒരിക്കൽ പ്രതികരിച്ചതോടെയാണ് നടന്റെ ആസ്തി ചർച്ചയായതും ട്രോളുകൾക്കിടയായതും. തമിഴ്നാട്ടിലെ പേര് കേട്ട സിനിമാ കുടുംബത്തിലെ ഇളംതലമുറക്കാരനാണ് നടൻ ബാല. അരുണാചലം സ്റ്റുഡിയോസ് എന്ന പേര് കേട്ടിട്ടില്ലാത്ത സിനിമക്കാർ തെന്നിന്ത്യയിൽ കുറവായിരിക്കും. അച്ഛനും ജേഷ്ഠനുമെല്ലാം തമിഴ് സിനിമയിൽ ചുവടുറപ്പിച്ചപ്പോൾ ബാല ശ്രദ്ധ കൊടുത്തത് മലയാളം സിനിമയിലായിരുന്നു.

ഇപ്പോഴിതാ കാരുണ്യ ലോട്ടറി അടിച്ചതിൻറെ സന്തോഷം പങ്കുവെച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ബാല ലോട്ടറിയടിച്ച വിവരം പങ്കുവച്ചത്. 4935 നമ്പറിലുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 25,000 രൂപയാണ് സമ്മാനം. ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് ബാല വിഡിയോ പങ്കുവച്ചത്. കോകിലയോട് ലോട്ടറിയുടെ വിവരങ്ങൾ പറയുന്നതും ലോട്ടറിയുടെ നമ്പർ കാണിക്കുന്നതും അടക്കമുള്ള 59 സെക്കൻഡ് വിഡിയോയാണ് ബാല ഫെയസ്ബുക്കിൽ പങ്കുവച്ചത്.

‘ആർക്കെക്കിലും എന്തെങ്കിലും നല്ലത് ചെയ്യൂ’ എന്ന് പറഞ്ഞ് ഭാര്യ കോകിലയുടെ കയ്യിൽ പണം നൽകുന്നതും വിഡിയോയിൽ കാണാം. ആർക്കെങ്കിലും നല്ലത് ചെയ്യാൻ പറഞ്ഞ ബാലയുടെ മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘ആ മനസിനെ അഭിനന്ദിക്കുന്നു, ആർക്കെങ്കിലും നല്ലത് ചെയ്യു അപൂർവം ചിലർ പറയുന്ന വാക്ക്’ എന്നാണ് ഒരു കമന്റ്. ബാലയ്ക്ക് കോകില വന്നതോടെ ഭാ​ഗ്യം വന്നു, ഭാ​ഗ്യം തേടി വന്നത് കണ്ടോ, എന്തായാലും ബാലയ്ക്കും കോകിലയ്ക്കും നല്ലത് മാത്രം വരട്ടെ എന്നെല്ലാമാണ് നിരവധി പേർ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ കമന്റുകളോടൊന്നും ബാല പ്രതികരിച്ചിട്ടില്ല.

അടുത്തിടെ, തന്റെ മാസ വരുമാനത്തെ കുറിച്ചും ആസ്തിയെ കുറിച്ചും മാധ്യമങ്ങളോട് ബാല പറഞ്ഞിരുന്നു. ഞാൻ ജീവിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?. എല്ലാവരും ആസ്തി ആസ്തി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. സ്ഥലം എല്ലാം പോക്കറ്റിലിട്ട് കൊണ്ടുവരികയല്ലല്ലോ. സിനിമയില്ലെങ്കിലും എനിക്ക് മാസ വരുമാനമുണ്ട്. വാടക ലഭിക്കുന്നുണ്ട്. എനിക്ക് സ്റ്റുഡിയോയും ഗോഡൗണുമുണ്ട്. വീടുമുണ്ട്. അതുപോലെ വലിയ ‌ചിലവ് എനിക്കും കോകിലയ്ക്കുമില്ല. ഒരുപാട് ആവശ്യങ്ങളും വരാറില്ല. ഇത്തരത്തിൽ എനിക്ക് വരുന്ന വരുമാനത്തിൽ നിന്നും ഒത്തിരി കാശെടുത്ത് ജനങ്ങൾക്ക് കൊടുക്കാറുണ്ട് സഹായിക്കാറുണ്ട്.

അത് എന്റെ സന്തോഷത്തിന് വേണ്ടി ചെയ്യുന്നതാണ്. ഞാൻ കള്ളം പറയുകയല്ല. എന്റെ തിരിച്ച് വരവിന് ഈ ആളുകളുടെ പ്രാർത്ഥനയും ഗുണം ചെയ്തിട്ടുണ്ടാകും. കർമ എന്നൊന്ന് ഉണ്ടല്ലോ. കർമ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമല്ലേ. അത് ജയിക്കും. സത്യം പറഞ്ഞാൽ ഞങ്ങൾ ഇപ്പോൾ സൂപ്പർ ഹാപ്പിയാണ്. അതുപോലെ എന്നെ കുറ്റം പറയുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളും ഹാപ്പിയായി ഇരിക്കണം എന്നാണ്. അത് പറയാനുള്ള മെച്യൂരിറ്റി എനിക്ക് വന്നിട്ടുണ്ട്. അല്ലാതെ എല്ലാ ആഴ്ചയും പുതിയ പുതിയ കേസ് കൊടുത്തിട്ട് ഒരു കാര്യവും ഇല്ല.

ഒന്നും നടക്കാൻ പോകുന്നില്ല. എത്ര കള്ളക്കേസുകൾ കൊടുക്കും. ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്ക് എന്നാണ് ബാല പറ‍ഞ്ഞത്. കൊച്ചിയിൽ താമസിച്ചിരുന്ന കാലത്ത് നിർധനരായ രോഗികളേയും വിദ്യാർത്ഥികളേയും ചില സിനിമാ താരങ്ങളേയും നടൻ സഹായിച്ചിരുന്നു. ആ സമയത്ത് നടൻ ധനസഹായം ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അന്ന് പ്രചരിച്ചിരുന്നു.

അതേസമയം നടന്റെ മുൻ ഭാര്യ എലിസബത്ത് താരത്തിന് എതിരെ നിയമപരമായി നീങ്ങുന്നുണ്ട്. ഇരുവരും ദാമ്പത്യം നയിച്ചിരുന്ന കാലത്ത് ക്രൂരപീഡനം താൻ നേരിട്ടുവെന്ന് എലിസബത്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എലിസബത്ത് നടത്തിയ ചില വെളിപ്പെടുത്തലിന് പിന്നാലെ ബാലയ്ക്കെതിരെ കടുത്ത വിമർശനമായിരുന്നു ഉയർന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ബാലയിൽ നിന്നും താൻ നേരിടേണ്ടി വന്ന ക്രൂരതകൾ എന്തൊക്കെയാണെന്ന് മുൻ ഭാര്യ എലിസബത്ത് വിവരിച്ചത്. കടുത്ത മാനസിക-ശാരീരിക പീഡനം തനിക്ക് അനുഭവിക്കേണ്ടി വന്നുവെന്നും ഒടുവിൽ ഗത്യന്തരമില്ലാതെ ബാലയുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്നുമാണ് എലിസബത്ത് ആരോപിച്ചത്.

താൻ കൂടെയുള്ളപ്പോൾ തന്നെ നിരവധി സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നുവെന്നും എലിസബത്ത് ആരോപിച്ചിരുന്നു. അമേരിക്കയിൽ നിന്നും ഒരു പെൺകുട്ടി ബാലയെ തേടി വന്നുവെന്നും ആ പെൺകുട്ടിയടക്കമുള്ളവരെ വിവാഹ വാഗ്ദാനം നൽകി ബാല വഞ്ചിച്ചുവെന്നാണ് എലിസബത്ത് ആരോപിച്ചത്.

അതേസമയം എലിസബത്തിന്റെ വിവാദ വീഡിയോകൾക്ക് പിന്നാലെ അവർക്കെതിരെ ബാല നിയമ നടപടി സ്വീകരിച്ചിരുന്നു. തനിക്കെതിരെ അനാവശ്യ ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നതെന്നും അവർ അടിയന്തരമായി മാനസിക ആരോഗ്യത്തിന് ചികിത്സ തേടണമെന്നുമാണ് ബാല പറഞ്ഞത്. എലിസബത്തിനെ ചിലർ ആയുധമാക്കുകയാണെന്നും ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ചിലർ കൂടി ഉണ്ടെന്നും ബാല ആരോപിച്ചിരുന്നു.

എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല. ഞാൻ അനുഭവിച്ചത് ഇനി വേറെ ആരും അനുഭവിക്കരുത്. ഞാൻ ആദ്യം തന്നെ കേസുമായി പോയെങ്കിൽ എനിക്ക് ഇതൊന്നും പറയാൻ പറ്റിയെന്ന് വരില്ല. ഇപ്പോഴും എത്ര ആളുകൾ അയാളെ സപ്പോർട്ട് ചെയ്തു നടക്കുന്നുണ്ട്.

ഇത്രയൊക്കെ വിളിച്ചു പറഞ്ഞിട്ടും സപ്പോർട്ട് ചെയ്യുന്നില്ലേ, ഞാൻ ഒരു നാലഞ്ച് ദിവസം വിഡിയോ ഇടാൻ വൈകിയപ്പോൾ എന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു വരുന്നുണ്ട്. എന്നെ സംശയം ഉള്ള ആരും എന്നെ പിന്തുണയ്ക്കണ്ട, ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നുണ്ട്. എനിക്ക് ഡിപ്രെഷൻ ഉണ്ട് അതിനു മരുന്ന് കഴിക്കുന്നുണ്ട്, ചെറിയ വിഷമങ്ങൾ ഒക്കെ ഉണ്ട് അല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ല. എന്നെ അല്ല അയാളെ ആണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ അയാളുടെ കുഴിയിൽ പോയി ചാടിക്കോ. ഞാൻ ഒരു എംഡി ക്ക് പഠിക്കുന്ന വിദ്യാർഥി ആണ് എനിക്ക് രാഷ്ട്രീയക്കാരുമായി ഒന്നും ബന്ധമില്ല.

എന്റെ കുടുംബത്തെ നാണം കെടുത്തുന്ന പരിപാടികൾ നടക്കുന്നുണ്ട്, എന്റെ ജീവന് ഭീഷണി ഉണ്ട്, എനിക്ക് മാത്രം അല്ല എന്റെ കുടുംബാംഗങ്ങളുടെ ജീവനും ഭീഷണി ഉണ്ട്. ഇനി ആരും ഈ ചതിക്കുഴിയിൽ വീഴരുത് എന്നുള്ളതുകൊണ്ടാണ് ഞാൻ പറയുന്നത്. ഈ സപ്പോർട്ടിന്റെ കണക്കൊന്നും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാൻ നോക്കണ്ട. എന്നെ ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും സോഷ്യൽ മീഡിയ ഉള്ള കാലത്തോളം എന്നെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതുവരെയും ഞാൻ പറഞ്ഞുകൊണ്ടിരിക്കും.

ഇത്രനാളും ഒന്നും തുറന്നു പറയാതെ ഇരുന്നിട്ട് ഇപ്പോൾ സപ്പോർട്ടിന്റെ കാര്യം പറഞ്ഞു താരതമ്യം നടത്താൻ വരികയാണ്. ഒരു ഇര ന്യായമായത് വിളിച്ചു പറയുന്നു എന്ന് കാണുമ്പോൾ വേറൊരു ഇരയ്ക്ക് സന്തോഷം ആണ് തോന്നേണ്ടത്. എനിക്ക് മെസ്സേജ് ചെയ്ത പല ഇരകളും ഉണ്ട്, വർഷങ്ങളായി ഒന്നും പറയാൻ കഴിയുന്നില്ല നിങ്ങൾ ഫൈറ്റ് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട് എന്ന് പറഞ്ഞിട്ട്. നിങ്ങൾ ഇതിൽ ജയിക്കണം അതാണ് ഞങ്ങളുടെ ആഗ്രഹം, നിങ്ങൾ ഞങ്ങൾക്ക് പ്രചോദനം ആണ് എന്നൊക്കെ പറയുന്നത് കാണുമ്പൊൾ സന്തോഷം ഉണ്ട് അല്ലാതെ ജീവൻ കളഞ്ഞിട്ട് എനിക്ക് ഒന്നും നേടാനില്ല എന്നും എലിസബത്ത് പറയുന്നു.

കേസ് വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും തനിക്ക് നേരിട്ട അനുഭവങ്ങൾ തുറന്നുപറയുക തന്നെ ചെയ്യുമെന്ന് എലിസബത്ത് ഉദയൻ വ്യക്തമാക്കി. ഞാൻ ഇത്ര കാലമായിട്ട് എന്നെ റേപ്പ് ചെയ്തു എന്നെ ഇത്തരത്തിൽ ഒക്കെ ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞിട്ട് ആരും കേസ് എടുത്തിട്ടില്ല. ഞാൻ കേസ് കൊടുത്തിട്ടില്ല അതുകൊണ്ട് ആരും കേസ് എടുത്തില്ല. ഇവര് കേസ് കൊടുത്തു അതുകൊണ്ട് ഇപ്പൊ കേസ് എടുത്തു. റേപ്പ് വിക്ടിംസ് ഒക്കെ പുറത്തു വരാത്തതിന്റെ കാരണം ഇതാണ്.

അവരെ ഭീഷണിപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്യും. ആരും ഒരു നടപടിയും എടുക്കില്ല. അവർ മരിക്കുമ്പോൾ ആയിരിക്കും അതൊക്കെ പുറത്ത് അറിയുന്നത്. ചിലപ്പോൾ അപ്പോഴും അറിയുന്നുണ്ടാവില്ല. എന്നെ ചെയ്തത് റേപ്പ് ആയി എനിക്ക് തോന്നിയതുകൊണ്ടാണ് ഞാൻ അത് പറഞ്ഞത്. റേപ്പിന്റെ അർഥം വേറെ വല്ലതുമാണോ? മറ്റൊരാളുടെ മുന്നിൽ വച്ചുവരെ എന്നോട് മോശമായി പെരുമാറി. വേറെ ഒരാളെ എന്റെ ബെഡ്റൂമിലേക്ക് കയറ്റിവിട്ടു. ഏപ്രിൽ നാലിനാണ് ഇയാളുടെ ലിവർ ട്രാൻസ്പ്ലാന്റ് നടക്കുന്നത്. മാർച്ച് 29ന് ഞങ്ങളുടെ വിവാഹത്തിന്റെ രണ്ടാം വാർഷികം ആയിരുന്നു. ആ സമയത്ത് ഞങ്ങൾ അവിടെ കേക്ക് കട്ട് ചെയ്തു. ഞാൻ കൂടെ ഇല്ലെങ്കിൽ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു പുള്ളി പോസ്റ്റ് ഇട്ടിരുന്നു.

ഒന്നും രണ്ടും വിവാഹ വാർഷികങ്ങൾ ആഘോഷിച്ച വിഡിയോകൾ ഉണ്ട്. ഇതൊക്കെ ചെയ്ത് അയാൾ എന്നെയും പറ്റിക്കുകയായിരുന്നു. എനിക്ക് കുറെ ആൾക്കാരുടെ പേര് പറയാൻ ഉണ്ട്. അത് ഞാൻ കേസ് ആകുമ്പോൾ പറയാം എന്ന് വിചാരിക്കുന്നു. എന്നെ അതിനു മുൻപ് കൊന്നില്ലെങ്കിൽ ഞാൻ എല്ലാം വിളിച്ചു പറയും. ഞാൻ അല്ലാതെ തനിയെ ചാവാൻ ഒന്നും പോകുന്നില്ല. ഇതുപോലെ ദുരിതം അനുഭവിക്കുന്ന റേപ്പ് വിക്ടിംസിനു ഒരു പ്രചോദനം ആയി ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ചാനലും വിഡിയോയും ഡിലീറ്റ് ചെയ്യാൻ പറഞ്ഞാലും ഞാൻ പറയാനുള്ളത് പറഞ്ഞുകൊണ്ടിരിക്കും എന്നും എലിസബത്ത് പറഞ്ഞിരുന്നു.

Vijayasree Vijayasree :