കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയ്‌ക്കെതിരെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് പരാതി നൽകിയത്. ഇതിന് പിന്നാലെ നടനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കോടതി രേഖകളിൽ കൃത്രിമം കാണിച്ചെന്നായിരുന്നു പരാതി. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റിൽ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു.
കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിൻവലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നൽകിയത്.
ഇതിനെല്ലാം പിന്നാലെ അമൃതയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം. ബാലയ്‌ക്കൊപ്പം ഭാര്യ കോകിലയും ഉണ്ടായിരുന്നു. തങ്ങൾ സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് രണ്ടാളും പറയുന്നത്.
വളരെ പ്രയാസകരമായ സാഹചര്യമാണ്. കോടതിയിൽ ഞാൻ വാക്ക് കൊടുത്തിരിക്കുകയാണ്. പൊലീസിനും വാക്ക് കൊടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് ഇനിയൊരിക്കലും പേരെടുത്ത് സംസാരിക്കില്ലെന്ന്. അന്ന് മുതൽ ഇന്ന് വരെ എന്റെ വാക്ക് ഞാൻ പാലിക്കുന്നുണ്ട്. പിന്നെ കേസിന് മേൽ കേസ് കൊടുത്ത്, എന്റെ വായടപ്പിച്ചാൽ മറ്റുള്ളവർ സംസാരിക്കും എന്നാണ് ബാല പറയുന്നത്.
മാമ സമാധാനമായി ജീവിക്കാനും, ഒന്നിലും തലയിടാതെ ജീവിക്കണം എന്നുമാണ് ആഗ്രഹിക്കുന്നത്. പക്ഷെ ആ വശത്തു നിന്നുമാണ് ഒന്നിന് പുറകെ ഒന്നായി എന്തെങ്കിലുമൊക്കെ വന്നു കൊണ്ടിരിക്കുന്നതെന്നാണ് കോകില പറയുന്നത്. മുമ്പും വിവാദങ്ങളിൽ ബാലയ്ക്ക് പിന്തുണയുമായി കോകില രംഗത്തെത്തിയിരുന്നു.
എന്റെ അവസ്ഥ മനസിലാക്കാൻ വേണ്ടി പറയുകയാണ്. ഞാൻ സംസാരിച്ചാൽ എന്റെ പേരിൽ അടുത്ത കേസ് വരും. സംസാരിച്ചില്ലെങ്കിൽ യൂട്യൂബുകാരും ചാനലുകാരും അതിന് മേലെ പ്രശ്‌നമാക്കും. ഞാൻ എന്ത് ചെയ്യണം? മിണ്ടണോ അതോ മിണ്ടാതിരിക്കണമോ? മിണ്ടിയാലും കുഴപ്പം, മിണ്ടിയില്ലെങ്കിലും കുഴപ്പം. ഞാൻ എന്ത് ചെയ്യണം. ഞാൻ എന്റെ ഭാര്യയുടെ കൂടെ സന്തോഷമായി ജീവിക്കുകയാണ്. ഞങ്ങൾക്ക് ഒരു കുട്ടി വരാൻ പോവുകയാണ്. ഞങ്ങളുടെ കുടുംബം നോക്കി പോകുന്നതാകും ഞങ്ങൾക്ക് നല്ലത് എന്നും ബാല പറയുന്നു.
അവരവർക്ക് അർഹതപ്പെട്ടത് അവരവർക്ക് കിട്ടും. തീർച്ചയായും കിട്ടും. പക്ഷെ ഈ ഫോർജറി എന്ന വാക്ക് ബാലയ്ക്ക് അർഹതപ്പെട്ട വാക്കല്ല. അങ്ങനെ പറഞ്ഞാൽ, മനസറിഞ്ഞ് ഒരുപാട് പേർക്ക് നന്മ ചെയ്യുന്നുണ്ട്. ആ നന്മയ്‌ക്കെല്ലാം വിഷം വെക്കുന്നത് പോലെയാകും. അങ്ങനെയുള്ള വാക്ക് മീഡിയ ഉപയോഗിക്കരുത്. ബാല അങ്ങനെയുള്ള ഒരാളല്ലെന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്.
2010 ൽ വിവാഹിതരായ ബാലയും അമൃതയും മൂന്നാല് വർഷത്തിനുള്ളിൽ ബന്ധം അവസാനിപ്പിച്ചു. ശേഷം അമൃത മകൾക്കൊപ്പം മാറി താമസിക്കുകയായിരുന്നു. പിന്നീട് 2019 ലാണ് ഇരുവരും നിയമപരമായി വിവാഹമോചിതരാവുന്നത്. മകളുടെ പേരിൽ രണ്ടാളും അവകാശം ഉന്നയിച്ചതിനെ തുടർന്ന് കരാർ വെക്കുകയും കേസുമായി മുന്നോട്ട് പോവുകയുമായിരുന്നു. എന്നാൽ പലപ്പോഴും മകളുടെ പേരിൽ വാക്കുതർക്കവുമായി ഇരുവരും രംഗത്ത് വരാറുണ്ട്.
ശരീരികമായും മാനസികമായി തുറന്നുപറയാൻ സാധിക്കാത്ത തരത്തിലുള്ള പീഡനങ്ങൾ തുടർച്ചയായി നേരിടേണ്ടി വന്നു. മകളേയും അത് ബാധിച്ചുതുടങ്ങിയപ്പോഴാണ് ആ വീട്ടിൽ നിന്ന് ഇറങ്ങിവന്നതെന്നാണ് അമൃത നേരത്തെ പറഞ്ഞിരുന്നത്. മകളുടെ കല്ല്യാണത്തിന് പോലും പണം തരില്ലെന്ന സ്റ്റേറ്റ്‌മെന്റ് എഴുതിയാണ് വിവാഹമോചന കരാറുള്ളത്. മകൾക്ക് വേണ്ടി ആകെ ചെയ്തിരിക്കുന്നത് 15 ലക്ഷത്തിന്റെ ഒരു ഇൻഷുറൻസ് ആണ്.
അതിന്റെ പ്രീമിയം പോലും അടച്ചില്ല. മകളെ കാണണമെന്ന് ഒരിക്കൽ പോലും ആവശ്യപ്പെട്ടില്ല. വളരെ ചെറിയ തുക തന്നാണ് വിവാഹമോചന കേസ് ക്ലോസ് ചെയ്തത്. എന്നിട്ടും കോടികൾ തട്ടിയെടുത്തു എന്നൊക്കെയാണ് ഞങ്ങളെ കുറിച്ച് പറഞ്ഞുനടക്കുന്നത്. ഒരിക്കൽ പോലും ബാല മകളെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മകളുടെ ഒരു കാര്യങ്ങളും അന്വേഷിച്ചിട്ടില്ല എന്നുമാണ് അമൃത ഏതാനും മാസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നത്.