മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ബാലയുടെ നാൽപ്പത്തിമൂന്നാം പിറന്നാൾ. ഭാര്യ കോകിലയും കോകിലയുടെ അമ്മയും പങ്കെടുത്ത ചടങ്ങിൽ ബാലയുടെ അടുത്ത സുഹൃത്തുക്കളും ചില യൂട്യൂബ് ചാനലുകാരും പങ്കെടുത്തിരുന്നു. കോകിലയ്ക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ പേജിലൂടെ നടൻ പങ്കുവെച്ചിരുന്നു.
പിറന്നാൾ വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ഇതുപോലെ മാമ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. നൂറ് വയസ് വരെ ആരോഗ്യത്തോടെ ജീവിക്കണം. അതിന് വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത് എന്നാണ് പിറന്നാൾ ആഘോഷത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കോകില പറഞ്ഞത്.
പിന്നാലെ ചിലർ പിറന്നാൾ ആഘോഷത്തിനെതിരെയും മോശമായ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. നെഗറ്റീവ് കമന്റുകൾ ഇടുന്നവർ അവരുടെ പണി നോക്കി പോകൂ… ഞങ്ങൾ സുന്ദരമായ ജീവിതം ആസ്വദിച്ചോട്ടേ എന്നാണ് ബാല പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കിട്ട കമന്റിലൂടെയാണ് ബാലയുടെ പ്രതികരണം.
കോകിലയെ കുറിച്ച് പറയുമ്പോഴെല്ലാം ബാലയ്ക്ക് നൂറ് നാവാണ്. തന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും കാരണം കോകിലയാണെന്ന് നിരന്തരം താരം പറയാറുള്ളത്. ഞാനാണ് ഭർത്താവെന്ന് കോകില മനസിൽ ഉറപ്പിച്ചിരുന്നു. അത് തിരിച്ചറിഞ്ഞപ്പോൾ ഞാനും അവളെ സ്നേഹിക്കാൻ തുടങ്ങി. പ്രായം കുറവായതുകൊണ്ട് അവളെ ഞാൻ പങ്കാളിയായി ആദ്യം കണ്ടിരുന്നില്ലെന്നും പുതിയ വീഡിയോയിൽ ബാല പറഞ്ഞു.
അതേസമയം തന്റെ ഭാര്യ കോകിലയെ മൂന്നു വയസ്സുള്ളപ്പോൾ എടുത്തു കൊണ്ട് നടന്ന ആളാണ് താനെന്നും ബാല പറഞ്ഞു. മൂന്നാം വയസ്സിൽ അവൾ തീരുമാനിച്ചതാണ് ഭർത്താവായി ഞാൻ മതിയെന്ന്! എന്നാൽ എനിക്ക് അത് അറിയുമായിരുന്നില്ല. മാത്രമല്ല ഇവൾക്ക് പ്രായം വളരെ കുറവായിരുന്നു. എന്റെ മനസ്സിൽ അങ്ങനെ ഒരു ചിന്തയും ഉണ്ടായിരുന്നില്ലെന്നും ബാല പറഞ്ഞു.
ഞങ്ങൾ വളരെ സുന്ദരമായ ജീവിതം നയിക്കുന്നു. ദയവ് ചെയ്തുകൊണ്ട് നെഗറ്റീവ് പറഞ്ഞു വരരുത്. എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ആളാണ് കോകില എന്നും ബാല പറഞ്ഞിരുന്നു. കോകിലയുടെ സ്നേഹത്തോടെയുള്ള പരിചരണവും, കരുതലും മൂലം പൂർണ്ണ ആരോഗ്യവാനായി താൻ മാറി. നല്ല ഭക്ഷണം ഉറക്കം സമാധാനം ഒക്കെയും ജീവിതത്തിൽ കിട്ടുന്നുണ്ട്. ജീവിതം സുന്ദരമായി പോകുന്നുവെന്നും ബാല പറഞ്ഞു.
എനിക്കിപ്പോൾ 42 വയസ്സായി. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാൻ. കാശും പണവും ഒക്കെ പോയി വന്നുകൊണ്ടിരിക്കും. ഞാൻ മരണത്തിന്റെ അരികിൽ പോയി തിരികെ വന്നതാണ്. ദൈവം ഉണ്ട്. കോകിലയ്ക്ക് 24 വയസ്സാണ്, നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കളിയാക്കാം എന്നും ബാല പറഞ്ഞിരുന്നു.
എന്റെ മാമന്റെ മകളാണ് കോകില. പക്ഷെ അത് ഏത് തരത്തിലുള്ള റിലേഷനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആസ്തിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. കോകിലയും ചെറിയ ആളല്ല. വലിയ കുടുംബത്തിലെ അംഗമാണ്. ഞങ്ങളുടെ ആസ്തിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും ഒരു വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്.
അതിനാൽ കോകിലയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. റിലേഷൻ വെളിപ്പെടുത്താൻ പാടില്ലെന്നത് കോകിലയുടെ അച്ഛന്റെ ആഗ്രഹമാണ്. കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളാണ് എന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കൊച്ചിയിൽ വീട് വാങ്ങി താമസിക്കുകയായിരുന്നു ബാല. വളരെ വിരളമായി മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് പോകുന്നത്. അടുത്തിടെ നടൻ ഇവിടെ നിന്നും താമസം മാറിയിരുന്നു. വൈക്കത്തേയ്ക്കാണ് ബാല താമസം മാറിയത്. ബാലയുടെ വീടിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറുകയും ചെയ്തിരുന്നു.