ഗായികയും മുൻ ഭാര്യയുമായ അമൃതയുടെയും മകളുടെയും പരാതിയിൽ നടൻ ബാലയെ പൊലീസ് അറസ്റ്റു ചെയ്തു. പുലർച്ചെ നടന്റെ വീട്ടിൽ നിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോട് ക്രൂരത കാട്ടൽ എന്നീ വകുപ്പുകളനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. ബാലയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളിൽ ചില പ്രതികരണങ്ങൾ ബാലയും മുൻ ഭാര്യയും സമൂഹമാധ്യമത്തിൽ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും സമൂഹമാധ്യമത്തിൽ ബാല നടത്തിയിരുന്നു. ഇരുവരുടെയും അഭിഭാഷകർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നുമായിരുന്നു പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. പിന്നാലെ ബാലയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. മകളോട് തർക്കിക്കാൻ ഇല്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി.
ഇതോടെ അവന്തികയ്ക്കെതിരെ വിമർശനവുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. പാപ്പുവിനെതിരെയും വ്യാപക സൈബർ ആക്രമണം നടന്നതോടെ അമൃതയും വിവരങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. അതോടെ പുറം ലോകം അറിയാതെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത് വന്നു. അമൃതയുടെ അടുത്ത സുഹൃത്തുക്കൾ വരെ താരം നേരിട്ട ദുരിതം ചൂണ്ടി കാണിച്ച് രംഗത്തെത്തി.

അമൃത ജീവനാംശമായി കോടികൾ കൈ പറ്റിയെന്നും തന്റെ സ്വത്തിന്റെ മുക്കാൽ പങ്കും കൊടുക്കേണ്ടി വന്നുവെന്നും ബാല മുൻപൊരിക്കൽ പറഞ്ഞിരുന്നു. എന്നാൽ മകളെ സ്വന്തമാക്കാൻ വേണ്ടി ഒന്നും വേണ്ടെന്ന് വച്ചാണ് താൻ അവിടെ നിന്നും ഇറങ്ങി വന്നത് എന്നാണ് അമൃത പലപ്പോഴും പറഞ്ഞിട്ടുള്ളത്. സ്വർണത്തെ കുറിച്ചും ബാല ഒരിക്കൽ പറഞ്ഞിരുന്നു. അതിനും അമൃത കൃത്യമായി മറുപടി പറയുന്നുണ്ട്.
എന്റെ സ്വർണ്ണം, എന്റെ വണ്ടി ഒന്നും ഞാൻ എടുത്തിട്ടില്ല. സ്വർണ്ണം സ്ത്രീധനം കൊടുത്തിട്ടില്ല എല്ലാം ബാല ചേട്ടൻ തന്നതാണ് എന്നൊക്കെ ആയിരുന്നു. എന്നാൽ അത് അങ്ങനെ അല്ല. എളമക്കരയിലെ ഒരു വീട് വിറ്റിട്ടാണ് കേരളത്തിലെ പ്രമുഖ ജ്യൂവലറിയിൽ നിന്നും സ്വർണ്ണം എടുത്തത്. അത് പർച്ചേസ് ചെയ്തതിന്റെ ഇൻവോയിസ് ഉണ്ട്. വേണം എങ്കിൽ ഉറപ്പായും അത് സബ്മിറ്റ് ചെയ്യാം എന്നാണ് അമൃത നിറകണ്ണുകളോടെ പറയുന്നത്.
അമൃത ലൈവിലെത്തിയാണ് ഈ വിവരങ്ങൾ വിശദീകരിച്ചത്. അതോടെ കാര്യങ്ങൾ എല്ലാം വീണ്ടും മാറി മറിയുകയായിരുന്നു. അതുവരെ ബാലയെ സപ്പോർട്ട് ചെയ്തിരുന്നവർ പലരും നടനെതിരെ നിന്ന് സംസാരിക്കാൻ തുടങ്ങി. ബാലയുടെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകളിൽ നിന്ന് തന്നെ അത് വ്യക്തമാണ്. ഇടക്ക് വീഡിയോസുമായി ബാല എത്താറുണ്ട് എങ്കിലും വിമർശനങ്ങൾ പതിവാണ്.

2010 ലാണ് അമൃത സുരേഷും നടൻ ബാലയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 2012 ൽ ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. മകൾക്ക് മൂന്ന് വയസായത് മുതൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. 2015 ലാണ് താരങ്ങൾ രണ്ടിടങ്ങളിലായി താമസിക്കുന്നത്. ശേഷം 2019 ൽ നിയമപരമായി ബന്ധം വേർപ്പെടുത്തി. എന്നാൽ മകളുടെ കാര്യത്തിൽ പലപ്പോഴും വിവാദങ്ങളുണ്ടാക്കി നടൻ ബാല രംഗത്ത് വരാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമാവുന്നത്.
ബാലയുടെ ഉപദ്രവത്തെ തുടർന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടിൽ കിടന്നിട്ടുണ്ട്. ബാല ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും താൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു. ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നും താരം വീഡിയോയിൽ പറഞ്ഞു.
