കൊറോണക്കാലത്ത് സിനിമയില്ലാതെ കഷ്ടപ്പെട്ടപ്പോള്‍ റിവ്യൂ നടത്തുന്നവര്‍ അവരെ പോയി സഹായിച്ചോ, നെഗറ്റീവ് റിവ്യൂ മമ്മൂട്ടിക്കും മോഹന്‍ലാലിനും പ്രശ്‌നമല്ല; പാവപ്പെട്ടവന്റെ ചോറാണ് ഇല്ലാതാകുന്നതെന്ന് ബാല

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിനിമ റിവ്യൂ ബോംബിങ്ങില്‍ പ്രതികരണവുമായി നടന്‍ ബാല. ഇത് വല്ലാതെ കൈവിട്ട് പോവുന്നുണ്ടെന്നും നെഗറ്റീവ് റിവ്യൂകൊണ്ട് പാവപ്പെട്ടവന്റെ ചോറാണ് ഇല്ലാതെയാവുന്നത് എന്നും ബാല പറഞ്ഞു.

‘ഞാന്‍ ഇത്രയെ പറയുന്നുള്ളു. സിനിമാ നിരൂപണം നടത്തുന്നവര്‍ ഒരു സിനിമ കണ്ടിട്ട് അവരുടെ വ്യക്തിപരമായ അഭിപ്രായം ഒരു പൊതു അഭിപ്രായമായി പറയരുത്. അതിന് ആര്‍ക്കും അവകാശമില്ല. എല്ലാവര്‍ക്കും ഒരു തലയും ഒരു മൈന്‍ഡുമാണ് ഉള്ളത്. അവര്‍ ചിന്തിക്കുന്നത് മാത്രം നിയമമല്ല. ഇത് കൈവിട്ട് പോകുന്നുണ്ട്
ഒരു സിനിമയെ കുറിച്ച് എടുത്ത് ചാടി അഭിപ്രായം പറയരുത്.

അതിന് ആര്‍ക്കും അവകാശമില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, രജനി, വിജയ് തുടങ്ങി എല്ലാ ഭാഷയിലെയും സൂപ്പര്‍ താരങ്ങളെ ഇതൊന്നും ബാധിക്കില്ല. വളര്‍ന്നു വരുന്ന പുതിയ ആളുകള്‍ക്കാണ് ഇത് വലിയ ബുദ്ധിമുട്ടാവുക. അവര്‍ പിന്നെ എങ്ങനെ മുന്നോട്ട് പോവും. ഈയിടെ ആര്‍.ഡി.എക്‌സ് എന്ന ഒരു സിനിമ ഇറങ്ങി. അതിലെ ഒരു നടനെ കുറിച്ച് എന്തൊക്കെയാണ് മോശമായി പറഞ്ഞിരുന്നത്.

ആ സിനിമ കണ്ടിട്ട് ഇതില്‍ ഒന്നുമില്ല വെറുമൊരു അടിപടമാണെന്ന് പറഞ്ഞാല്‍ ആ സിനിമ പരാജയപ്പെടില്ലേ. പക്ഷെ മലയാളികള്‍ ആ സിനിമ ഒരുപാട് ആഘോഷിച്ചില്ലേ. കൊറോണ സമയത്ത് സിനിമയില്ലാത്തപ്പോള്‍ സിനിമയിലെ ടെക്‌നിഷ്യന്‍സ് എന്താണ് ചെയ്തതെന്ന് ആര്‍ക്കെങ്കിലും അറിയുമോ. അവരുടെ കുടുംബം എങ്ങനെയാണ് ജീവിച്ചതെന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോ.

സിനിമാ റിവ്യൂ നടത്തുന്നവര്‍ അവരെ പോയി സഹായിച്ചിരുന്നോ. ഞാന്‍ സംസാരിക്കുന്നത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ്. നെഗറ്റീവ് റിവ്യൂ മമ്മൂട്ടിക്കും മോഹന്‍ലാലിനും പ്രശ്‌നമല്ല. ആസ്തിയെല്ലാം വിറ്റിട്ട് ഈ തൊഴിലില്‍ വിശ്വസിച്ച് സിനിമ ചെയ്യാന്‍ ഇറങ്ങുന്നവരുടെ ചോറാണ് ഇല്ലാതെയാവുന്നത്.’ എന്നും അഭിമുഖത്തില്‍ ബാല പറഞ്ഞു.

Vijayasree Vijayasree :