എലിസബത്ത് തങ്കമാണ്, ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല; എലിസബത്തിനെ കുറിച്ച് ബാല

മലയാളികള്‍ക്ക് സുപരിചിതനാണ് നടന്‍ ബാല. ബാലയും ഗായിക അമൃത സുരേഷും വിവാഹം കഴിച്ചതും വിവാഹമോചിതരായതുമൊക്കെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷിച്ചതാണ്. വിവാഹമോചനത്തിന് ശേഷം ബാല കുറച്ച് നാള്‍ ഒറ്റയ്ക്കായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് എലിസബത്തിനെ ഭാര്യയായി ജീവിതത്തിലേക്ക് ബാല കൂട്ടിയത്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്.

ഡോക്ടറാണ് എലിസബത്ത്. വളരെ ലളിതമായ രീതിയില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം നടന്നത്. ബാലയുടെ ഉയര്‍ച്ചയിലും താഴ്ചയിലുമെല്ലാം തുണയായി നിന്നത് എലിസബത്തായിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടന്നപ്പോഴും ബാലയ്ക്ക് എല്ലാവിധ ശുശ്രൂഷയും നല്‍കി എലിസബത്ത് ഒപ്പമുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ബാലയ്‌ക്കൊപ്പം എലിസബത്ത് ഇല്ല. കേരളത്തിന് പുറത്ത് ഒരു ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത്. ബാലയും എലിസബത്തിനെ കുറിച്ച് സംസാരിക്കാറില്ല. ജോലിക്കായി കേരളം വിട്ട് പോകും മുമ്പ് എലിസബത്ത് ഏറെനാള്‍ മാതാപിതാക്കള്‍ക്കൊപ്പം തൃശൂരിലെ വീട്ടിലായിരുന്നു. ബാല വീഡിയോകള്‍ പങ്കിടുമ്പോള്‍ എലിസബത്ത് എവിടെയെന്ന് തിരക്കി ആരാധകര്‍ എത്താറുണ്ടെങ്കിലും ബാല ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും വേര്‍പിരിഞ്ഞുവോയെന്ന സംശയം ആരാധകരിലും ഉണ്ടായിരുന്നു.

ഇപ്പോഴിതാ എലിസബത്ത് എവിടെ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല. ഒരു അഭിമുഖത്തിലാണ് എലിസബത്തിനെ കുറിച്ച് ഏറെ നാളുകള്‍ക്കുശേഷം ബാല സംസാരിച്ചത്. ‘എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം… എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്. പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി.’

‘അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

അതോടു കൂടി വീണ്ടുംകമന്റുകളുമായി ചിലരെത്തിയിരുന്നു. അപ്പോള്‍ ശരിക്കും വേര്‍പിരിഞ്ഞോ ഭാര്യ ദൂരെ ജോലി ചെയ്യുകയാണ് എന്ന് പറയാന്‍ ഇത്രയ്ക്ക് ബുദ്ധിമുട്ട് എന്താ, പിണങ്ങിക്കഴിഞ്ഞാല്‍ ബാല ഇതിനപ്പുറം പറയുന്നതും കേള്‍ക്കേണ്ടി വരും എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം, അടുത്തിടെ എലിബസത്ത് പ്രണയത്തെ കുറിച്ച് സംസാരിച്ചതും ഏറെ വൈറലായിരുന്നു.

സിനിമ കണ്ടാല്‍ പ്രണയം എത്ര മനോഹരമാണെന്ന് തോന്നും എന്നാല്‍ യഥാര്‍ഥ പ്രണയം അങ്ങനെയല്ലെന്നാണ് എലിസബത്ത് പ്രണയത്തെ കുറിച്ച് പറഞ്ഞത്. ‘എല്ലാം പ്രണയത്തെ വളരെ മനോഹരമായി ചിത്രീകരിക്കാറുണ്ട്. അനാര്‍ക്കലി പോലുള്ള സിനിമകളും അതിലെ ഡയലോഗുകളും എല്ലാം കണ്ടാല്‍ പ്രണയം ഇത്രയും ദിവ്യവും മനോഹരവുമാണോ എന്നൊക്കെ തോന്നും.

ഞാനും അനാര്‍ക്കലി സിനിമയുടെ വലിയ ആരാധികയാണ്. ഡയലോഗുകള്‍ എല്ലാം എനിക്ക് കാണാപാഠവും ആണ്. രണ്ടാം വര്‍ഷം എംബിബിഎസിന് പഠിക്കുമ്പോഴാണ് ആ സിനിമ കാണുന്നത്. എന്നാല്‍ സിനിമയില്‍ കാണുന്നത് പോലെ ഒന്നുമായിരിക്കില്ല പ്രണയം.’ ‘എല്ലാവരും പറയുന്നതുപോലെ പ്രണയിക്കുമ്പോള്‍ ജാതിയും മതവും പ്രായവും ദേശവും ഒന്നും നോക്കാന്‍ പാടില്ല. അങ്ങനെയാണെങ്കില്‍ അറേഞ്ച്ഡ് മാരേജ് ആക്കിയാല്‍ പോരെ.

പിന്നെ പ്രണയിക്കുമ്പോള്‍ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം പ്രണയം സിനിമയില്‍ കാണുന്നത് പോലെ അത്രയും മനോഹരം ആയിരിക്കില്ല.”പ്രണയിക്കുന്നത് തെറ്റാണ് എന്നല്ല. അമിതമായ പ്രതീക്ഷകള്‍ വെയ്ക്കരുത്. ഇനി അഥവാ ആ പ്രണയ ബന്ധം നല്ല രീതിയില്‍ പോയില്ലെങ്കില്‍ സമൂഹത്തെ പേടിച്ച് ആ ടോക്‌സിക് റിലേഷനില്‍ തുടരേണ്ടതില്ല’, എന്നാണ് എലിസബത്ത് പറഞ്ഞത്. ബാലയുമായുള്ള വിവാഹശേഷം എലിസബത്ത് തന്റെ വിശേഷങ്ങള്‍ പങ്കിടാനായി ഒരു യുട്യൂബ് ചാനലും ആരംഭിച്ചിരുന്നു.

അതേ സമയം ഉണ്ണിമുകുന്ദന്‍ നായകയായ ഷെഫിക്കിന്റെ സന്തോഷമാണ് ബാല ഒടുവില്‍ അഭിനയിച്ച മലയാള സിനിമ. ചിത്രത്തില്‍ സഹകരിച്ച പല സഹപ്രവര്‍ത്തകര്‍ക്കും ഉണ്ണി മുകുന്ദന്‍ പണം നല്‍കിയില്ല എന്ന ബാലയുടെ പ്രസ്ഥാവന വിവാദമായിരുന്നു. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ബാലയ്ക്ക് നടത്തിയതിനാല്‍ താരം ഇപ്പോഴും മരുന്നുകള്‍ കഴിക്കുന്നുണ്ട്.

ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന നടനായിരുന്നു ബാല. പുലിമുരുകന് ശേഷം ബാലയെ ഊര്‍ജ്വസ്വലതയോടെ കാണാന്‍ സാധിച്ചിട്ടില്ലെന്നത് ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു കാര്യമാണ്. പുതിയ മുഖത്തിലും ചെമ്പടയിലും എന്ന് നിന്റെ മൊയ്തീനിലുമുണ്ടായിരുന്ന ബാലയെ തിരികെ കിട്ടാന്‍ വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.

Vijayasree Vijayasree :