ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ കേസ്, നാളെ ഹാജരാവണമെന്ന് കോടതി

നടി ആക്രമിപ്പെട്ട കേസിൽ തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം ദിലീപിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന സംവിധായകനാണ് ബൈജു കൊട്ടാരക്കര. ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. ദിലീപിനും അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കുമെതിരെ മാത്രമല്ല, വിചാരണ കോടതി ജഡ്ജിക്കെതിരേയും അദ്ദേഹം ശക്തമായ രീതിയില്‍ വിമർശനം നടത്തിയിരുന്നു. ഇത്തരത്തില്‍ വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിനു ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ് .

ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ബൈജു കൊട്ടാരക്കര നടത്തിയ പരാമർശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ നടപടി. ശക്തമായ ആരോപണങ്ങളാണ് സംവിധായകനെതിരെ ഹൈക്കോടതി റജിസ്ട്രാർ ജനറൽ നൽകിയ ഡ്രാഫ്റ്റ് ചാർജിൽ വ്യക്തമാക്കുന്നത്. വിചാരണക്കോടതി ജഡ്‌ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് നടത്തിയതെന്നാണ് പരാമർശം.

വിചാരണ കോടതി ജഡ്‌ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് ബൈജു കൊട്ടാരക്കര നടത്തിയത്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും കോടതിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതുമാണെന്നും റജിസ്ട്രാർ ജനറൽ നൽകിയ ഡ്രാഫ്റ്റ് ചാർജിൽ വ്യക്തമാക്കുന്നു. കേസില്‍ നാളെ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ബൈജുകൊട്ടാരക്കരയോട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ നോട്ടിസ് ലഭിച്ചിട്ടും കക്ഷി നേരിട്ട് ഹാജരായില്ലെന്നു പറഞ്ഞ കോടതി അവസാന അവസരമായിരിക്കും ഇതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദ സംഭാഷണങ്ങള്‍ ദിലീപിന്റെത് തന്നെയാണെന്ന് വ്യക്തമാക്കുന്ന എഫ് എസ് എല്‍ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നുമാണ് ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനാ ഫലം വ്യക്തമാക്കുന്നു. ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേത് തന്നെയാണെന്നാണ് തെളിഞ്ഞിരിക്കുകയാണ്.

Noora T Noora T :