മദ്യപാനമോ പുകവലിയോ ഒന്നുമില്ല, ആരോഗ്യം നന്നായി പരിപാലിക്കുമായിരുന്നു; സഹോദരന്റെ മരണത്തെ കുറിച്ച് നടൻ ബൈജു എഴുപുന്ന

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു ജോണപ്പൻ മൂലങ്കുഴി അന്തരിച്ചത്. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. എന്നാൽ ഇപ്പോഴിതാ ഷെൽജുവിന് ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് പറയുകയാണ് ബൈജു.

കഴിഞ്ഞ ദിവസം ഷെൽജുവിന്റെ വെഡിങ് ആനിവേഴ്സറി ആയിരുന്നു. ഞാൻ ഉച്ചയ്ക്ക് അവനെ വിളിച്ചിരുന്നു. അവന്റെ കാറുമായിട്ടാണ് പോയത്. തൊടുപുഴ എത്തിയപ്പോഴാണ് ഷെൽജുവിന് സുഖമില്ലെന്ന് അറിയുന്നത്. ഒട്ടും അനക്കമൊന്നും ഇല്ലായിരുന്നു. അപ്പോൾതന്നെ ലേക്ക്ഷോറിലെത്തിച്ചു.

അവിടെ എത്തിയപ്പോൾ കുറച്ചുവൈകിയിരുന്നു. 20 മിനിറ്റോളം അവർ ശ്രമിച്ചു. അവൻ നന്നായി ആരോഗ്യം പരിപാലിക്കുമായിരുന്നു. മദ്യപാനമോ പുകവലിയോ ഒന്നുമില്ല. 49 വയസ്സായിരുന്നു. ദൈവം വിളിച്ചാൽ സമയവും ആരോഗ്യവും ഒന്നുമില്ല. ദൈവത്തിന് ഇഷ്ടമുള്ളവവരെ നേരത്തെ വിളിക്കും.

അവൻ മമ്മിയുടെ അടുത്തോട്ട് പോയി. രണ്ട് മാസത്തിന് മുമ്പ് ഒരു പനി വന്നിരുന്നു. അപ്പോൾ കുറച്ച് നാൾ ആശുപത്രിയിലായിരുന്നു. അതിന് ശേഷം വേറെ ആരോഗ്യപരമായി പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. പ്രഷറും കൊളസ്ട്രോളുമൊക്കെ ചെക്ക് ചെയ്യാറുണ്ടായിരുന്നു. വേറെ പ്രശ്നങ്ങളില്ലായിരുന്നു.

ഭാര്യ വിചാരിച്ചത് ഷുഗർ കുറഞ്ഞതാണ് എന്നാണ്. പക്ഷേ അതൊരു കാർഡിയാക് അറസ്റ്റ് ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ പൾസ് ഉണ്ടായിരുന്നു, പക്ഷേ ശ്രമിച്ചിട്ടും തിരിച്ചു പിടിക്കാൻ പറ്റിയില്ല. സമയമാകുമ്പോൾ എല്ലാവരും പോയെ പറ്റൂ. ഞാൻ സിനിമയുമായി നടക്കുമ്പോൾ അവനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത് എന്നും ബൈജു പറഞ്ഞു.

Vijayasree Vijayasree :