ഇന്ന് പുറത്തെത്തിയ വിക്കി കൗശൽ-തൃപ്തി ദിമ്രി ചിത്രമാണ് ‘ബാഡ് ന്യൂസ്. തിയേറ്ററുകളിലെത്തിയതും വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ലിപ്‌ലോക് സീനുകളിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ട് നിർദ്ദേശം നൽകിയിരിക്കുകയാണ് സെൻസർ ബോർഡ്.
വിക്കി കൗശലും തൃപ്തി ദിമ്രിയും ഉൾപ്പെടുന്ന 27 സെക്കൻഡ് ദൈർഘ്യമുള്ള മൂന്ന് ലിപ്‌ലോക്ക് സീനുകളിൽ പരിഷ്‌ക്കരണം വരുത്താനുള്ള നിർദേശമാണ് സെൻസർ ബോർഡ് നൽകിയത്.
ലിപ്‌ലോക്ക് കട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല, എന്നാൽ 10 സെക്കൻഡ്, 8 സെക്കൻഡ്, 9 സെക്കൻഡ് ദൈർഘ്യമുള്ള മൂന്ന് സീനുകളിൽ ലിപ് ലോക്ക് രംഗങ്ങൾ പരിഷ്‌കരിക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം.
അത് മാത്രമല്ല, സ്‌ക്രീനിലെ മദ്യവിരുദ്ധ വാചകങ്ങളുടെ വലുപ്പം വർദ്ധിപ്പിക്കാൻ അടക്കം ചില ചെറിയ മാറ്റങ്ങളും സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
2019ൽ പുറത്തിറങ്ങിയ ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ‘ബാഡ് ന്യൂസും’ നിർമിച്ചിരിക്കുന്നത്. ഹിരൂ യാഷ് ജോഹർ, കരൺ ജോഹർ, അപൂർവ മേത്ത, അമൃതപാൽ സിങ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗർഭിണിയായ നായിക തന്റെ ഗർഭസ്ഥ ശിശുവിന്റെ പിതാവായി രണ്ടുപേരെ സംശയിക്കുന്നു. അതിനെ തുടർന്നുണ്ടാകുന്ന ഡിഎൻഎ ടെസ്റ്റും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിക്കി കൗശലും, ആമി വിർക്കുമാണ് നായകന്മാരായി എത്തുന്നത്.
‘അനിമൽ’ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് തൃപ്തി ദിമ്രി. സ്‌ക്രീൻ ടൈം കുറവാണെങ്കിലും ചിത്രത്തിലെ തൃപ്തിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സും കൂടിയതോടെ നാഷണൽ ക്രഷ് ആയി മാറിയിരിക്കുകയാണ് തൃപ്തി.