ശ്യാം പുഷ്‌കരനെ പോലെ ബ്രില്ല്യന്റായ എഴുത്തുകാരനാണ് ഉദയകൃഷ്ണയും; ബി ഉണ്ണികൃഷ്ണന്‍

മലയാളം സിനിമ ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട, വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ പേരാണ് ഉദയകൃഷ്ണയുടെത്. മുന്‍പ് ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുക്കെട്ടില്‍ വാണിജ്യ വിജയം കൈവരിച്ച ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അവസാനമിറങ്ങിയ ഉദയകൃഷ്ണ തിരക്കഥയെഴുതിയ സിനിമകളൊക്കെ വലിയ രീതിയില്‍ വിമര്‍ശനം നേരിട്ടിരുന്നു.

ഇപ്പോഴിതാ ഉദയകൃഷ്ണയെ കുറിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ശ്യാം പുഷ്‌കരനെ പോലെ ബ്രില്ല്യന്റായ എഴുത്തുകാരനാണ് ഉദയകൃഷ്ണയും എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഈയടുത്ത് പുറത്തിറങ്ങിയ ആറാട്ട്, ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയായിരുന്നു.

‘തമിഴ്‌നാട് എടുക്കുകയാണെങ്കില്‍ അവിടെ അറ്റ്‌ലിയുമുണ്ട് വെട്രിമാരനുമുണ്ട്. അത്തരം പല സ്വഭാവമുള്ള സിനിമകള്‍ ഒരു ഇന്‍ഡസ്ട്രിക്ക് തീര്‍ച്ചയായും വേണം. പുതിയ ആളുകളെല്ലാം ബ്രില്ല്യന്റ് ഫിലിം മേക്കേര്‍സാണ്.

വളരെ നാളുകള്‍ക്ക് ശേഷം മലയാളത്തിന് ലഭിച്ച ഒരു ബ്രില്ല്യന്റ് റൈറ്ററാണ് ശ്യാം പുഷ്‌കരന്‍. ഒരു എഴുത്തുകാരന്‍ എന്ന് കേള്‍ക്കുമ്പോള്‍, ഹാ ഇതൊരു എഴുത്തുകാരന്‍ തന്നെ, എന്ന് നമ്മുക്ക് തോന്നണം, ശ്യാം പുഷ്‌കരന്‍ അങ്ങനെയാണ്.

ഇതേ ബ്രില്ല്യന്‍സ് തന്നെയാണ് ഉദയകൃഷ്ണ എന്ന സ്‌ക്രിപ്റ്റ് റൈറ്ററിലും മറ്റൊരു രീതിയിലുള്ളത്. ഞാനിത് പറയുമ്പോള്‍ ഭയങ്കര വിവാദങ്ങളിലേക്ക് പോകാം
ഞാന്‍ ഒരിക്കലും ഒരേപോലെ താരതമ്യപ്പെടുത്തുകയല്ല. ശ്യാം ഭയങ്കര ഗംഭീരമായി അയാളുടേതായൊരു സിനിമ ചെയ്യുമ്പോള്‍, ഉദയനെ സംബന്ധിച്ച് കൃത്യമായി എല്ലാ എലമെന്റ്‌സും കോര്‍ത്തിണക്കി ഒരു സിനിമയുണ്ടാക്കാന്‍ അദ്ദേഹത്തിന് അറിയാം’ എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :