ആരെയും അറിയിക്കാതെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോകുക എന്നതൊക്കെ കേട്ടറിവില്ലാത്ത കാര്യമാണ്;അതൊക്കെ ശുദ്ധ അസംബന്ധമാണ്!

യുവ നടൻ ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുൻകയ്യെടുക്കേണ്ടെന്ന് ഫെഫ്ക തീരുമാനം. നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് ഫെഫ്ക ഇടപെടില്ലെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഷെയ്ൻ പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടു. ചിത്രീകരണ സമയവുമായി ബന്ധപ്പെട്ട് നടൻ പറഞ്ഞതെല്ലാം നുണയാണ്. പുതുതലമുറയുടെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആരെയും അറിയിക്കാതെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോകുക എന്നതൊക്കെ കേട്ടറിവില്ലാത്ത കാര്യമാണ്. പാക്കപ്പ് പറഞ്ഞു എന്നാണ് ഷെയ്ൻ പറയുന്നത്. അതൊക്കെ ശുദ്ധ അസംബന്ധമാണ്. ഷൂട്ടിംഗ് നടക്കുമ്പോഴാണ് ഷെയ്‌നെ കാണാതാകുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. തന്റെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയിട്ടുണ്ടെന്നും എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും ഷെയ്ൻ താരസംഘടന എഎംഎംഎയുടെ ഭാരവാഹികളെ അറിയിച്ചതായാണ് അറിയാൻ കഴിഞ്ഞത്. ഷെയ്ൻ ഒരു സെറ്റിൽ എത്ര മണിക്കൂർ ജോലി ചെയ്തു എന്നത് സംബന്ധിച്ച് തങ്ങളുടെ കൈയിൽ കണക്കുണ്ട്. അസിസ്റ്റന്റ് ഡയറക്ടർമാരോട് വളരെ മോശമായാണ് ഷെയ്ൻ പെരുമാറിയത്. അതിന്റെ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

ഈയാഴ്ച തന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും താരസംഘടനയായ അമ്മയുടേയും നിര്‍വ്വാഹക സമിതി യോഗം ചേരുന്നുണ്ട്. രണ്ട് സംഘടനയുടേയും നിലപാട് അറിഞ്ഞശേഷം മാത്രം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്ന നിലപാടിലാണ് ഫെഫ്ക.വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണത്തിന് ഷെയ്ൻ നിഗം കൃത്യമായി എത്താത്തതും നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതും പ്രൊഫഷണല്‍ മര്യാദയല്ലെന്നും ഫെഫ്ക വിലയിരുത്തി. മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാൻ നിർമ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ൻ രംഗത്തെത്തിയിരുന്നു. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിർമ്മാതാക്കൾ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചത്.

b unnikrishnan about shane nigam

Vyshnavi Raj Raj :