തൊഴിലാളികളുടെ വിയര്‍പ്പ് അഭിഷേകം ചെയ്താണ് താനുണ്ടായതെന്ന് കമല്‍ഹാസന്‍ പറഞ്ഞിട്ടുണ്ട്, മലയാളസിനിമയിലെ എല്ലാ നടീനടന്മാര്‍ക്കും ഈ തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് ബി ഉണ്ണികൃഷ്ണന്‍

സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഷ്ടപ്പാട് താരങ്ങള്‍ മനസിലാക്കണമെന്ന് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണിക്കൃഷ്ണന്‍. തൊഴിലാളികളുടെ വിയര്‍പ്പ് ധാരയായി ദേഹത്തുവീണാണ് താനുണ്ടായതെന്ന കമല്‍ഹാസന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിര്‍മിക്കുന്ന സിനിമകള്‍ തിയേറ്ററുകളില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കമല്‍ഹാസനേക്കുറിച്ച് ഞാന്‍ പറയേണ്ട ആവശ്യമില്ല. ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് അദ്ദേഹം. ഏതെല്ലാം മേഖലകളിലാണ് അദ്ദേഹം അദ്വിതീയനായി നില്‍ക്കുന്നതെന്ന് ആലോചിച്ചു നോക്കൂ.

ഞങ്ങളുടെ ഒരു തൊഴിലാളി സംഗമത്തില്‍ വന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. മദ്രാസിലെ ചൂടിനേക്കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ. ആസ്ബറ്റോസ് ഷീറ്റുകളായിരിക്കും സ്റ്റുഡിയോയുടെ മുകളില്‍. അത്തരം സ്റ്റുഡിയോ ഫ്‌ളോറുകള്‍ക്ക് മുകളില്‍ ലൈറ്റ് കെട്ടിവച്ച് പണിയെടുക്കുന്ന തൊഴിലാളികളുണ്ട്. അവരനുഭവിക്കുന്ന ചൂടിനേക്കുറിച്ച് ആലോചിച്ച് നോക്കൂ.

ധാരധാരയായാണ് അവരുടെ വിയര്‍പ്പ് താഴേയ്ക്ക് വീണുകൊണ്ടിരിക്കുക. താഴെ അഭിനയിച്ചുകൊണ്ടിരിക്കുന്ന തന്റെ മേല്‍ അവരുടെ വിയര്‍പ്പ് വന്നുവീഴും. ആ വിയര്‍പ്പിനാല്‍ അഭിഷേകം ചെയ്യപ്പെട്ടാണ് താനുണ്ടായതെന്നാണ് കമല്‍ഹാസന്‍ പറഞ്ഞതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ഈ തിരിച്ചറിവ് മലയാളസിനിമയിലെ എല്ലാ നടീനടന്മാര്‍ക്കും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെടുക്കുന്ന ഏത് തീരുമാനത്തിന്റെ കൂടെയും ഫെഫ്ക ഉണ്ടാകും. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിരിക്കും. നമ്മുടെ സര്‍ക്കാര്‍ സ്ത്രീകളുടെ സിനിമയിലെ സാന്നിധ്യവും പ്രാതിനിധ്യവും കൂട്ടുവാനായി കെ.എസ്.എഫ്.ഡിസി ഇപ്പോള്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതല്‍ 44 വരെ എന്ന ചിത്രം ഇപ്പോള്‍ തിയേറ്ററുകളിലുണ്ട്. വളരെ മികച്ച സിനിമയാണത്. പക്ഷേ സിനിമ നിര്‍മിക്കുന്നു എന്നല്ലാതെ അവ തിയേറ്ററുകളില്‍ നിലനിര്‍ത്താനുള്ള കാര്യം കൂടി ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയ്യേണ്ടതായിരുന്നു.

ലാഭം നോക്കി പ്രവര്‍ത്തിക്കുന്ന മറ്റ് തിയേറ്ററുകള്‍ പോലെ കെ.എസ്.എഫ്.ഡി.സിയും മാറുന്നുണ്ടോ എന്ന് സംശയമുണ്ട്. അ!ഞ്ചോ പത്തോ പേര്‍ മാത്രമുള്ളതിനാല്‍ ഒരു സിനിമ നിര്‍ത്തിപ്പോവുന്നത് ഖേദകരമാണ്. എന്നാല്‍ സിനിമ നിര്‍മിക്കാനുള്ള കെ.എസ്.എഫ്.ഡി.സിയുടെ ഉദ്യമം അഭിനന്ദനീയവുമാണെന്നും ബി. ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :