ടീച്ചറെ ട്രോളുന്നത് തമാശയല്ല, വൈകൃതമാണ്; പരിഹസിച്ചവർക്ക് മറുപടിയുമായി അശ്വതി ശ്രീകാന്ത്

പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥയുമായി എത്തി ഇന്ന് കേരളമാകെ തരംഗമായി ഒന്നാം ക്ലാസ്സിലെ സായി ശ്വേത ടീച്ചറെ പരിഹസിച്ചവർക്ക് മറുപടിയുമായി അതാരക അശ്വതി ശ്രീകാന്ത്.
“ഒന്നാം ക്ലാസ്സിലെ കുഞ്ഞിപിള്ളേരുടെ കൂടെ മുതുക്കൻമാർ കയറിയിരുന്ന് ടീച്ചറെ ട്രോളി തമാശ കാണിക്കാൻ ശ്രമിക്കുന്നത് സത്യത്തിൽ തമാശയല്ല, വൈകൃതമാണെ”ന്ന് അശ്വതി ഫെയ്സ്ബുക്കിൽ കുറിച്ചു

“ഓൺലൈൻ ക്‌ളാസ്സുകൾ കുട്ടികൾക്കും ടീച്ചർമാർക്കും പുതിയതാണ്. സാധാരണ ക്ലാസ് നടക്കുമ്പോൾ അത് ടീച്ചറിന്റെയും കുട്ടികളുടെയും മാത്രം ലോകമാണ്.അതിലേയ്ക്ക് കണ്ണ് നട്ട് ഒരു സൈബർ ലോകം മുഴവൻ ഇരിക്കുന്നുവെന്ന ചിന്ത തന്നെ അവരെ കോൺഷ്യസ് ആക്കും. അതിൽ നിന്ന് സ്വയം മാറി നിൽക്കുക എന്നത് ഒരു സാമാന്യ മര്യാദ ആണ്. അതിൽ തമാശ കാണുന്ന പ്രവണത നല്ലതല്ല എന്ന അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നു.അവരുടെ സ്വകാര്യതയെ മാനിക്കൂ”..അശ്വതി കുറിക്കുന്നു

കോഴിക്കോട് വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിലെ അധ്യാപികയായ സായി ശ്വേത അധ്യാപികയായി പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഒരുവർഷം മാത്രമേ ആയിട്ടുളളൂ. സായിശ്വേത മികച്ച അവതരണത്തിലൂടെയാണ് കുരുന്നുകളുടെയും രക്ഷിതാക്കളുടെയും മനംകവർന്നത്.

മുതുവടത്തൂർ സ്കൂളിലെത്തി നാലുദിവസം മുമ്പാണ് വിക്ടേഴ്‌സ് ചാനൽ അധികൃതർ ശ്വേതയുടെ ക്ലാസ് ചിത്രീകരിച്ചത്. സംസ്ഥാനത്തെ ‘അധ്യാപകക്കൂട്ടം’ വാട്‌സാപ്പ് ഗ്രൂപ്പിലിട്ട കഥയുടെ വിഡിയോ ആണ് ശ്വേതയെ വിക്ടേഴ്‌സ് ചാനലിലെത്തിച്ചത്.വിഡിയോ പിന്നീട് അധ്യാപകക്കൂട്ടം ബ്ലോഗിലേക്കിട്ടു. ഇത് ഉന്നതവിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നവാഗതരെ സ്വാഗതംചെയ്യാൻ ഈ അധ്യാപികയ്ക്ക് വഴിയൊരുങ്ങിയത്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന മുതുവടത്തൂർ സ്വദേശി ദിലീപാണ് ഭർത്താവ്.

Noora T Noora T :