നടനും നർത്തകനുമായ അവ്വൈയ് സന്തോഷ് അന്തരിച്ചു

നടനും നർത്തകനുമായ സന്തോഷ് ജോൺ അന്തരിച്ചു. 43 വയസായിരുന്നു. അവ്വൈയ് സന്തോഷ് എന്നാണ് സന്തോഷ് അറിയപ്പെട്ടിരുന്നത്. അങ്കമാലിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് സന്തോഷ് മരണപ്പെട്ടത്. പട്ടാമ്പിയിൽ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ രാത്രി ഒന്നോടെയാണ് സംഭവം.

കേരളത്തിലെ അറിയപ്പെടുന്ന സ്റ്റേജ് പെർഫോമറായിരുന്നു സന്തോഷ്. കമൽ ഹാസന്റെ അവ്വൈ ഷൺമുഖി, അപൂർവ സഹോദരങ്ങൾ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സ്റ്റേജുകളിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ് സന്തോഷ്. മികച്ച രീതിയിൽ നൃത്തം ചെയ്തതിന്‌ കമലഹാസൻ സന്തോഷിനെ നേരിൽ കണ്ട് അഭിനന്ദിച്ചു. പിന്നീട് അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.

20ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ, സത്യം ശിവം സുന്ദരം, സകലകലാ വല്ലഭൻ, സ്പാനിഷ് മസാല, അപരൻമാർ ന​ഗരത്തിൽ തുടങ്ങി നിരവധി സിനിമകളിൽ സന്തോഷ് അഭിനയിച്ചു. ജയറാം, നാദിർഷാ, കലാഭവൻ മണി എന്നിവരോടൊപ്പം ഒട്ടേറെ രാജ്യങ്ങളിൽ സന്തോഷ് സ്റ്റേജ് പ്രോഗ്രമുകളിൽ പങ്കെടുത്തിട്ടുണ്ട്.

സന്തോഷും അമ്മ ലീലാമ്മ ജോണും ചേർന്ന് അവതരിപ്പിക്കുന്ന ഡാൻസ് പരിപാടികൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഭാര്യ: ഷീന. മക്കൾ: അലീന, ജോണൽ. സംസ്‌കാരം ശനിയാഴ്ച 2-ന് കിഴക്കമ്പലം സെയ്ന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Vijayasree Vijayasree :