മമ്മൂട്ടിയുടെ കാരവാനിൽ കയറാൻ എനിക്ക് പേടിയാണ്, അതിലിരുന്ന് സിനിമ കാണാനുള്ള ഫ്രീഡമൊക്കെ എനിക്ക് തന്നിട്ടുണ്ട്, പക്ഷെ…; തുറന്ന് പറഞ്ഞ് ആസിഫ് അലി

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ യുവതാരങ്ങളിലേയ്ക്ക് താരം ഉയർന്നത്. 2009ൽ പുറത്തിറങ്ങിയ ‘ഋതു’ എന്ന സിനിമയിലൂടെയായായിരുന്നു ആസിഫ് സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്. ഇതിനകം എഴുപതിലേറെ സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

കഥ തുടരുന്നു, അപൂർവ്വരാഗം, ട്രാഫിക്, സോൾട്ട് ആൻഡ് പെപ്പർ, ഒഴിമുറി, ഹണിബീ, അപ്പോത്തിക്കിരി, നിർണ്ണായകം, അനുരാഗ കരിക്കിൻ വെള്ളം, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും, ഉയരെ, ഉണ്ട, കെട്ടിയോളാണ് എന്റെ മാലാഖ, ആണും പെണ്ണും തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ആസിഫ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തനെപ്പോഴും മമ്മൂട്ടിയുടെ കാരവാനിൽ ആയിരുന്നുവെന്നും അതിനുള്ള ഫ്രീഡം തനിക്ക് ഉണ്ടായിരുന്നുവെന്നും പറയുകയാണ്ആസിഫ്.

നമ്മൾ ഒരുപാട് പേരെ കാണണമെന്ന് ജീവിതത്തിൽ ആഗ്രഹിക്കുന്നു. അവരുമായിട്ട് നമുക്കൊരു അടുപ്പം വന്നു കഴിയുമ്പോൾ, അവർ നമുക്ക് പരിചയമുള്ള ഒരാളായി മാറും. പക്ഷെ മമ്മൂക്ക അങ്ങനെയല്ല. ഒരു ഇരുപത് മിനിറ്റ് സംസാരിച്ച് കഴിഞ്ഞു ഒന്ന് പുറത്തേക്കിറങ്ങി വീണ്ടും മമ്മൂക്കയെ വന്ന് കാണുമ്പോൾ എനിക്ക് പേടിയാവും.

ജവാൻ ഓഫ് വെള്ളിമല ഷൂട്ട് ചെയുന്ന സമയത്ത് മമ്മൂക്കയുടെ കാരവാനിലായിരുന്നു ഞാൻ ഫുൾ ടൈം ഉണ്ടായിരുന്നത്. എന്റെ ഡിവൈസസ് എല്ലാത്തിലും കണക്ട് ആണ്. അദ്ദേഹത്തിന്റെ കാരവാനിൽ ഇരുന്ന് സിനിമ കാണാനുള്ള ഫ്രീഡമൊക്കെ എനിക്ക് തന്നിട്ടുണ്ട്. പക്ഷെ എല്ലാ ദിവസം പോവുമ്പോഴും ആ കാരവാനിൽ കയറാൻ എനിക്ക് പേടിയാണ്. ഞാനൊരു പതിനഞ്ചു മിനിറ്റ് പുറത്തിരുന്ന് ജോർജ് ഏട്ടനെ വിളിച്ച്, മൂപ്പരുടെ കൂടെയാണ് അകത്തേക്ക് കയറുക. അത് ചിലപ്പോൾ നമ്മുടെ വീട്ടിലുള്ള ഒരാളോടുള്ള റെസ്‌പെക്ട് പോലെയാണ്, എന്നും ആസിഫ് അലി പറഞ്ഞു.

അതേസമയം ലെവൽ ക്രോസ് എന്ന ചിത്രമാണ് ആസിഫിന്റേതായി പുറത്തെത്താനുള്ളത്. അമല പോളും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജൂലൈ ഇരുപത്തിയാറിന് റിലീസ് ചെയ്യും. ഇപ്പോൾ ഇതിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ആസിഫും അമലയും. അർഫാസ് അയൂബ് ആണ് സംവിധായകൻ. ലെവൽ ക്രോസിൻറെ കഥയും തിരക്കഥയും അർഫാസാണ്.

ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

Vijayasree Vijayasree :