കുട്ടിക്കാലം മുതൽ 18-ാം വയസുവരെ ശസ്ത്രക്രിയയ്ക്ക് വിധേയനായി; ആരോ​ഗ്യസ്ഥിതിയെകുറിച്ച് വെളിപ്പെടുത്തി നടൻ അശ്വിൻ

വളരെപ്പെട്ടന്ന് ജനമനസുകളിൽ ഇടം നേടിയ നടനാണ് അശ്വിൻ കുമാർ. വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വർ​ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികളുടെ പ്രിയങ്കരനാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു. ലവകുശ, ചാര്‍മിനാര്‍, രണം, ആഹാ തുടങ്ങിയ ചിത്രങ്ങളിലും അശ്വിൻ പ്രധാനവേഷങ്ങൾ ചെയ്‌തു.

ഇപ്പോഴിതാ തന്റെ ആരോ​ഗ്യസ്ഥിതിയെകുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ. നിരവധി ശസ്ത്രക്രിയ നടത്തിയെന്നും ചെറുപ്പത്തിൽ മുച്ചുണ്ടുള്ള കുട്ടിയായിരുന്നു എന്നുമാണ് അശ്വിൻ പറയുന്നത്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആരോ​ഗ്യസ്ഥിതിയെകുറിച്ച് വെളിപ്പെടുത്തിയത്. കുഞ്ഞുനാൾ മുതലുള്ള ശസ്ത്രക്രിയയുടെ ചിത്രങ്ങളും നടൻ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിലൂടെ ശസ്ത്രക്രിയ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ നടന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

അശ്വിന്റെ ഇൻസ്റ്റ​ഗ്രാം കുറിപ്പ് ഇങ്ങനെ…

ചെറുപ്പത്തിൽ മുച്ചുണ്ടുള്ള കുട്ടിയായിരുന്നു ഞാൻ . ‘1987 മുതൽ 2006 വരെയുള്ള കാലം. നിരവധി ശസ്ത്രക്രിയകൾക്ക് ശേഷമാണ് എനിക്ക് ഒന്നു ചിരിക്കാനായത്. ഈ വർഷമത്രയും ശസ്ത്രക്രിയകളിലൂടെയായിരുന്നു യാത്ര. 1987-ൽ മൂന്നു മാസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ ശസ്ത്രക്രിയ. രണ്ടാമത്തേത് ആറു മാസം പ്രായമുള്ളപ്പോഴും. 2006ൽ എനിക്കു 18 വയസ് തികഞ്ഞപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്തി. അന്ന് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ഞാൻ. ആറു മണിക്കൂർ നീണ്ട മേജർ സർജറിയായിരുന്നു. മാതാപിതാക്കൾ, മുത്തശ്ശിമാർ, ശസ്ത്രക്രിയാ വിദഗ്ധർ, അടുത്ത സുഹൃത്തുക്കൾ, പ്രപഞ്ചശക്തികൾ… അവരോടൊക്കെയാണ് എനിക്ക് നന്ദി പറയാനുള്ളത്.’-അശ്വിൻ കുറിച്ചു.

Vismaya Venkitesh :