എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന വ്യക്തിയാണ് അഷ്റഫ് ഗുരുക്കൾ. കമൽ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. നാട്ടുകാരൻ കൂടിയായ കമൽ തന്നെ സിനിമയിലേക്ക് കൈ പിടിച്ച് കൊണ്ടുവരികയായിരുന്നുവെന്നാണ് അഷ്റഫ് ഗുരുക്കൾ പറയുന്നത്.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തേക്കുറിച്ചും അസുഖബാധിതനായതിനെ കുറിച്ചും നടൻ ദിലീപിനെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് അഷ്റഫ് ഗുരുക്കൾ. പ്രൈം ഷോ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘1979 മുതൽ കളരി പഠിക്കുന്നുണ്ട്. ആറാം ക്ലാസ്സിൽ മൂന്ന് വർഷം തോറ്റതിന് ശേഷം സ്കൂൾ പഠനം എന്ന ആ ദൗത്യം നിർത്തി. ബാംഗ്ലൂരിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന സമയത്താണ് സിനിമയിലേക്ക് വരുന്നത്’ അഷ്റഫ് ഗുരുക്കൾ പറയുന്നു.

കമലിന്റെ എല്ലാ പടങ്ങളിലും ചെറിയ ചെറിയ വേഷങ്ങൾ ചെയ്യാൻ എന്നെ വിളിക്കും. ആൾക്കൂട്ടത്തെയൊക്കെ മാറ്റി നിർത്താൻ സഹായിച്ച് ലൈവ് ആയപ്പോൾ പ്രൊഡക്ഷൻ മാനേജർ ആയി പിന്നീട്. അവിടുന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പിന്നെ പ്രൊഡക്ഷൻ കൺട്രോളർ ആയി. പ്രൊഡ്യൂസറുടെ കാശിനെ നിയന്ത്രിച്ച് സിനിമ കൊണ്ടുപോകുന്ന ഒരാളെയാണ് പ്രൊഡക്ഷൻ കൺട്രോളർ എന്ന് പറയുന്നത്. തുളസിദാസ്, സിബി മലയിൽ, ഷാജി കൈലാസ് തുടങ്ങിയ ഒത്തിരി ടോപ്പ് ഡയറക്ടേഴ്സിന്റെ പടങ്ങൾ ചെയ്തു.

പീറ്റർ ഞാറക്കൽ. എം രഞ്ജിത്ത്, ആന്റണി ഇരിഞ്ഞാലക്കുട, ആൽവിൻ ആന്റണി, ഗിരീഷ് വൈക്കം അങ്ങനെയൊക്കെ ഉള്ള ടോപ്പ് കൺട്രോളേഴ്സിന്റെ കൂടെയാണ് ഞാൻ വർക്ക് പഠിച്ചത്. ലൈഫ് എങ്ങനെയാണ് മാറിയത്. സിനിമ ശരിക്കും ഞാൻ മോഹിച്ച ഒരു ഫീൽഡ് അല്ലായിരുന്നു. വളരെ താഴ്ന്ന ഒരു കുടുംബമായിരുന്നു എന്റേത്. സാമ്പത്തികമായിട്ട് വളരെ താഴ്ന്ന നിലയും പോരാത്തത്തിന് വിദ്യാഭ്യാസവും ഇല്ല.

ആകെയുള്ള മാർഗം എന്തെങ്കിലും ജോലി ചെയ്യാം എന്നുള്ളതാണ്. അങ്ങനെ ഹോട്ടൽ പണിക്ക് പോയപ്പോഴാണ് സിനിമ കിട്ടിയത്. സിനിമയിൽ ഇങ്ങനെ ഒരു ജോലി കിട്ടിയപ്പോഴും അഭിനയം നമ്മൾ മോഹിച്ചില്ല. കാരണം നമുക്ക് അതിൽ പാരമ്പര്യം ഇല്ല. അഭിനയം ചുമ്മാ എല്ലാവർക്കം ചെയ്യാൻ പറ്റുന്ന കേസല്ല. നാടകമോ, മിമിക്രിയോ അതും അല്ലെങ്കിൽ മോണോ ആക്ട് പോലുമോ ഞാൻ ചെയ്തിട്ടില്ല. എങ്കിലും കളരിപ്പയറ്റുകാരനായതിനാൽ സിനിമയിലെ ഫൈറ്റുകൾ വരുമ്പോൾ ഞാൻ ശ്രദ്ധിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മാനേജർ പണി എന്ന് പറഞ്ഞാൽ മൊത്തത്തിൽ നമ്മൾ ലൊക്കേഷനിൽ എപ്പോഴും ഉണ്ടാകും. ത്യാഗരാജൻ മാഷ് ആണ് അന്ന് ലീഡ് ചെയ്യുന്നത്. പളനി മാസറ്ററും ശശി മാസ്റ്ററുമെല്ലാം ഉണ്ട്. ത്യാഗരാജൻ മാസ്റ്റർ ഫൈറ്റ് എടുക്കാൻ വരുമ്പോൾ അദ്ദേഹം എങ്ങനെയാണ് ഫൈറ്റ് എടുക്കുന്നതെന്ന് നോക്കും. എടുത്ത സാധനം എഡിറ്റ് ചെയ്ത് വരുന്നതും കാണും. അപ്പോൾ അതിനോട് ഒരു പ്രത്യേക താൽപര്യം ഉണ്ടായി.

അതിന് ഇടക്കാണ് കായംകുളം കൊച്ചുണ്ണി എന്ന് പറഞ്ഞ ഒരു സീരിയൽ എടുക്കുന്നത്. അത് 800 എപ്പിസോഡോളം പോയ സീരിയലായിരുന്നു. അതിന്റെ റൈറ്ററും ഡയറക്ടറും അഭിനയിക്കുന്ന ആളുകളൊക്കെയും എന്റെ ഫ്രണ്ട്സ് ആണ്. അതിൽ ഒരു ഫൈറ്റ് ചെയ്യാൻ വേണ്ടി വിളിച്ചതാണ് എന്നെ. സീരിയലിൽ കൊച്ചുണ്ണിയുടെ മൂന്ന് കാലഘട്ടമാണ് കാണിക്കുന്നത്. ആദ്യം കുട്ടിക്കാലം, പിന്നെ മണിക്കുട്ടൻ, മണിക്കുട്ടനിൽ നിന്ന് പ്രകാശിലേക്ക് എന്നിങ്ങനെയായിരുന്നു അത്.

പ്രകാശിന്റെ ഇൻട്രോ ഫൈറ്റ് എടുക്കണം. അന്ന് വലിയ പ്രൊട്ടക്ഷൻ ഫെസിലിറ്റീസ് ഒന്നുമില്ല. ആകെ ഒരു ചാക്ക് വൈക്കോൽ ഉണ്ടാകും. അതൊരു ചാക്കിലാക്കി നിലത്ത് വിരിച്ചിട്ട് അതിന്റെ മുകളിലാണ് വീഴുന്നത്. മുകളിലാണ് വീഴുന്നത്. ഇന്നിപ്പോൾ ബെഡ് ആയി റോപ്പായി സാധനങ്ങളൊക്കെ ഡെവലപ്പ് ആയി. ആ സീരിയലിൽ ഏകദേശം 280-300 ഫൈറ്റ് ചെയ്തു. യഥാർത്ഥത്തിൽ അതിൽ നിന്നാണ് ഫൈറ്റ് പഠിക്കുന്നത്. അല്ലാതെ ഒരു മാസ്റ്ററുടെ കീഴിൽ അസിസ്റ്റന്റ് ആയിട്ട് നിന്ന് പഠിച്ച ആളല്ല ഞാനെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഒരു ഗ്യാപ്പ് വന്ന്. ആ സമയത്താണ് നാവിൽ ക്യാൻസർ വരുന്നത്. ആർ സിസി യിൽ ആയിരുന്നു അതിന്റെ ട്രീറ്റ്മെൻറ്. പല്ലെല്ലാം എടുത്തു കളഞ്ഞു. സാധാരണ ക്യാൻസർ വന്നു കഴിഞ്ഞാൽ ഇന്നല്ലെങ്കിൽ നാളെ മരിക്കുന്ന ഒരു വ്യക്തിയെ കാണുന്നത് പോലെയാണ് ആളുകൾ രോഗിയെ കാണുക. ഒരു സഹതാപമായിരിക്കും. ക്യാൻസർ വന്നാൽ പിന്നെ രക്ഷയില്ല അയാൾ മരിച്ചു പോകും എന്നുള്ള ഒരു ജഡ്ജ്മെന്റ് ആളുകൾ അങ്ങോട്ട് എഴുതിയിട്ടുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ ഒന്നുമില്ല. അങ്ങനെയാണെങ്കിൽ ഞാൻ ഇവിടെ ഇരിക്കേണ്ട ആളല്ല.

എന്റെ ജോലി എക്സിക്യൂഷൻ ആയിരുന്നു. പക്ഷെ ഇപ്പോൾ ചെയ്യുന്നത് വളരെ കഠിന കഠോരമായ ജോലി അല്ലേ. ഞാൻ എപ്പോഴും മോണിറ്ററിന്റെ താഴെ ഇരുന്ന് റോൾ ക്യാമറ ആക്ഷൻ കട്ട് അല്ലെങ്കിൽ വൺ മോർ അല്ലെങ്കിൽ ഓക്കേ എന്ന് പറയുന്ന ആളല്ല. ഞാൻ മോണിറ്റിന്റെ മുന്നിൽ ഇരിക്കാറില്ല. എന്റെ ജഡ്ജ്മെൻറ് സ്ട്രൈറ്റ് ആണ്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതായത് ഫ്രെയിം ഔട്ട് ആയാൽ നിങ്ങൾ തന്നെ കട്ട് പറഞ്ഞോളൂവെന്ന് ഞാൻ സംവിധായകരോടോ സഹസംവിധായകരോടോ പറയും.

അത്ര ഹെവി വർക്ക് ആണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. അതായത് ക്യാൻസർ പിടിച്ച ആളുകൾക്കും അസുഖം ഭേദമാകും. ക്യാൻസർ രോഗത്തിന്റെ ആദ്യത്തെ കടമ്പ ബയോപ്സി എന്ന് പറയുന്ന ചെക്കപ്പ് ആണ്. ഒരു അസുഖവുമായി ചെല്ലുമ്പോൾ ഡോക്ടർ അതിനെ സംശയാസ്പദമായിട്ട് കണ്ട്, അത് ക്യാൻസർ ആണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനാണ് ബയോപ്സി എന്ന് പറയുന്നത്.

13 വർഷം മുന്നേയൊക്കെ ബയോപ്സിയുടെ റിസൽട്ടിനായി ഏഴ് ദിവസം കാത്തിരിക്കണം. എന്നെ സംബന്ധിച്ച് ഏറ്റവും വലിയൊരു കടമ്പ ആ ഏഴ് ദിവസമായിരുന്നു. ഏഴ് ദിവസം കഴിഞ്ഞിട്ട് ഇത് ക്യാൻസർ ആണെങ്കിലോ. എന്റേത് വലിയ കുടുംബമാണ്. ഞാൻ കിടന്ന് കഴിഞ്ഞാൽ എന്താകും എന്ന ടെൻഷൻ എനിക്കുണ്ടായിരുന്നു. ഫിനാൻഷ്യൽ സെറ്റപ്പൊക്കേയുള്ള വ്യക്തിയല്ലാലോ ഞാൻ. ഡോക്ടർ ജിജോ പോൾ ആണ് ചികിത്സിച്ചത്. അദ്ദേഹം വലിയ ധൈര്യം തന്നു. എന്തായാലും മരിക്കും, വണ്ടി ഇടിച്ചും മരിക്കാം, കറന്റ് അടിച്ചും മരിക്കാം. അങ്ങനെ കുറെ സംഭവങ്ങൾ കോർത്തിണക്കി ഞാൻ തന്നെ എന്റെ മനസ്സിനെ തയ്യാറാക്കി. ഒരുപാട് ആളുകൾ ക്യാൻസർ വന്ന് ഭയങ്കരമായിട്ട് വേദനയും വിഷമങ്ങളും ഒക്കെ ആയിട്ട് മരിച്ചതായിട്ട് നമുക്കറിയാം. അധികം ആളുകളും പേടിച്ചിട്ട് ടെസ്റ്റ് ചെയ്യാൻ പോകില്ല. അതിലൂടെ രോഗം മൂന്നും നാലും ഘട്ടങ്ങളിലേക്ക് എത്തും. അങ്ങനെ എത്തിയാൽ പ്രശ്നമാണ്. എന്റേത് ഫസ്റ്റ് സ്റ്റേജ് കണ്ടപ്പോൾ തന്നെ തിരിച്ചറിഞ്ഞു.

നേരത്തെ പരിശോധന നടത്തിയതിനാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചു. ആ സമയത്ത് ചലചിത്ര അക്കാദമി ഭയങ്കരമായിട്ട് തന്നെ ഫിനാൻഷ്യലി സപ്പോർട്ട് ചെയ്തു. പിന്നെ എം രഞ്ജിത്താണ് ആശുപത്രിയിൽ കൂടെയുണ്ടായിരുന്നത്. അദ്ദേഹം ദിലീപിനറെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. എക്സിക്യൂട്ടീവ് യൂണിയൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എല്ലാവരും സഹായിച്ചു.

എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു. ആ സമയത്ത് മോൻ വിളിച്ച് പണം ബാക്കിയുണ്ടെന്ന് പറഞ്ഞപ്പോൾ അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു. പിന്നീട് അദ്ദേഹത്തിന് എന്നെ കാണണം എന്ന് അറിയച്ചതിനെ തുടർന്ന് ദിലീപ് തന്നെ അയച്ച വണ്ടിയിൽ സൗണ്ട് തോമ ലൊക്കേഷനിൽ പോയി അദ്ദേഹത്തെ കണ്ടെന്നും അഷ്റഫ് ഗുരുക്കൾ കൂട്ടിച്ചേർക്കുന്നു.

അതേസമയം, ദിലീപ് തന്റെ സിനിമാ തിരക്കുകളിലാണ്. തന്റെ 150-ാമത്തെ ചിത്രമായി പ്രിൻസ് ആന്റ് ഫാമിലി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. 2017ൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപിന് വലിയ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല. ജാക്ക് ആൻഡ് ഡാനിയേൽ, കേശു ഈ വീടിന്റെ നാഥൻ, മുതൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബാന്ദ്രയും തങ്കമണിയും അടക്കമുളള ചിത്രങ്ങൾ തിയറ്ററിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു.

അതിനിടെയാണ് വലിയ ഹൈപ്പൊന്നും കൂടാതെ പുറത്തിറങ്ങിയ പ്രിൻസ് ആൻഡ് ഫാമിലി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 3.72 കോടിയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ച കളക്ഷൻ. ആദ്യദിനം 1.01 കോടിയും രണ്ടാം ദിനം 1.32 കോടിയും മൂന്നാം ദിനം 1.72 കോടിയുമാണ് ചിത്രത്തിന് ലഭിച്ചത്.

അതേസമയം സിനിമയുടെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് ഇന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പത്രസമ്മേളനം നടത്തിയിരുന്നു. ദിലീപ്, ധ്യാൻ ശ്രീനിവാസൻ, സിദ്ധിഖ് , നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ നിരവധി പേരാണ് വിജയാഘോഷത്തിൽ പങ്കുചേർന്നത്. പരിപാടിക്കിടെ ദിലീപ് നടത്തിയ വൈകാരിക പ്രതികരണവും ശ്രദ്ധ നേടിയിരുന്നു.

തനിക്ക് പ്രേക്ഷകരോട് ഒരു അപേക്ഷയുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഞാൻ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയാണ് രാമലീല. ആ രാമലീല എഴുതിയ സച്ചി നമ്മളെ വിട്ടുപോയി. എനിക്ക് തോന്നിയിട്ടുണ്ട് ആ സച്ചി എനിക്ക് വേണ്ടിയാണോ ജനിച്ചതെന്ന്. കാരണം എനിക്ക് ഏറ്റവും അപകടമുള്ള സമയത്ത് എന്നെ ഇവിടെ പിടിച്ചുനിർത്തിയത് അരുൺഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രമാണ്.

ഏറ്റവും പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഇനി മലയാള സിനിമയിൽ ദിലീപ് ഇല്ലെന്ന് പറയുന്ന സമയത്ത് ലക്ഷക്കണക്കിന് ജനങ്ങൾ തിയേറ്ററിലേക്ക് ഓടിയെത്തി, ആ നടനെ അങ്ങനെ കളയാനുള്ളതല്ലെന്ന് പറഞ്ഞ് എന്നെ പിടിച്ചുനിർത്തിയ സിനിമയാണിത്. അതുപേലെയാണ് പ്രിൻസ് ആൻ‍ഡ് ഫാമിലിയും. പിന്നെ ഒരു അപേക്ഷയുണ്ട്. അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം.

വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ ഒന്ന് കൂടെ നിന്നൂടെ? എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും സഹായങ്ങളും പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു ദിലീപിന്റെ വാക്കുകൾ. അതേസമയം, ദിലീപിന് പുറമേ ധ്യാൻ ശ്രീനിവാസൻ, സിദ്ധീഖ്, മഹിമ നമ്പ്യാർ, ഉർവ്വശി, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

Vijayasree Vijayasree :