ലിജോയുടെ ഫഌറ്റിലിരുന്ന് തിരക്കഥയൊക്കെ ചര്‍ച്ച ചെയ്തിരുന്നു, പല കാരണങ്ങളാല്‍ അത് നടക്കാതെ പോയി; തുറന്ന് പറഞ്ഞ് അശോകന്‍

മലയാളികള്‍ക്ക് പ്രിയങ്കരനാണ് അശോകന്‍. ഇപ്പോഴിതാ തന്നെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതായി നടന്‍ അശോകന്‍. കോവിഡിന് മുമ്പാണ് സിനിമ പ്ലാന്‍ ചെയ്തത്. എന്നാല്‍ പല കാരണങ്ങളാല്‍ അത് നടക്കാതെ പോവുകയായിരുന്നു. പിന്നീടാണ് ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിലേക്ക് താന്‍ വരുന്നത് എന്നാണ് അശോകന്‍ പറയുന്നത്.

ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി നേരിട്ട് പരിചയമുള്ള സംവിധായകനാണ് ലിജോ. ലിജോയുടെ അച്ഛന്‍ ജോസ് പെല്ലിശേരി ചേട്ടനുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. തന്നെ പ്രധാന കഥാപാത്രമാക്കി ഒരു സിനിമ കോവിഡിന് മുമ്പ് ലിജോ പ്ലാന്‍ ചെയ്തിരുന്നു. ലിജോയുടെ ഫഌറ്റിലിരുന്ന് തിരക്കഥയൊക്കെ ചര്‍ച്ച ചെയ്തിരുന്നു.

പക്ഷേ പല കാരണങ്ങളാല്‍ ഇതുവരെ ആ സിനിമ ഇതുവരെ നടന്നില്ല എന്നാണ് അശോകന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. നന്‍പകലില്‍ അഭിനയിച്ചതിനെ കുറിച്ചും അശോകന്‍ പറയുന്നുണ്ട്. സാധാരണ സിനിമകളുടെ ഫോര്‍മുലയില്‍ നിന്നൊക്കെ മാറി സിനിമ ചെയ്യാന്‍ ധൈര്യം കാണിക്കുന്ന സംവിധായകനാണ് ലിജോ.

അങ്ങനെ ധൈര്യം കാണിച്ച പദ്മരാജന്‍, ഭരതന്‍, കെ.ജി. ജോര്‍ജ്, മോഹന്‍ തുടങ്ങി ചുരുക്കം ചില സംവിധായകരേ ഉള്ളൂ. അങ്ങനെ ഒരു ചങ്കൂറ്റത്തോടെ എടുത്ത സിനിമയാണ് നന്‍പകല്‍. സിനിമയുടെ സ്ഥിരം ഫോര്‍മുലകളായ പ്രണയം, അടിപിടി, പൊലീസ് കേസ് അങ്ങനെ പലതും ഇതില്‍ ഇല്ല. വളരെ വ്യത്യസ്തമായ ട്രീറ്റ്‌മെന്റ് ആണ് ഈ സിനിമയിലേത്.

അമരത്തിന് ശേഷം താനും മമ്മൂക്കയും ഒരുമിച്ചുള്ള ഗംഭീര പെര്‍ഫോമന്‍സ് എന്നാണ് നന്‍പകലിനെ കുറിച്ച് അഭിപ്രായം പറയാന്‍ വിളിച്ചവരൊക്കെ പറഞ്ഞത്. തുടക്കം മുതല്‍ ഒടുക്കം വരെ മമ്മൂക്കയോടൊപ്പം നില്‍ക്കുന്ന കഥാപാത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നാണ് അശോകന്‍ പറയുന്നത്.

Vijayasree Vijayasree :