കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവുമധികം മോഹന്‍ലാല്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയത് ആശിര്‍വാദ് സിനിമാസ് എന്ന ബാനറിലാണ്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണ കമ്പനിയുടെ സാരഥി. എന്നാല്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ആശിര്‍വാദിന്റെ ഏറ്റവുമധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത് ഏത് താരമാവുമെന്നുള്ള പലരുടെയും സംശയത്തിന് മറുപടി കിട്ടിയിരിക്കുകയാണ് ഇപ്പോള്‍.
ആ നടന്‍ വേറയാരുമല്ല, അത് നടന്‍ സിദ്ദിഖ് ആണ്. കഴിഞ്ഞ ദിവസം ഇരുവരും വീണ്ടും ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം നേരിന്റെ പ്രൊമോഷണല്‍ അഭിമുഖത്തിനിടെ സിദ്ദിഖ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
‘ആശിര്‍വാദിന്റെ സിനിമകളില്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ പിന്നെ ഞാനാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ സിനിമയേ മിസ് ആയി പോയിട്ടുണ്ടാവൂ. ആശിര്‍വാദിന്റെ അക്കൌണ്ട് ബുക്ക് നോക്കിയാല്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പൈസ മേടിച്ചിരിക്കുന്നത് ഞാനാവും’, എന്നും സിദ്ദിഖ് പറഞ്ഞു.
മോഹന്‍ലാലിനൊപ്പം താന്‍ ആകെ അഭിനയിച്ചിരിക്കുന്ന ചിത്രങ്ങളുടെ എണ്ണം 62 ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ക്രിസ്മസ് റിലീസ് ആയാണ് നേര് എത്തുന്നത്. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്റെ കുപ്പായമണിയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിന്റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ഡിസംബര്‍ 21 ന് ചിത്രം തിയറ്ററുകളില്‍ എത്തും.