മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളായി മാറാൻ സാധിച്ച ആര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു. ഇതിനിടെയാണ് ബിഗ് ബോസിലെത്തുന്നത്. സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ആര്യ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറാറുണ്ട്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആര്യ വിവാഹിതയാകാൻ പോകുന്നുവെന്നുള്ള വാർത്ത പുറം ലോകത്തെ അറിയിച്ചത്. ഡിജെയും ബിഗ് ബോസ് മലയാളം താരവുമായിരുന്ന സിബിൻ ബെഞ്ചമിനെയാണ് ആര്യ വിവാഹം കഴിക്കുന്നത്. വർഷങ്ങളായുള്ള പരിചയവും അടുപ്പവുമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. രണ്ടുപേരുടേയും രണ്ടാം വിവാഹമാണ്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു എൻഗേജ്മെന്റ് ചടങ്ങുകൾ നടന്നത്. ഫങ്ഷന്റെ ചിത്രങ്ങൾ ആര്യയും സിബിനും സോഷ്യൽമീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു.
അച്ഛന്റെ മരണശേഷം അമ്മയും സഹോദരിയും മകളും അടങ്ങുന്നതാണ് ആര്യയുടെ കുടുംബം. അച്ഛൻ അസുഖ ബാധിതനായപ്പോൾ മുതൽ കുടുംബകാര്യങ്ങളും അനിയത്തിയുടെ കാര്യങ്ങളും എല്ലാം ഒരു കുറവും കൂടാതെ നോക്കിയത് ആര്യയായിരുന്നു. രണ്ട് വർഷം മുമ്പ് ഏറ്റവും മനോഹരമായി ആഢംബര പൂർവം നല്ലൊരാളെ കണ്ടെത്തി അനിയത്തിയെ കൈപിടിച്ച് ഏൽപ്പിക്കുകയും ചെയ്തു ആര്യ.
ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നു ആര്യയുടെ ആദ്യ വിവാഹം. വൈകാതെ മകളും പിറന്നു. പിന്നീട് വിവാഹമോചിതയായി. അതിനുശേഷം രാപ്പകൽ ഇല്ലാതെ കുടുംബത്തിനും മകൾക്കും വേണ്ടിയായിരുന്നു ആര്യയുടെ ജീവിതം. വിവാഹമോചനത്തിനുശേഷം ഒരു പ്രണയം ആര്യയുടെ ജീവിതത്തിലുണ്ടായിരുന്നു. ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയപ്പോൾ താൻ പ്രണയത്തിലാണെന്ന് ആര്യ പറയുകയും ചെയ്തിരുന്നു.
എന്നാൽ താരം ഷോ കഴിഞ്ഞ് പുറത്ത് വന്നപ്പോഴേക്കും ആ പ്രണയം തകർന്നിരുന്നു. ആ ബന്ധത്തിൽ താൻ വഞ്ചിക്കപ്പെട്ടുവെന്ന് ആര്യ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. നടിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ആരാധകർക്കുണ്ടായിരുന്ന സംശയമായിരുന്നു ആര്യയ്ക്കും സിബിനും കുടുംബത്തിന്റെ പിന്തുണയില്ലേ എന്നത്. എന്നാൽ രണ്ട് കുടുംബങ്ങളുടേയും പിന്തുണ വിവാഹത്തിനുണ്ടെന്നതാണ് ആര്യ പങ്കിടുന്ന പുതിയ ഫോട്ടോകളിൽ നിന്നും മനസിലാകുന്നത്.
മാത്രമല്ല ആര്യയ്ക്കും സിബിനും ആശംസകൾ നേർന്ന് മനോഹരമായ ഒരു കുറിപ്പ് സഹോദരി അഞ്ജന പങ്കുവെക്കുകയും ചെയ്തു. ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ തന്റെ ചേച്ചിയും മകളും ഒറ്റയ്ക്കായിരിക്കില്ലല്ലോ എന്നത് തന്നെ വലിയ സന്തോഷം നൽകുന്നുവെന്നാണ് അഞ്ജന കുറിച്ചത്.ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന അവസാനത്തെ ആളായിരിക്കും ഞാൻ. പക്ഷെ എനിക്ക് ഇത് പ്രത്യേകമായതിനാൽ അല്ലെങ്കിൽ ഒരു പ്രധാന ഓർമ്മ ആയതുകൊണ്ട് ഞാൻ ഈ സമയം എടുത്തു. എന്തെങ്കിലും കാര്യത്തിൽ നിങ്ങൾ മാനിഫെസ്റ്റേഷൻ നടത്തിയാൽ അത് ഒടുവിൽ നിങ്ങൾക്ക് സംഭവിക്കും. അതുപോലെ ഞാൻ വർഷങ്ങളായി മാനിഫെസ്റ്റ് ചെയ്തിരുന്ന ഒരു ദിവസമാണ് ഇത്. അവളുടെ വിവാഹദിനം… ഒടുവിൽ അത് സംഭവിച്ചു. ഇത് ഒരു വിവാഹനിശ്ചയം മാത്രമാണെന്ന് എനിക്കറിയാം.
പക്ഷെ ഞങ്ങൾക്ക് ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേക ദിവസമായിരിക്കും. ഞങ്ങളെ കൂടാതെ ഈ ദിവസത്തിനായി ശരിക്കും കാത്തിരുന്ന മറ്റൊരാൾ ഉണ്ടായിരുന്നു…അച്ഛൻ. ഇപ്പോൾ അച്ഛൻ സമാധാനിക്കുന്നുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ചേച്ചി… എനിക്ക് നീ നമ്മുടെ അമ്മയോളം തന്നെ പ്രിയപ്പെട്ടവളാണ്. നീ ഹൃദയം തുറന്ന് പുഞ്ചിരിക്കുന്നത് കാണുമ്പോൾ എനിക്ക് ആത്മാർത്ഥമായി സന്തോഷമുണ്ട്.
ഒടുവിൽ നീയും ഖുഷിയും ഇനി ഒറ്റയ്ക്കല്ല എന്നറിയുമ്പോൾ…ഡാഡ പറയാറുള്ളത് പോലെ ഒടുവിൽ നീ ജീവിതത്തിൽ സെറ്റിലാവുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. നമ്മൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു കാര്യം അറിയുക എന്ത് സംഭവിച്ചാലും ഞാൻ എപ്പോഴും നിനക്ക് ശക്തിയായി പിന്നിലുണ്ടാകും എന്നാണ് അഞ്ജന കുറിച്ചത്.
ആര്യ അടക്കമുള്ളവർ സഹോദരിയുടെ കുറിപ്പിന് സ്നേഹം അറിയിച്ച് എത്തി. അതേസമയം ആര്യ-സിബിൻ പ്രായവ്യത്യാസവും ഇരുവരുടേയും വിവാഹരജിസ്ട്രേഷൻ അപേക്ഷയുടെ ഫോട്ടോ വൈറലായശേഷം ചർച്ചയാകുന്നുണ്ട്. ആര്യയ്ക്ക് സിബിനേക്കാൾ ഒരു വയസ് കൂടുതലാണ്. ആര്യയുടെ പ്രായം മുപ്പത്തിനാലാണ് എന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെ, തങ്ങളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ ആര്യയും സിബിനും പങ്കുവെച്ചിരുന്നു. ഐവറി തീമിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിൽ, ഒരേ നിറമുള്ള വസ്ത്രങ്ങളിൽ അണിഞ്ഞൊരുങ്ങിയെത്തിയ ആര്യയുടെയും സിബിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. നിറ പുഞ്ചിരിയുമായി ആദ്യാവസാനം കൂടെ നിന്ന ആര്യയുടെ മകൾ ഖുഷിയെയും ചിത്രങ്ങളിൽ കാണാം .ഞങ്ങളുടെ ഏറ്റവും സ്പെഷ്യൽ ദിവസം… എൻഗേജ്മെന്റ് ചടങ്ങ്… വെള്ള, ഐവറി, സ്വർണ വർണ്ണങ്ങളും, ഒരുപാട് സന്തോഷവും, സ്നേഹവും, ബന്ധങ്ങളും ഒത്തുചേർന്ന ദിവസം…എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും എന്നും ആര്യ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.
വിവാഹനിശ്ചയ ദിവസത്തിനായി ആര്യ ബഡായി തിരഞ്ഞെടുത്തത് തന്റെ സ്വന്തം ബ്രാൻഡ് ആയ ‘കാഞ്ചിവര’ത്തിന്റെ, ഐവറി നിറത്തിൽ പിങ്ക് ആൻഡ് ഗോൾഡ് മീനാകരി വർക്കും, അതെ നിറങ്ങളിൽ ഉള്ള ബോർഡറും ഉള്ള ബനാറസി പട്ടു സാരിയാണ്. നടി മൃദുല മുരളിയുടെ സംരംഭമായ പ്യുവർ അൽയുവർ ജൂവലറിയുടെ പേൾ ജിമിക്കികൾ ആര്യക്കായി സെലക്ട് ചെയ്തത് അടുത്ത സുഹൃത്തായ സനിധ സിദ്ധാർഥ് ആണ്. സിമ്പിൾ ആൻഡ് എലഗന്റ് ലുക്ക് തിരഞ്ഞെടുത്ത നടി, മുടി പുട്ടപ്പ് ചെയ്ത് മുല്ലപ്പൂ ചൂടിയാണ് ചടങ്ങിനെത്തിയത്. ആര്യയുടെ മേക്കപ്പ് ചെയ്തത് അടുത്ത സുഹൃത്ത് കൂടിയായ സിജൻ ജോസഫാണ്.
വരൻ സിബിൻ ബെഞ്ചമിൻ ആവട്ടെ, വെള്ളയും ഐവറിയും കലർന്ന മാന്യവർ കുർത്തയും പാന്റുമാണ് വിവാഹനിശ്ചയത്തിനായി തിരഞ്ഞെടുത്തത്. വെള്ള, ഐവറി, സ്വർണ്ണ നിറങ്ങൾ കലർന്ന പന്തലാണ് തിരുവനന്തപുരം കോവളം നിർവാണ ബുട്ടീക്ക് റിസോർട്ടിൽ നടന്ന ചടങ്ങിന് ഒരുക്കിയത്. ആര്യയുടെ മകൾ ഖുഷി, അമ്മയുടെ സാരീയുമായി സാമ്യമുള്ള ഐവറിയിൽ പിങ്ക് പൂക്കൾ തുന്നിയ കോ-ഓർഡ് സെറ്റിലാണ് ചടങ്ങിനെത്തിയത്. വധൂവരന്മാരും ഖുഷിയും മാത്രമല്ല, ചടങ്ങിനെത്തിയ അതിഥികളും അണിഞ്ഞിരുന്നത് ഐവറി, വെള്ള നിറങ്ങളിലുള്ള വസ്ത്രങ്ങളാണ്.
വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്ക് വെച്ച് ആര്യ ദീർഘമായ ഒരു കുറിപ്പാണ് പങ്കുവെച്ചിരുന്നത്. തന്റെ മകൾ സിബിനെ ഡാഡി എന്നാണ് വിളിക്കുന്നത് എന്നും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ആസൂത്രണമില്ലാത്ത കാര്യമാണ് ഇത് എന്നും ആര്യ കൂട്ടിച്ചേർത്തു. എന്തൊക്കെ വന്നാലും അവസാന ശ്വാസം വരെ കൂടെയുണ്ടാകും എന്ന് പറഞ്ഞ് കൊണ്ടാണ് ആര്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആര്യയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്…
ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്…
ഒരു ലളിതമായ ചോദ്യത്തിലൂടെയും എന്റെ ജീവിതത്തിൽ ഇതുവരെ എടുത്ത ഏറ്റവും വേഗതയേറിയ തീരുമാനത്തിലൂടെയും ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലേക്ക് എത്തി. എനിക്ക് സംഭവിച്ചതിൽ വച്ച് ഏറ്റവും മികച്ച ആസൂത്രണമില്ലാത്ത കാര്യമാണിത്.. ഇത്രയും കാലം ഞങ്ങൾ രണ്ടുപേരും പരസ്പരം ഒന്നിച്ച് ഉണ്ടായിരുന്നു, കഷ്ടപ്പാടുകളിലും ദുഃഖങ്ങളിലും… നല്ലതിലും മോശം അവസ്ഥയിലും. പക്ഷേ ജീവിതകാലം മുഴുവൻ ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ഏറ്റവും വലിയ പിന്തുണയായതിന്, എന്റെ എല്ലാ കുഴപ്പങ്ങളിലും ശാന്തത പാലിച്ചതിന്, ഞാൻ സമാധാനപരമായി ആശ്രയിക്കുന്ന തോളായതിന്.
ഞങ്ങളുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിന്. എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഏറ്റവും നല്ലവനായതിന്. ഞങ്ങളുടെ മുഴുവൻ കുടുംബത്തിനൊപ്പം പാറ പോലെ ഉറച്ച് നിന്നതിന്. ഒടുവിൽ എനിക്ക് പൂർണ്ണത തോന്നുന്നു. എന്റെ ഹൃദയവും മനസ്സും ഒടുവിൽ സമാധാനത്തിൽ ആയിരിക്കുന്നതിന്റെ സന്തോഷം കണ്ടെത്തി. നിങ്ങളുടെ കൈകളിൽ എന്റെ വീട് ഞാൻ കണ്ടെത്തി..
എന്റെ ‘ശരിയായ വ്യക്തിയെ ശരിയായ സമയത്ത്’ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടുമുട്ടിയിരിക്കുന്നു. ഇപ്പോൾ അവൾ ‘ഡാഡി’ എന്ന് വിളിക്കുന്നു. ഞാൻ നിങ്ങളെ എന്നേക്കും സ്‌നേഹിക്കുന്നു. എല്ലാ കുറവുകളും അപൂർണ്ണതകളും ഉണ്ടായിരുന്നിട്ടും എന്നെ നിങ്ങളുടേതാക്കിയതിന് നന്ദി. എന്തായാലും എന്റെ അവസാന ശ്വാസം വരെ ഞാൻ നിങ്ങളെ മുറുകെ പിടിക്കും അത് ഒരു വാഗ്ദാനമാണ് …
ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയായതിന്, ഞങ്ങൾക്കൊപ്പം നിന്ന ആളുകൾക്ക് നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഒരു പാറ പോലെ, ഒരു പരിചയായി, ഞങ്ങളുടെ ഏറ്റവും വലിയ ചിയർ ലീഡർമാരായി, ഞങ്ങളുടെ അഭ്യുദയകാംക്ഷികളായി, ഞങ്ങളുടെ കുടുംബമായി ഞങ്ങളോടൊപ്പം നിന്നു. ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ നിങ്ങളെ നിരുപാധികം സ്‌നേഹിക്കുന്നു. ജീവിതം ഞങ്ങൾക്ക് മറ്റൊരു അവസരം നൽകുന്നു, ഇത് ഞങ്ങൾ ഉപേക്ഷിക്കാൻ പോകുന്നില്ല. അതിനാൽ എന്റെ പ്രിയപ്പെട്ടവരെ നമുക്ക് ഇപ്പോൾ ഒരുക്കങ്ങൾ ആരംഭിക്കാം, കാരണം നമുക്ക് ഒരു കല്യാണം അടുത്തുതന്നെയുണ്ട്! എന്നായിരുന്നു കുറിപ്പ്.
സിബിനും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. ജീവിതത്തിൽ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് ഞാൻ. പലപ്പോഴും എന്നെ തന്നെ നഷ്‌ടപ്പെടുത്തുകയും തകർക്കുകയും ചെയ്‌തവ ആയിരുന്നു അവ. എന്നാൽ ആ ഓരോ കൊടുങ്കാറ്റിലും ഒരു സ്ഥിരത എനിക്ക് ഉണ്ടായിരുന്നു. ഒരു പരാതിയുമില്ലാതെ, വിധിയില്ലാതെ, ഉപാധികളില്ലാതെ എന്നോടൊപ്പം നിന്ന ഒരു വ്യക്തി. അത് അവളാണ്..എൻ്റെ ഉറ്റ സുഹൃത്ത്, ആര്യ..
എനിക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറം അവളെന്നെ മനസ്സിലാക്കി. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ തന്നെ. യഥാർത്ഥ ഞാൻ ആരാണെന്ന് അവൾ കണ്ടു. എല്ലാ കുറവുകളും അംഗീകരിച്ചു തന്നെ എന്നെ സ്നേഹിച്ചു. അവളോടൊപ്പമുള്ള നിമിഷങ്ങളിൽ എല്ലായ്പ്പോഴും ഒരു സുരക്ഷിതത്വം എനിക്ക് തോന്നി. ഒടുവിൽ അവളോടൊപ്പം എന്നും ജീവിക്കാനും സ്നേഹിക്കാനും ഞാൻ തീരുമാനമെടുത്തു. എന്നാണ് സിബിൻ കുറിച്ചത്.