പ്രവാസികളില്ലാതെ ഈ നാടില്ല! അവരെ തിരിച്ചുകൊണ്ടു വരേണ്ടത് നമ്മുടെ കടമ

ലോക്ക്ഡൗണില്‍ നാട്ടിലെത്താനാകാതെ അന്യരാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പ്രവാസികളെ തിരിച്ചുകൊണ്ടു വരേണ്ടത് നമ്മുടെ കടമയാണെന്ന് സംവിധായകന്‍ അരുണ്‍ ഗോപി.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞ് എത്തിയത്

താനുമൊരു പ്രവാസിയുടെ മകനാണെന്നും അതുകൊണ്ട് സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക്കെ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

സംവിധായകന്റെ കുറിപ്പ്

ഒമാന്‍ എന്ന രാജ്യത്തോട് എനിക്ക് വല്ലാത്ത സ്‌നേഹമാണ്… എന്റെ എല്ലാ കൂട്ടുകാര്‍ക്കും അത് അറിയുകയും ചെയ്യാം. ഒമാനിലേക്ക് പോകാന്‍ ചെറിയ ഒരു അവസരം കിട്ടിയാല്‍ പോലും ഞാന്‍ അത് പാഴാക്കില്ല ഞാന്‍ പോയിരിക്കും അതിനു പിന്നില്‍ വര്ഷങ്ങളുടെ ആത്മബന്ധമുണ്ട്, കാരണം എന്റെ അച്ഛന്‍ അറുപതാമത്തെ വയസ്സില്‍ മരിച്ചു… ആ ആറു പതിറ്റാണ്ടത്തെ ജീവിതത്തിനിടയില്‍ ഞങ്ങളോടൊപ്പം ഉള്ളതിനേക്കാള്‍ കൂടുതല്‍ സമയം ഓമനിലായിരുന്നു… അച്ഛന്റെ സുഹൃത്തായ പാകിസ്ഥാനി വാങ്ങി കൊടുത്തു വിടാറുള്ള പാര്‍ക്കര്‍ പേന ആയിരുന്നു എന്റെ ആദ്യത്തെ ലക്ഷ്വറി പോലും…

അച്ഛന്‍ ഒമാനില്‍ ഒഴുക്കിയ വിയര്‍പ്പു, ആ നാടിനോട് അച്ഛനുള്ള സ്‌നേഹം അതൊക്കെ കേട്ടു കേട്ടു എനിക്കും ആ നാട് എന്റേത് പോലെ പ്രിയപ്പെട്ടതായി. പറഞ്ഞു വന്നത് ഞാന്‍ ഒരു പ്രവാസിയുടെ മകനാണ് എന്റേതൊരു പ്രവാസിയുടെ കുടുംബമാണ് അച്ഛന്‍ പ്രവാസി ആയതു കൊണ്ട് മാത്രം സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക്കെ സാധിച്ച ഒരു മകനാണ്… അങ്ങനെ എന്നെപോലെ ഒരായിരം പേര്‍ക്ക് പറയാന്‍ ഒരു അന്യനാടും അവിടത്തെ ഓര്‍മ്മകളുമുണ്ടാകും… പ്രവാസികളില്ലാതെ ഈ നാടില്ല! അവര്‍ക്കൊപ്പമല്ലാതെ മറ്റാര്‍ക്കൊപ്പവും നില്‍ക്കാനുമാകില്ല…! നിങ്ങളെ കാത്തു ഞങ്ങള്‍ ഉണ്ട് ഈ നാട്ടില്‍… ഞങ്ങളുടെ പ്രാര്‍ഥനകളുണ്ട്.. അവരെ തിരിച്ചുകൊണ്ടു വരേണ്ടത് നമ്മുടെ കടമയാണ്…

വിദേശത്തുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു. വരുമാനമില്ലാതെ ജീവിതം അസാധ്യമായ നിലയിലാണ് നിരവധി പ്രവാസികള്‍. ഈ സാഹചര്യത്തില്‍ അവരുടെ കാര്യത്തില്‍ ഇടപെടല്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കേന്ദ്രത്തിന്റെ പിന്തുണ തേടിയതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

arun gopi

Noora T Noora T :