അരുള്‍ ശരവണന്റെ ‘ദ ലെജന്‍ഡ്’ ഒടിടിയിലേയ്ക്ക്…!; പ്രതീക്ഷയോടെ അണിയറപ്രവര്‍ത്തകര്‍

ശരവണ സ്‌റ്റോഴ്‌സ് ഉടമ അരുള്‍ ശരവണന്‍ നായകനായി എത്തിയ ചിത്രമാണ് ‘ദ ലെജന്‍ഡ്’. ജെഡി ആന്‍ഡ് ജെറിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ അരുള്‍ ശരവണന്‍ നായകനായ ചിത്രം ഒടിടിയിലേയ്ക്ക് എത്തിയിരിക്കുകയാണ്.

‘ദ ലെജന്‍ഡ്’ ഡിസിനി പ്ലസ് ഹോട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുക. അരുള്‍ ശരവണന്‍ തന്നെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് അറിയിച്ചത്. സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ചിത്രത്തില്‍ ശരവണന്‍ അവതരിപ്പിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു ‘ദ ലെജന്‍ഡ്’.

മുമ്പേ ശരവണന്‍ സ്വന്തം സ്ഥാപനത്തിന്റെ നിരവധി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വ്യക്തിയാണ്. അതിന് തുടര്‍ച്ചയായാണ് സ്വന്തമായി സിനിമ നിര്‍മ്മിച്ച് അതില്‍ നായകനായി അഭിനയിക്കാന്‍ അരുള്‍ ശരവണന്‍ തീരുമാനിച്ചത്. ഇനിയും സിനിമയില്‍ അഭിനയിക്കുമെന്ന് അരുള്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയരുന്നു.

പുതിയ പ്രൊജക്റ്റ് ഏതെന്ന് അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ലെജന്‍ഡ് ഒടിടിയിലേക്ക് എത്തുന്നതിനാല്‍ ചിത്രത്തിന് നിരവധി കാഴ്ചക്കാരെ ഇനിയും ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്തായാരിക്കും പ്രേക്ഷകരുടെ പ്രതികരണം എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അരുളിന്റെ ആരാധകര്‍.

ഉര്‍വ്വശി റൌട്ടേല, ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, വിജയകുമാര്‍, ലിവിങ്സ്റ്റണ്‍, സച്ചു എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തിലുണ്ട്. വിവേക് അഭിനയിച്ച അവസാന ചിത്രങ്ങളില്‍ ഒന്നാണ് ‘ലെജന്‍ഡ്’. ‘ദ ലെജന്റി’ന്റെ എഡിറ്റിംഗ് റൂബനാണ്. ഛായാഗ്രഹണം ആര്‍ വേല്‍രാജ് ആണ്. ഹാരിസ് ജയരാജ് സംഗീതം പകര്‍ന്നിരിക്കുന്നു.

Vijayasree Vijayasree :