ബിഗ് ബോസ് ഷോ പൂർത്തിയായി ഒരു വർഷം തികയാറാകുമ്പോഴും ഏറെ സജീവമായി നിൽക്കുന്ന റിയാലിറ്റി ഷോ താരമാണ് റോബിൻ രാധാകൃഷ്ണൻ . ഉദ്ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിൻ സ്ഥിര സാന്നിധ്യമാണ്. അടുത്തിടെ ആരതി പൊടിയുമായി റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
ബിഗ് ബോസ് മലയാളം സീസണ് 4 ലൂടെ ഒരുപാട് ആരാധകരേയും അത്ര തന്നെ വിമര്‍ശകരേയും നേടിയെടുത്തിട്ടുണ്ട് റോബിന് രാധാകൃഷ്ണന്. ഈയ്യടുത്ത് പങ്കെടുക്കാനെത്തുന്ന പരിപാടികളില്‍ അലറുന്നതിന്റെ പേരില്‍ റോബിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തുകയാണ് റോബിന്റെ പ്രതിശ്രുത വധുവായ ആരതി പൊടി.

യു ടു സീ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആരതി സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. അഭിമുഖത്തില്‍ റോബിനും ആരതിയ്ക്കൊപ്പമുണ്ടായിരുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
റോബിനില്‍ ഇഷ്ടമല്ലാത്ത കാര്യങ്ങളില്ല. ചേട്ടന് ഇമേജ് കോണ്‍ഷ്യസായിട്ടല്ല സംസാരിക്കുന്നത്. എന്താണോ മനസില്‍ തോന്നുന്നത് അതാണ് സംസാരിക്കാറുള്ളത്. അത് മാത്രം ഒന്ന് ശ്രദ്ധിക്കണമെന്ന് തോന്നിയിട്ടുണ്ടെന്നാണ് ആരതി പറയുന്നത്. ഇത്രയും ആളുകള്‍ ഫോളോ ചെയ്യുന്ന ആളാകുമ്പോള്‍ പൊതു ഇടത്ത് പോകുമ്പോള്‍ കുറച്ച് ശ്രദ്ധിക്കണം. എന്താണോ വായില്‍ വരുന്നത് അത് വിളിച്ച് പറയുകയും പിന്നീട് അത് നെഗറ്റീവ് ആവുകയും ചെയ്യും. എന്തെങ്കിലും കിട്ടാന്‍ നോക്കിയിരിക്കുന്നവര്‍ക്ക് നമ്മളായിട്ട് ഇട്ടു കൊടുക്കേണ്ടതില്ലല്ലോ എന്നാണ് ആരതി ചോദിക്കുന്നത്.

എന്റെ ഇഷ്ടങ്ങളും ചേട്ടന്റെ ഇഷ്ടങ്ങളും ചിലപ്പോള്‍ വേറെയായിരിക്കും. ഞങ്ങള്‍ക്ക് ഒരേപോലെ അഭിപ്രായമുള്ള കാര്യങ്ങള്‍ ഒരുപാടുണ്ട്. എനിക്ക് ചേട്ടന് പുറത്ത് പോയിട്ട് ഒച്ചയിടുന്നത് ഇഷ്ടക്കുറവ് ഉണ്ടായിരുന്നു. എനിക്ക് ഇഷ്ടമല്ല എന്ന് കരുതി ചേട്ടനത് ചെയ്യരുത് എന്ന് ഞാന്‍ പറയില്ല. ആള്‍ക്ക് തോന്നിയിട്ട് ചെയ്യാതെ ആവുകയാണെങ്കില്‍ ആവട്ടെ എന്നാണ് തന്റെ നിലപാടെന്നാണ് ആരതി പറയുന്നത്. പക്ഷെ എല്ലാവരും കൂടെ അലറുന്നത് നിര്‍ത്തിക്കാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ചേട്ടനോട് പറഞ്ഞത്, ചേട്ടാ ഇനി നിര്‍ത്തരുത് എല്ലായിടത്തും പോയിട്ട് ഒച്ചയിട്ടോളൂവെന്നാണ് എന്നും ആരതി പറയുന്നു.

ഡോക്ടര്‍ റോബിന് ഒച്ചയിടുന്നതാണോ കേരളത്തില്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം? എന്നാണ് ആരതി ചോദിക്കുന്നത്. ഇത്രയും കാര്യങ്ങള്‍ ഇവിടെ നടക്കുമ്പോള്‍ ഇത് ഇത്രയും ചര്‍ച്ചയാക്കേണ്ട കാര്യമുണ്ടോയെന്നും ആരതി ചോദിക്കുന്നു. ഒരാളുടെ വ്യക്തിപരമായ കാര്യത്തില്‍ കയറി ഉപദ്രവിക്കാതെ മുന്നോട്ട് പോവുകയാണെന്നും ആരതി ചൂണ്ടിക്കാണിക്കുന്നു. എല്ലാവര്ക്കും പോസിറ്റീവും കാണും നെഗറ്റീവും കാണും. അത് മറ്റുള്ളവരുടെ ജീവിതത്തെ നെഗറ്റീവായി ബാധിക്കുമ്പോള്‍ മാത്രമേ അത് ചര്‍ച്ച ചെയ്യേണ്ട വിഷമായി വരുന്നുള്ളൂവെന്നും ആരതി പറയുന്നു.
ആളെ ആളുടെ വഴിക്ക് വിടുക. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം ക്യാമറയുമായി ആളുടെ പിന്നാലെ നടക്കുകയാണ്. റോബിന് ചെയ്തത് കണ്ടാല്‍ ഞെട്ടിത്തരിക്കും കോരിത്തരിക്കും എന്നൊക്കെ മാസാക്കുന്നത് പുറകെ നടക്കുന്നവര്‍ തന്നെയാണ്. ആരെയാണ് വിശ്വസിക്കാന്‍ പറ്റുന്നത് ആരെയാണ് വിശ്വസിക്കാന്‍ പാടില്ലാത്തത് എന്നൊന്നും തിരിച്ചറിയാനുള്ള സ്പേസ് ഒന്നും കിട്ടിയിട്ടില്ലെന്നും ആരതി റോബിനെക്കുറിച്ച് പറയുന്നുണ്ട്. ആള് ഇറങ്ങിയത് മുതല്‍ മീഡിയ പിന്നാലെ നടക്കുകയാണെന്നും ആരതി ചൂണ്ടിക്കാണിക്കുന്നു.
ഇത്രത്തോളം ചർച്ചയാക്കപ്പെടാന്‍ മാത്രമുള്ള തെറ്റുകളൊന്നും റോബിന് ചെയ്തിട്ടില്ലെന്നും ആരതി പറയുന്നു. ഈയ്യടുത്തായിരുന്നു റോബിന്റേയും ആരതിയുടേയും വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തില്‍ വച്ച് റോബിന് അലറിയതും വിമർശിക്കപ്പെട്ടിരുന്നു. തങ്ങളുടെ വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നാണ് റോബിനും ആരതിയും അറിയിക്കുന്നത്.