ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ എല്ലാം സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണെന്ന് കരുതി, പുരസ്‌കാരങ്ങള്‍ ഒന്നും അലമാരകളില്‍ സൂക്ഷിക്കാന്‍ അമ്മ സമ്മതിക്കില്ല; എആര്‍ റഹ്മാന്‍

നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. എആര്‍ റഹ്മാന്‍ തന്റെ പുരസ്‌കാരങ്ങള്‍ ഒന്നുംതന്നെ അലമാരകളില്‍ സൂക്ഷിക്കാറില്ല. തന്റെ അമ്മ അതിന് അനുവദിച്ചിരുന്നില്ല എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നത്.

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ എല്ലാം സ്വര്‍ണം കൊണ്ടുണ്ടാക്കിയതെന്നു കരുതി അവ തുണിയില്‍ പൊതിഞ്ഞാണ് ‘അമ്മ ദുബായിലെ വസതിയില്‍ സൂക്ഷിച്ചിരുന്നതെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ മരണ ശേഷമാണ് അവ പുറത്തെടുത്ത് ദുബായ് ഫിര്‍ദൗസ് സ്റ്റുഡിയോയില്‍ കൊണ്ട് വെച്ചതെന്നും റഹ്മാന്‍ പറഞ്ഞു.

2020 ലാണ് റഹ്മാന്റെ അമ്മ കരീന ബീഗത്തിന്റെ വിയോഗം. തന്റെ ആദ്യ സ്റ്റുഡിയോയുടെ നിര്‍മാണത്തിന് പ്രതിസന്ധി നേരിട്ടപ്പോള്‍ അമ്മ ആഭരങ്ങള്‍ നല്‍കിയെന്നും അവ പണയംവെച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും റഹ്മാന്‍ പറഞ്ഞു. അമ്മയോട് തീരാ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡാനി ബോയ്‌ലിന്റെ 2008ലെ ചിത്രമായ സ്ലംഡോഗ് മില്യണയര്‍, സുഖ്‌വീന്ദര്‍ സിംഗ് പാടിയ ജയ് ഹോ എന്ന ട്രാക്കിന് രണ്ട് ഓസ്‌കര്‍, രണ്ട് ഗ്രാമി, ഒരു ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് എന്നിവ റഹ്മാന് ലഭിച്ചിരുന്നു. റഹ്മാന് ആറ് ദേശീയ അവാര്‍ഡുകളും 32ലധികം ഫിലിംഫെയര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

സ്വന്തം നാടായ ചെന്നൈയിലെ പ്രത്യേക മുറിയിലാണ് ഇന്ത്യന്‍ അവാര്‍ഡുകള്‍ സൂക്ഷിക്കുന്നതെന്ന് അദ്ദേഹം അതേ അഭിമുഖത്തില്‍ പറഞ്ഞു. മലയാളത്തില്‍ അടുത്തിടെ റിലീസ് ചെയ്ത ബ്ലെസി ചിത്രമായ ആടുജീവിതത്തിലാണ് റഹ്മാന്‍ ഒടുവിലായി സംഗീതം നല്‍കിയത്.

Vijayasree Vijayasree :