ചെന്നൈയിലെ എആര്‍ റഹ്മാന്‍ ഷോ; സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രശസ്ത സംഗീതസംവിധായകന്‍ എആര്‍ റഹ്മാന്റെ സംഗീതക്കച്ചേരി വന്‍ വിവാദത്തിലേയ്ക്ക് വഴിതെളിച്ചത്. പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് പരിപാടിയ്‌ക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ ഷോ നടത്തിയ സ്വകാര്യ കമ്പനിക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്.

കാനത്തൂര്‍ ഈസ്റ്റ് കോസ്റ്റ് റോഡിലെ ആദിത്യ റാം പാലസ് എന്ന സ്വകാര്യ വേദിയില്‍ ഈ മാസം 10ന് പ്രശസ്ത സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്റെ സംഗീത കച്ചേരി നടന്നിരുന്നു. എ.സി.ടി.സി.യാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയില്‍ പ്രവേശനത്തിന് 20,000 പേര്‍ക്ക് മാത്രം പോലീസ് അനുമതി നല്‍കിയിട്ടും 45,000ത്തിലധികം സന്ദര്‍ശകര്‍ എത്തിച്ചെര്‍ന്നു.

ഇതുമൂലം ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നു. തമിഴ് നാട് മുഖ്യമന്ത്രിയും ഗതാഗതക്കുരുക്കില്‍ കുടുങ്ങി. അനുവദനീയമായതിലും അധികം കാണികള്‍ക്ക് ടിക്കറ്റ് വിറ്റതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഈ സാഹചര്യത്തില്‍ കച്ചേരി സംഘടിപ്പിച്ച സ്വകാര്യ കമ്പനിക്കെതിരെ കാനത്തൂര്‍ പൊലീസ് കേസെടുത്തു. സന്ദര്‍ശകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതും പോലീസ് വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും ഐപിസി188 406 വകുപ്പുകള്‍ പ്രകാരമാണ് കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഉയര്‍ന്ന നിരക്കിലെ ടിക്കറ്റുമായി പോലും കച്ചേരി വേദിയില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ നിരവധി ഉപയോക്താക്കള്‍ സംഘാടകരെ വിളിക്കുകയും പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.നിരവധി സ്ത്രീകള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിപ്പെട്ടിരുന്നു,

എസിടിസി കമ്പനി എംഡി ഹേമനാഥ് രാജയെയും മറ്റ് രണ്ട് പേരെയും പോലീസ് അന്വേഷണത്തിനായി വിളിച്ചു വരുത്തിയിരുന്നു. ‘മരക്കുമാ നെഞ്ചം’ എന്ന പേരില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംഗീതക്കച്ചേരി ആയിരുന്നു പദ്ധതിയിട്ടിരുന്നത്.

Vijayasree Vijayasree :