ചെന്നൈയിലെ സംഗീത നിശയിലെ പ്രശ്‌നങ്ങള്‍; പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ പ്രതികരണവുമായി എആര്‍ റഹ്മാന്‍

കഴിഞ്ഞ ദിവസമായിരുന്നു സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്റെ മ്യൂസിക്ക് ഷോ പരാജയമായതായും വിവാദങ്ങള്‍ക്ക് വഴിവെച്ചതായുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ചെന്നൈയില്‍ നടന്ന സംഗീതനിശക്കെതിരെ പരാതിപ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സംഘാടനത്തില്‍ വന്‍ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് പരാതി ഉയരുന്നത്.

ഒരുക്കിയിരുന്ന സീറ്റുകളെക്കാള്‍ കൂടുതല്‍ ടിക്കറ്റ് സംഘാടകര്‍ വിറ്റുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എആര്‍ റഹ്മാന്‍.

പ്രിയപ്പെട്ട ചെന്നൈക്കാരെ, ഷോയ്ക്ക് ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ ഷോ ചില പ്രതികൂല സാഹചര്യങ്ങളാല്‍ ആസ്വദിക്കാന്‍ പറ്റാത്തവര്‍ ടിക്കറ്റ് കോപ്പി ഞങ്ങളുമായി ഷെയര്‍ ചെയ്യണമെന്നാണ് റഹ്മാന്‍ പറയുന്നത്. ഇതിനായി ഒരു ഇമെയില്‍ ഐഡിയും റഹ്മാന്‍ തന്റെ എക്‌സ് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

അതേസമയം എആര്‍ റഹ്മാന്റെ മരക്കുമ നെഞ്ചം എന്ന സംഗീത പരിപാടി മനോഹരമായി നടന്നുവെന്ന് കാണിക്കുന്ന രണ്ട് എക്‌സ് പോസ്റ്റുകളും റഹ്മാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ പോസ്റ്റുകളില്‍ ഒന്നില്‍ അജയ് ഭാസ്‌കര്‍ എന്ന എക്‌സ് ഉപയോക്താവ് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

‘ചില നിര്‍ഭാഗ്യകരമായ സംഭവങ്ങളാല്‍ മനോഹരമായ സംഗീത നിശയെ മോശമാക്കുന്നതില്‍ സങ്കടമുണ്ട്. എല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങിയെത്തിയെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ 10 പേരടങ്ങുന്ന സംഘവുമായി വളരെ നേരത്തെ തന്നെ വേദിക്ക് അടുത്ത് എത്തി. പുറത്തിറങ്ങാന്‍ വൈകിയതല്ലാതെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല’ എന്ന് ഈ എക്‌സ് പോസ്റ്റ് പറയുന്നു.

പരിപാടിക്ക് ശേഷം എആര്‍ റഹ്മാനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകരോഷം ഇരമ്പുകയാണ്. പരിപാടിയുടെ ടിക്കറ്റ് കീറിയെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയവരും ഉണ്ട്. അതേസമയം ഷോ ഇത്രയും മോശമായി നടത്തിയതിന് റഹ്മാനും സംഘാടകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇതിനിടയില്‍ ചെന്നൈയിലെ എആര്‍ റഹ്മാന്‍ ഷോ വമ്പന്‍ വിജയമെന്ന് സംഘാടകരായ എസിടിസി ഇവന്റ് അറിയിച്ചു. എന്നാല്‍ തിരക്ക് കാരണം സീറ്റ് കിട്ടാത്തവരോട് മാപ്പു ചോദിക്കുന്നു. ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും ഇവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

Vijayasree Vijayasree :